Connect with us

Ongoing News

നിലപാടുകള്‍ കര്‍ക്കശമാക്കി ഗ്രൂപ്പുകള്‍; ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം വൈകും

Published

|

Last Updated

തിരുവനന്തപുരം:കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശത്തില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ നിലപാടുകള്‍ കര്‍ക്കശമാക്കി കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ വീണ്ടും രംഗത്ത്. സംസ്ഥാന മന്ത്രിസഭ പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡുമായി നടത്തിയ ചര്‍ച്ചയില്‍ ചെന്നിത്തലക്ക് ഉപമുഖ്യമന്ത്രിപദം ഉണ്ടാകില്ലെന്ന സൂചന പുറത്തുവന്ന സാഹചര്യത്തിലാണ് സംസ്ഥാന കോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ്പുപോരിന് കളമൊരുങ്ങുന്നത്. ഇതോടെ രമേശ്‌ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം ഇനിയും വൈകുമെന്ന് ഉറപ്പായി. 

ഉപമുഖ്യമന്ത്രി പദവിയില്ലെങ്കില്‍ ആഭ്യന്തര വകുപ്പില്ലാതെ ചെന്നിത്തല മന്ത്രിസഭയിലേക്ക് പോകേണ്ടതില്ലെന്നാണ് ഐ ഗ്രൂപ്പിലെ പ്രബല വിഭാഗത്തിന്റെ പക്ഷം. മാന്യമായ സ്ഥാനവും പരിഗണനയും ലഭിച്ചാല്‍ മാത്രം മന്ത്രിസഭയിലേക്ക് പോയാല്‍ മതിയെന്നാണ് ഇവരുടെ നിലപാട്. ഇക്കാര്യം അദ്ദേഹം ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്. നിയമസഭാ സമ്മേളനം തുടങ്ങുന്നതിനു മുമ്പ് മുഖ്യമന്ത്രി രണ്ടിലൊരു തീരുമാനം അറിയിക്കണമെന്നാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം. തീരുമാനം അനുകൂലമല്ലെങ്കില്‍ രമേശ് ചെന്നിത്തല നിലപാട് പരസ്യമാക്കുമെന്നും ഐ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഐ ഗ്രൂപ്പിന്റെ ഭീഷണി സമ്മര്‍ദതന്ത്രം മാത്രമാണെന്നും ഇതിന് കീഴടങ്ങേണ്ടതില്ലെന്നുമാണ് എ ഗ്രൂപ്പ് നേതാക്കളുടെ പക്ഷം. ആഭ്യന്തര വകുപ്പ് വിട്ടുകൊടുത്തുകൊണ്ടുള്ള ഒരു സമവായത്തിനും വഴങ്ങേണ്ടതില്ലെന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്. എന്നാല്‍ ആഭ്യന്തര മന്ത്രിസ്ഥാനം ഒഴിയുന്നതിനോട് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം വീണ്ടും വൈകിപ്പിക്കും. റവന്യു വകുപ്പും ഐ ഗ്രൂപ്പിന്റെ കൈവശമുള്ള മറ്റേതെങ്കിലും വകുപ്പുകളും ഏറ്റെടുത്ത് പ്രശ്‌നം പരിഹരിക്കാന്‍ ചെന്നിത്തല തയ്യാറാതണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. എന്നാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായി തുടരുമ്പോള്‍ മറ്റു വകുപ്പുകള്‍ സ്വീകരിച്ച് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുന്നതില്‍ അര്‍ഥമില്ലെന്നാണ് ഐ ഗ്രൂപ്പിന്റെ വാദം.
രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ വരുന്നതിനോടു മുതിര്‍ന്ന നേതാക്കള്‍ അനുകൂല നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ഉപമുഖ്യമന്ത്രി പദത്തെ സംബന്ധിച്ച് നിലപാട് വ്യക്തമാക്കാന്‍ നേതാക്കള്‍ തയ്യാറായില്ല. ചെന്നിത്തല മന്ത്രിസഭയില്‍ വരുന്നത് നല്ല തീരുമാനമെന്നാണ് കന്ദ്രമന്ത്രി വയലാര്‍ രവിയും രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യനും പ്രതികരിച്ചത്. മന്ത്രിസഭയില്‍ രണ്ടാം സ്ഥാനക്കാരാണെങ്കിലും ഉപമുഖ്യസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ഹൈക്കമാന്‍ഡ് തീരുമാനം പുറത്തുവന്നത്. ഇതിനിടെ, ചെന്നിത്തല മന്ത്രിസഭയിലേക്ക് പോകുകയാണെങ്കില്‍ ഒഴിവുവരുന്ന കെ പി സി സി പ്രസിഡന്റ് സ്ഥാനത്തെ സംബന്ധിച്ച് ഐ ഗ്രൂപ്പില്‍ ഭിന്നതയുണ്ട്. സാമുദായിക പരിഗണന നല്‍കി കെ പി സി സി അധ്യക്ഷന്റെ ഒഴിവുനികത്തണമെന്നാണ് ഐ ഗ്രൂപ്പിലെ ഒരു വിഭാഗത്തിന്റെ ആവശ്യം.

 

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest