Connect with us

Kerala

മഴ കനത്തു:ലോഡ്‌ഷെഡ്ഡിംഗ് പിന്‍വലിക്കാന്‍ നടപടികള്‍ തുടങ്ങി

Published

|

Last Updated

lightതിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നിലവിലുള്ള ഒന്നര മണിക്കൂര്‍ ലോഡ്‌ഷെഡ്ഡിംഗ് പിന്‍വലിക്കുന്നത് സംബന്ധിച്ച് വൈദ്യുതി ബോര്‍ഡ് ഉടന്‍ തീരുമാനമെടുത്തേക്കും. ഇന്ന് ചേരുന്ന റെഗുലേറ്ററി കമ്മീഷന്‍ യോഗം ലോഡ്‌ഷെഡ്ഡിംഗ് പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. നിലവിലെ മഴ തുടര്‍ന്നാല്‍ ഈ മാസം പത്തിനകം ലോഡ്‌ഷെഡ്ഡിംഗ് പിന്‍വലിക്കാനാകുമെന്ന നിഗമനത്തിലാണ് അധികൃതര്‍. സംസ്ഥാനത്ത് കനത്ത മഴ പെയ്യുന്നതിനാല്‍ വൈദ്യുതി ഉത്പാദനത്തിന് ആശ്രയിക്കുന്ന അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നുണ്ട്. നിലവിലെ മഴ രണ്ട് ദിവസം കൂടി തുടര്‍ന്നാല്‍ ഡാമുകളില്‍ വൈദ്യുതി ആവശ്യത്തിനുള്ള വെള്ളം അണക്കെട്ടുകളിലെത്തുമെന്ന് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ പ്രതീക്ഷിക്കുന്നു. 

സംസ്ഥാനത്തിന്റെ ദൈനംദിന വൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ വെള്ളം അണക്കെട്ടുകളില്‍ ലഭിച്ചാല്‍ എത്രയും വേഗം ലോഡ്‌ഷെഡ്ഡിംഗ് പിന്‍വലിക്കണമെന്ന നിര്‍ദേശം വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് കെ എസ് ഇ ബിക്ക് നല്‍കിയിട്ടുണ്ട്. നിലവിലെ സാഹചര്യം പരിഗണിച്ച് എത്രയും വേഗം നടപടി സ്വീകരിക്കാമെന്ന് കെ എസ് ഇ ബി ചെയര്‍മാന്‍ മന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഈ മാസം പത്താം തീയതിയോ അതിനു മുമ്പോ ലോഡ്‌ഷെഡ്ഡിംഗ് പിന്‍വലിക്കാമെന്ന നിര്‍ദേശമാണ് കെ എസ് ഇ ബി മന്ത്രിക്ക് നല്‍കിയത്. റെഗുലേറ്ററി കമ്മീഷന്റെ അനുമതി കൂടി ലഭിക്കുന്ന മുറക്ക് ഉടന്‍ തീരുമാനം ഉണ്ടായേക്കും.
മഴ ആരംഭിച്ചതോടെ 34.67 ദശലക്ഷം വൈദ്യുതി ഉദ്പാദിപ്പിക്കാനുള്ള വെള്ളം പ്രതീക്ഷിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസം വരെ സംസ്ഥാനത്തെ അണക്കെട്ടുകളില്‍ 7.66 ദശലക്ഷം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് ഒഴുകിയെത്തിയത്. പ്രതീക്ഷിച്ചത്ര അളവില്‍ വെള്ളം ഇന്നലെ വരെ അണക്കെട്ടുകളില്‍ എത്തിയിട്ടില്ല. എങ്കിലും മഴ തുടരുമെന്ന കണക്കൂകൂട്ടലിലാണ് ലോഡ്‌ഷെഡ്ഡിംഗ് പിന്‍വലിക്കുന്നതിനുള്ള ഒരുക്കങ്ങളുമായി കെ എസ് ഇ ബി മുന്നോട്ടുപോകുന്നത്. ഇന്നലെയും ശക്തമായ മഴ ലഭിച്ചതിനാല്‍ അണക്കെട്ടുകളില്‍ വെള്ളം ഉയരുമെന്ന് തന്നെയാണ് കരുതുന്നത്. ഇന്നലെ ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് നല്ല മഴ ലഭിച്ചപ്പോള്‍ ഒറ്റ ദിവസം മാത്രം 2.7 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് ഒഴുകിയെത്തിയത്. നിലവില്‍ 13.99 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉദ്പാദിപ്പിക്കാനുള്ള വെള്ളമാണ് ഇടുക്കി അണക്കെട്ടില്‍ ഉള്ളത്.
അതേസമയം മഴ കനത്തതോടെ വൈദ്യുതി ഉപഭോഗത്തിലും കാര്യമായ കുറവ് അനുഭവപ്പെട്ടിട്ടുണ്ടെന്നതും അനുകൂല ഘടകമാണ്. 57 മുതല്‍ 60 വരെ ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉപയോഗിച്ചു വന്നിരുന്നത്. ഇന്നലെ അത് 51 ദശലക്ഷം യൂനിറ്റായാണ് കുറഞ്ഞത്. ഉപഭോഗം കുറഞ്ഞതോടെ പുറത്തു നിന്ന് വൈദ്യുതി വാങ്ങുന്നതിന്റെ അളവിലും ബോര്‍ഡ് കുറവ് വരുത്തിയിട്ടുണ്ട്.

 

 

Latest