കൊച്ചി മെട്രോ: നിര്‍മാണോദ്ഘാടനം ഏഴിന്

Posted on: June 4, 2013 6:00 am | Last updated: June 3, 2013 at 11:57 pm
SHARE

kochi metroകൊച്ചി: കൊച്ചി മെട്രോയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഏഴിന് തുടക്കമാകും. കലൂര്‍ രാജ്യാന്തര സ്റ്റേഡിയം പരിസരത്ത് രാവിലെ 10.30ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കേന്ദ്ര ഭക്ഷ്യമന്ത്രി കെ വി തോമസ്് അധ്യക്ഷത വഹിക്കും. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിനു സമീപം പൈലിംഗ് പണിയോടെയാണ് നിര്‍മാണത്തിന് തുടക്കം. ഈ ദൃശ്യങ്ങള്‍ തത്സമയം ഉദ്ഘാടന വേദിയില്‍ കാണാനാകും.

നാലായിരത്തോളം പേരെ പങ്കെടുപ്പിക്കുന്ന തരത്തിലാണ് ഉദ്ഘാടന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. രാഷ്ട്രീയ കക്ഷികള്‍, വ്യാപാരി സമൂഹം, സാംസ്‌കാരിക സംഘടനകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, പ്രമുഖ സിനിമാ താരങ്ങള്‍ പങ്കെടുക്കും. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടിക്കൊപ്പം കലാപരിപാടികളും സംഘടിപ്പിക്കും.
രാവിലെ 10.30ന് തുടങ്ങുന്ന യോഗത്തില്‍ ‘കൊച്ചി മെട്രോ റെയില്‍ പദ്ധതിയിലെ കേന്ദ്ര സര്‍ക്കാര്‍ വീക്ഷണം’ കേന്ദ്ര നഗര വികസനവകുപ്പ് സെക്രട്ടറി സുധീര്‍ കൃഷ്ണ അവതരിപ്പിക്കും. കെ എം ആര്‍ എല്‍ മാനേജിംഗ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് പദ്ധതി അവലോകനം നടത്തും. ചടങ്ങില്‍ ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് പ്രസംഗിക്കും. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, കെ എം മാണി, കെ ബാബു, വി കെ ഇബ്രാഹിംകുഞ്ഞ്, അനൂപ് ജേക്കബ്, മേയര്‍ ടോണി ചമ്മണി, ഡി എം ആര്‍ സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍, എം പി മാരായ കെ പി ധനപാലന്‍, പി സി ചാക്കോ, പി രാജീവ്, ചാള്‍സ് ഡയസ്, എം എല്‍ എമാരായ ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പള്ളി, കളമശേരി നഗരസഭാധ്യക്ഷന്‍ ജമാല്‍ മണക്കാടന്‍, ആലുവ നഗരസഭാധ്യക്ഷന്‍ എം ടി ജേക്കബ്, ജി സി ഡി എ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍ എന്നിവര്‍ ആശംസയര്‍പ്പിക്കും. ബെന്നി ബഹനാന്‍ എം എല്‍ എ സ്വാഗതവും ജില്ലാ കലക്ടര്‍ പി ഐ ഷെയ്ഖ് പരീത് നന്ദിയും പറയും.