വിക്കിലീക്‌സിന് വിവരങ്ങള്‍ ചോര്‍ത്തിയ സംഭവം: യു എസ് സൈനികന്റെ വിചാരണ ആരംഭിച്ചു

Posted on: June 4, 2013 6:00 am | Last updated: June 3, 2013 at 11:34 pm
SHARE

bradly manningവാഷിംഗ്ടണ്‍: വിക്കിലീക്‌സിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ അമേരിക്കന്‍ സൈനികന്റെ വിചാരണ ആരംഭിച്ചു. 25കാരനായ ബ്രാഡ്‌ലി മാന്നിംഗ് 700,000 അതീവ പ്രാധാന്യമുള്ള രേഖകള്‍ വിക്കിലീക്‌സിന് ചോര്‍ത്തി നല്‍കിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഇറാഖില്‍ അപ്പാച്ചെ ഹെലികോപ്റ്റര്‍ ഒരു കൂട്ടം സാധാരണക്കാരെ വകവരുത്തുന്നതിന്റെയും അമേരിക്കന്‍ സൈനികര്‍ റോയിട്ടേഴ്‌സിന്റെ രണ്ട് ലേഖകരെ വെടിവെച്ചു കൊല്ലുന്നതിന്റെയും ദൃശ്യങ്ങളും മാന്നിംഗ് ചോര്‍ത്തി നല്‍കിയവയില്‍ പെടും. വിവരങ്ങള്‍ ചോര്‍ത്തുക വഴി മാന്നിംഗ് രാജ്യത്തിന്റെ ശത്രുക്കളെ സഹായിക്കുകയായിരുന്നുവെന്ന് സൈനിക കോടതിയില്‍ ഇന്നലെ പ്രോസിക്യൂഷന്‍ അഭിഭാഷകര്‍ വാദിച്ചു. മേരിലാന്‍ഡിലെ ഫോര്‍ട്ട് മീഡെയില്‍ നടക്കുന്ന സൈനിക വിചാരണ ആഗസ്റ്റ് വരെ നീളുമെന്നാണ് വിവരം. 100ലധികം സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ നിരത്തിയിരിക്കുന്നത്. 
അമേരിക്കയുടെ സൈനിക നീക്കത്തിലെ അപാകങ്ങള്‍ സംവാദത്തിന് വെക്കുകയെന്ന ഉദ്ദേശ്യമേ തനിക്കുണ്ടായിരുന്നുള്ളൂവെന്ന് മാന്നിംഗ് കോടതിയില്‍ പറഞ്ഞു. എന്നാല്‍ വിവരങ്ങള്‍ പരസ്യമാക്കിയത് അമേരിക്കയുടെ പ്രതിച്ഛായ തകര്‍ത്തെന്നും ലോകത്താകെയുള്ള യു എസ് പൗരന്‍മാരുടെ ജീവന്‍ അപകടത്തിലാക്കിയെന്നും പ്രോസിക്യൂഷന്‍ അഭിഭാഷകര്‍ കുറ്റപ്പെടുത്തി. കുറ്റാരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന വകുപ്പുകളാണ് മാന്നിംഗിനെതിരെ ചുമത്തിയിട്ടുള്ളത്. കുറ്റപത്രത്തില്‍ പറയുന്ന 21 കുറ്റങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ശത്രുക്കളെ സഹായിച്ചുവെന്നതാണ്. 1917ലെ ചാരക്കുറ്റ നിയമം (എസ്പിനേജ് ആക്ട്)അനുസരിച്ചുള്ള വകുപ്പുകളും മാരകമാണ്.
മാന്നിംഗിനെതിരെ ചാരക്കുറ്റം ചുമത്തുന്നതില്‍ വിവിധ കോണില്‍ നിന്ന് പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. തെറ്റായ കീഴ്‌വഴക്കങ്ങളാണ് ഈ നീക്കം സൃഷ്ടിക്കുന്നതെന്ന് ബ്രണ്ണന്‍ സെന്റര്‍ ഫോര്‍ ജസ്റ്റിസ്, ലിബേര്‍ട്ടി ആന്‍ഡ് നാഷനല്‍ സെക്യൂരിറ്റി പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ എലിസബത്ത് ഗോതീന്‍ പറഞ്ഞു. വിക്കിലീക്‌സ് കേസില്‍ ചാരക്കുറ്റം ആക്ട് ഉപയോഗിക്കുന്നത് മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതും ചാരപ്രവര്‍ത്തനവും തമ്മിലുള്ള അതിര്‍വരമ്പ് ഇല്ലാതാക്കുമെന്ന് അവര്‍ പറഞ്ഞു.
ഇറാഖില്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ സേവനം ചെയ്യുന്നതിനിടെ 2010 മെയിലാണ് മാന്നിംഗ് അറസ്റ്റിലാകുന്നത്. രഹസ്യാന്വേഷണ രേഖകളും നയതന്ത്ര കേബിളുകളും രഹസ്യ വീഡിയോകളും തന്റെ ഔദ്യോഗിക അധികാരം ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്ത് വിക്കിലീക്‌സിന് കൈമാറിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്. വിവരങ്ങള്‍ ചോര്‍ത്തിയെന്ന കാര്യം മാന്നിംഗ് കഴിഞ്ഞ ഫെബ്രുവരിയില്‍ സമ്മതിച്ചിരുന്നു. തന്റെ പ്രവൃത്തിയുടെ എല്ലാ ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കുന്നുവെന്നും അമേരിക്കന്‍ നയങ്ങള്‍ ചര്‍ച്ചയാക്കുകയെന്ന ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും മാന്നിംഗ് കുറ്റസമ്മതമൊഴിയില്‍ പറഞ്ഞിരുന്നു.
മാന്നിംഗിനെതിരായ കേസ് അമേരിക്കന്‍ മാധ്യമങ്ങള്‍ക്കുള്ള മുന്നറിയിപ്പാണെന്ന് ബ്രാഡ്‌ലി മാന്നിംഗ് സപ്പോര്‍ട്ട് നെറ്റ്‌വര്‍ക്ക് വക്താവ് നഥാന്‍ ഫുള്ളര്‍ പറഞ്ഞു. സര്‍ക്കാറിന്റെ തെറ്റായ പ്രവണതകളെക്കുറിച്ച് വാര്‍ത്ത നല്‍കുന്ന ഏത് പത്രപ്രവര്‍ത്തകനെതിരെയും ‘ശത്രുവിനെ സഹായിച്ചു’വെന്ന കുറ്റം ചുമത്താനാണ് സാധ്യതയൊരുങ്ങുന്നതെന്ന് നഥാന്‍ ചൂണ്ടിക്കാട്ടി.