66ാം വയസ്സില്‍ അയാള്‍ തിരിച്ചറിഞ്ഞു; താനൊരു സ്ത്രീയാണെന്ന്!

Posted on: June 4, 2013 8:21 pm | Last updated: June 4, 2013 at 8:51 pm
SHARE

male and femaleഹോംങ്കോങ്: 66ാം വയസ്സില്‍ ഡോക്ടറെ കാണാന്‍ ചെന്ന ഹേംങ്കോങ്ങുകാരന്‍ ആ വാര്‍ത്ത കേട്ട് ഞെട്ടി – താനൊരു സ്ത്രീയാണെന്ന്. വയര്‍ നീരുകെട്ടി വീര്‍ത്തതിനെ തുടര്‍ന്നാണ് അദ്ദേഹം ഡോക്ടറെ കാണാനെത്തിയത്. ഡോക്ടര്‍ വിശദമായി പരിശോധിച്ചപ്പോള്‍ ഇയാള്‍ക്ക് അണ്ഡാശയം ഉള്ളതായും അണ്ഡാശയത്തിലെ രസാശയത്തില്‍ നിന്നാണ് നീര് വരുന്നതെന്നും കണ്ടെത്തുകയായിരുന്നു. ഹോംങ്കോങ് മെഡിക്കല്‍ ജേണലിലാണ് ഇതുസംബന്ധിച്ച പഠന റിപ്പോര്‍ട്ട് പ്രസിദ്ദീകരിച്ചത്.

അത്യപൂര്‍വമായ ജനിതക തകരാറാണ് സ്ത്രീയായിരുന്നിട്ടും പുരുഷനായി ജീവിക്കാന്‍ ഇയാളെ പ്രാപ്തനാക്കിയത്. വൈദ്യശാസ്ത്രത്തില്‍ ടര്‍ണര്‍ സിന്‍ഡ്രോം (Turner syndrome) എന്നാണ് ഈ അവസ്ഥക്ക് പറയുന്നത്. സ്ത്രീകളിലും പുരുഷന്മാരിലും ഈ അവസ്ഥ സംജാതമാകാം. ഇതുള്ള ആളുകള്‍ ഉയരം കുറഞ്ഞവരും പ്രത്യുത്പാദന ശേഷി ഇല്ലാത്തവരുമായിരിക്കും. മുവയിരത്തില്‍ ഒരാള്‍ക്ക് മാത്രമാണ് ഇത് സംഭവിക്കുന്നത്.

പുരുഷന് രണ്ട് തരം ക്രോമസോമുകളാണ് ഉള്ളത്. എക്‌സും വൈയും. സ്ത്രീക്കാണെങ്കില്‍ രണ്ട് എക്‌സ് ക്രോമസോമുകളുണ്ടാകും. എന്നാല്‍ ടര്‍ണര്‍ സിന്‍ഡ്രോം ഉള്ളവര്‍ക്ക് ഒരു എക്‌സ് ക്രോമസോം മാത്രമാണ് ഉണ്ടാകുക. ചിലപ്പോള്‍ രണ്ടാമത്തെ എക്‌സ് ക്രോമസോമിന്റെ ഒരു ഭാഗം നഷ്ടപ്പെട്ട നിലയിലുമായിരിക്കും.

ഹോംങ്കോങ്ങുകാരന് ടര്‍ണര്‍ സിന്‍ഡ്രോമിന് പുറമെ ജന്മസിദ്ധമായ ഹോര്‍മോണ്‍ പ്രശ്‌നവും ഉണ്ടായിരുന്നു. പുരുഷ ഹോര്‍മോണിന്റെ അളവ് കൂടിയതിനെ തുടര്‍ന്ന് ഇയാള്‍ക്ക് താടിരോമങ്ങളും മുളച്ചിരുന്നു. അനാഥനായി വളര്‍ന്ന ഇയാള്‍ക്ക് ചെറുപ്പം മുതല്‍ തന്നെ മൂത്രവാര്‍ച്ച അനുഭവപ്പെട്ടിരുന്നു. ജനനേന്ദ്രിയത്തിന്റെ വളര്‍ച്ചയും മുരടിച്ചു. വൈദ്യശാസ്ത്ര ചരിത്രത്തില്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആറാമത്തെ കേസാണിതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഏതായാലും ശസ്ത്രക്രിയ നടത്തി, ഇനിയുള്ള ജീവതവും പുരുഷനായി തന്നെ ജീവിച്ചു തീര്‍ക്കാനാണ് ഹോങ്കോങുകാരന്‍ തീരുമാനിച്ചിരിക്കുന്നത്.