താന്‍ മൂന്നാമന്‍ മാത്രം: ശിവരാജ് സിംഗ് ചൗഹാന്‍

Posted on: June 4, 2013 6:00 am | Last updated: June 3, 2013 at 11:17 pm
SHARE

shivaraj singhന്യൂഡല്‍ഹി: ബി ജെ പി മുഖ്യമന്ത്രിമാരുടെ കൂട്ടത്തില്‍ തനിക്ക് മൂന്നാം സ്ഥാനമേയുള്ളൂവെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ഒന്നാം സ്ഥാനം നല്‍കേണ്ടത് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് തന്നെയാണ്. രണ്ടാമത് വരേണ്ടത് ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിംഗും. അതുകഴിഞ്ഞേ താന്‍ വരുന്നുള്ളൂവെന്ന് ചൗഹാന്‍ പറഞ്ഞു. 
തന്നെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പയിയോട് ഉപമിച്ച് ഗ്വാളിയോറില്‍ കഴിഞ്ഞ ദിവസം നടന്ന ബി ജെ പി പ്രവര്‍ത്തക യോഗത്തില്‍ മുതിര്‍ന്ന നേതാവ് എല്‍ കെ അഡ്വാനി നടത്തിയ പ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു ചൗഹാന്‍. ഗുജറാത്ത് മികച്ച സംസ്ഥാനം തന്നെയാണെങ്കിലും ലോകത്ത് വികസനത്തിന്റെ കാര്യത്തില്‍ യഥാര്‍ഥ സ്ഥാനം ലഭിക്കേണ്ടത് മധ്യപ്രദേശിനാണെന്ന് അഡ്വാനി പറഞ്ഞിരുന്നു. മോഡി മുഖ്യമന്ത്രിയാകുന്ന കാലത്ത് തന്നെ ഗുജറാത്ത് സാമ്പത്തികമായി ഭദ്രതയുള്ള സംസ്ഥാനങ്ങളിലൊന്നായിരുന്നുവെന്നും മോഡി വികസന നായകനാണെന്ന് പറയാന്‍ കഴിയില്ലെന്നും അഡ്വാനി തുറന്നടിച്ചിരുന്നു.
തന്നെ ഉപയോഗിച്ച് നരേന്ദ്ര മോഡിയെ ഇകഴ്ത്തുകയാണ് അഡ്വാനി ചെയ്തതെന്ന മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ചൗഹാന്‍ പറഞ്ഞു. അങ്ങനെ അതിരുകടന്ന് വായിക്കുന്നത് ശരിയല്ല. എല്ലാ മുഖ്യമന്ത്രിമാരെയും വിലയിരുത്തുകയാണ് അദ്ദേഹം ചെയ്തത്. ഇങ്ങനെ നടത്തിയ പ്രസംഗത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. അദ്ദേഹം എല്ലാവരെയും പ്രശംസിച്ചിട്ടുണ്ട്- ചൗഹാന്‍ പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തിനായുള്ള വടംവലിയില്‍ താനില്ലെന്ന വ്യക്തമായ സൂചന നല്‍കിയാണ് താന്‍ മൂന്നാമന്‍ മാത്രമാണെന്ന് ചൗഹാന്‍ പറഞ്ഞത്.
മധ്യപ്രദേശ് ‘രോഗി’യായ സംസ്ഥാനമായിരുന്നുവെന്നും വികസനപരമായ മാറ്റങ്ങളിലൂടെ ആരോഗ്യപൂര്‍ണമായ സംസ്ഥാനമാക്കി മധ്യപ്രദേശിനെ മാറ്റിയതിന്റെ മുഴുവന്‍ അംഗീകാരവും ശിവരാജ് സിംഗിന് ചൗഹാന് അര്‍ഹതപ്പെട്ടതാണെന്നും അഡ്വാനി അഭിപ്രായപ്പെട്ടിരുന്നു. ചൗഹാന് ധാര്‍ഷ്ട്യം ഇല്ലെന്ന് പറയുക വഴി മോഡിയെ കടന്നാക്രമിക്കാനും അഡ്വാനി തയ്യാറായിരുന്നു. നേരത്തേ, പാര്‍ട്ടിയുടെ ഉന്നത സമിതിയായ പാര്‍ലിമെന്ററി ബോര്‍ഡിലേക്ക് ചൗഹാനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ അഡ്വാനി കരുക്കള്‍ നീക്കിയിരുന്നു.