മുന്‍ മന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ വക സുരക്ഷ: അത്ഭുതം പ്രകടിപ്പിച്ച് സുപ്രീം കോടതി

Posted on: June 4, 2013 6:00 am | Last updated: June 3, 2013 at 11:19 pm
SHARE

supreme courtന്യൂഡല്‍ഹി: മുന്‍ മന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ വക സുരക്ഷ നല്‍കുന്നതില്‍ സുപ്രീം കോടതി അത്ഭുതം പ്രകടിപ്പിച്ചു. ഉത്തര്‍ പ്രദേശിലെ മുന്‍മന്ത്രി പോലീസ് സുരക്ഷ ആവശ്യപ്പെട്ടതിനെ കോടതി വിമര്‍ശിക്കുകയും ചെയ്തു.

മുന്‍മന്ത്രിയാണെന്ന കാരണത്തില്‍ വൈ കാറ്റഗറി സുരക്ഷ നല്‍കാനാകുമോയെന്ന് ചോദിച്ച ജസ്റ്റിസുമാരായ ജ്ഞാന്‍ സുധ മിശ്ര, മദന്‍ ബി ലോകൂര്‍ എന്നിവരടങ്ങിയ ബഞ്ച് ഇത് മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെന്ന് നിരീക്ഷിച്ചു. മായാവതി സര്‍ക്കാറിലെ മന്ത്രിയായിരുന്ന രാംവീര്‍ ഉപാധ്യായയുടെ ഹരജി പരിഗണിക്കുകയായിരുന്നു ബഞ്ച്. രാംവീറിന്റെ വൈ കാറ്റഗറി സുരക്ഷ അഖിലേഷ് സര്‍ക്കാര്‍ എടുത്തുകളഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു രാംവീര്‍. ഹരജിയില്‍ ഉത്തരവ് പ്രകടിപ്പിക്കാന്‍ വിസമ്മതിച്ച കോടതി, അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ രാംവീറിനോട് നിര്‍ദേശിച്ചു. നിലവില്‍ ഹൈക്കോടതിക്ക് മുമ്പാകെ രാംവീറിന്റെ ഹരജിയുണ്ട്. ഈ ഹരജിയില്‍ വാദം കേള്‍ക്കാമെന്നും എന്നാല്‍ ഏത് വിധത്തിലുള്ള ഭീഷണിയാണ് നേരിടുന്നത് എന്നതിനെ സംബന്ധിച്ച് യു പി സര്‍ക്കാറിന്റെ അഭിഭാഷകന്‍ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. അഖിലേഷ് സര്‍ക്കാര്‍ ഒരു സായുധ കോണ്‍സ്റ്റബിളിനെ മാത്രമാണ് രാംവീറിന്റെ സുരക്ഷക്ക് അനുവദിച്ചത്.