Connect with us

Malappuram

പരപ്പനങ്ങാടിയിലെ റെയില്‍വേ മേല്‍പ്പാലം ഉദ്ഘാടനത്തിനൊരുങ്ങി

Published

|

Last Updated

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ റെയില്‍വേ മേല്‍പാലം ഉദ്ഘാടനത്തിനൊരുങ്ങി. പതിമൂന്നര കോടി രൂപ ചെലവില്‍ 24 സ്പാനുകളിലായി 432 മീറ്റര്‍ നീളത്തില്‍ നിര്‍മിച്ച പാലം ഈ മാസം എട്ടിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാടിന് സമര്‍പ്പിക്കും. ഉദ്ഘാടനം നാടിന്റെ ഉത്സവമാക്കി മാറ്റാനുള്ള ഒരുക്കങ്ങളാണ് സ്വാഗതസംഘം ആസൂത്രണം ചെയ്തുവരുന്നത്. 
ഘോഷയാത്രയില്‍ നിശ്ചല ദൃശ്യങ്ങളും വിവിധങ്ങളായ യുവജന-വിദ്യാര്‍ഥി സംഘങ്ങള്‍, സ്‌കൗട്ട്, ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ്, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് സംഘങ്ങളും അണിനിരക്കും. നാടന്‍ കലാരൂപങ്ങളും ബാന്റ് സംഘങ്ങളും കൊഴുപ്പേകും. കാര്യമായി കുടുംബങ്ങളെ ഒഴിപ്പിക്കാതെ വ്യാപാര സ്ഥാപനങ്ങളും കെട്ടിടങ്ങളും വ്യാപകമായി പൊളിച്ചുമാറ്റാതെ യുദ്ധകാലാടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുത്തത്. 40 അടിയാണ് മേല്‍പാലത്തിന്റെ ഉയരം. പാലത്തിന്റെ ഇരുഭാഗങ്ങളിലുമുള്ള അപ്രോച്ച് റോഡുകള്‍ക്ക് 160 മീറ്റര്‍ ദൂരമാണുള്ളത്. കല്‍ക്കത്തയിലെ ജി പി ഡി ഇന്‍ഫ്രാ പ്രൊജക്ട് ലിമിറ്റഡ് കമ്പനിയാണ് പാലം നിര്‍മാണം പൂര്‍ത്തീകരിച്ചത്.
പാലം രൂപകല്‍പ്പനയിലെ വൈകല്യം കാരണം പാലം വന്നിറങ്ങുന്ന കടലുണ്ടി-പരപ്പനങ്ങാടി റോഡിലെ അപാകത റോഡ് ഉയര്‍ത്തി റോഡില്‍ കട്ട പതിച്ചാണ് പരിഹരിച്ചത്. ഉപമുഖ്യമന്ത്രിയായിരുന്ന കെ അവുക്കാദര്‍കുട്ടിനഹയുടെ പേരാണ് റെയില്‍വേ മേല്‍പാലത്തിന് നല്‍കിയിട്ടുള്ളത്.