ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് സിദ്ധാര്‍ഥിന്റെ കൈതാങ്ങ്

Posted on: June 4, 2013 8:00 pm | Last updated: June 4, 2013 at 9:02 pm
SHARE

ദുബൈ:ഓട്ടിസം ബാധിച്ച നിര്‍ധന കുട്ടികളെ സഹായിക്കാന്‍ വാണിജ്യ പ്രമുഖരും മറ്റു സമ്പന്നരും മുന്നോട്ടുവരണമെന്ന് ദുബൈ ഓട്ടിസം സെന്റര്‍ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ ഇമാദി പറഞ്ഞു. മലയാളിയും ബുംഗ ഗ്രൂപ്പ് എം ഡിയുമായ സിദ്ധാര്‍ഥ് ബാലചന്ദ്രനില്‍ നിന്ന് ദുബൈ ഓട്ടിസം സെന്ററിലേക്ക് 18 ലക്ഷം ദിര്‍ഹം സഹായം സ്വീകരിച്ച് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികളില്‍ ഓട്ടിസം (സ്വഭാവ വൈകല്യം) വര്‍ധിച്ചുവരികയാണ്. ഇവര്‍ക്ക് പ്രത്യേക പരിചരണം അനിവാര്യം. ഇവരുടെ പഠനത്തിന് പ്രത്യേക വിദ്യാലയങ്ങളും പഠന സാമഗ്രികളും ആവശ്യമായി വരുന്നു. ഏറെ ചെലവുള്ളതാണ് ഇവരുടെ വിദ്യാഭ്യാസം.
ഓട്ടിസം സെന്ററില്‍ അപേക്ഷ നല്‍കിയാല്‍, സാമ്പത്തികം ഉള്‍പ്പെടെ സഹായം ലഭ്യമാക്കാന്‍ മനുഷ്യസ്‌നേഹികളോടും വാണിജ്യ സ്ഥാപനങ്ങളോടും അഭ്യര്‍ഥിക്കാറുണ്ട്. ദുബൈ ഓട്ടിസം സെന്ററില്‍ വിദേശികളായ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം നല്‍കും. പക്ഷേ, സ്വദേശികള്‍ക്കാണ് പ്രഥമ പരിഗണന-മുഹമ്മദ് അല്‍ ഇമാദി പറഞ്ഞു.
ഓട്ടിസം ബാധിച്ച കുട്ടികളെ മുഖ്യധാരയില്‍ എത്തിക്കണമെന്ന ലക്ഷ്യം മാത്രമെ തന്റെ സാമ്പത്തിക സഹായത്തിനുള്ളൂവെന്ന് സിദ്ധാര്‍ഥ് ബാലചന്ദ്രന്‍ പറഞ്ഞു. യാതൊരു വ്യവസ്ഥയുമില്ലാതെയാണ് സാമ്പത്തിക സഹായം നല്‍കുന്നത്. ഓരോ വര്‍ഷം ആറു ലക്ഷം വീതം സെന്ററിന് നല്‍കും. സെന്ററിന്റെ ദൈനംദിന ചെലവുകള്‍ക്ക് തുക ഉപയോഗപ്പെടും-സിദ്ധാര്‍ഥ് പറഞ്ഞു.
സിദ്ധാര്‍ഥിനുള്ള ഉപഹാരം മുഹമ്മദ് അല്‍ ഇമാദി കൈമാറി. സെന്റര്‍ ബിസിനസ് സപ്പോര്‍ട്ട് മേധാവി ഹായുല മുറാദ് സംബന്ധിച്ചു.