Connect with us

Editorial

പനി പടരുമ്പോള്‍ ആതുരാലയങ്ങള്‍ക്കും രോഗം

Published

|

Last Updated

feverപകര്‍ച്ചപ്പനി വ്യാപിക്കുകയാണ്. ഇന്നലെ വരെയുള്ള ഔദ്യോഗിക കണക്കനുസരിച്ചു സംസ്ഥാനത്ത് 5000 ത്തോളം പേര്‍ പനിബാധിതരാണ്. ഇവരില്‍ ഡെങ്കിപ്പനി ബാധിതരും എച്ച് 1 എന്‍ 1 ബാധിതരുമുണ്ട്. പകര്‍ച്ചവ്യാധി മൂലം ഈ സീസണില്‍ മരിച്ചവരുടെ എണ്ണം 42 വരും. മരണം നൂറിലേറെ വരുമെന്നാണ് അനൗദ്യോഗിക കണക്ക്. 
പനിയും മറ്റു പകര്‍ച്ചവ്യാധികളും ബാധിച്ചു ആശുപത്രികളിലെത്തുന്നവരുടെ എണ്ണം ദിനേന വര്‍ധിച്ചു വരുമ്പോള്‍ മിക്ക സര്‍ക്കാര്‍ ആശുപത്രികളിലും ആവശ്യത്തിന് ഡോക്ടര്‍മാരും നഴ്‌സുമാരുമില്ല. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ഡോക്ടര്‍മാരുടെ 249 ഒഴിവുകളുണ്ട്. സ്‌പെഷ്യല്‍ ഡോക്ടര്‍മാരുടെ മാത്രം ഒഴിവുകള്‍ 175 വരും. കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലെല്ലാം ഡോക്ടര്‍മാരുടെ നിയമനം പൂര്‍ത്തിയായെന്നാണ് വകുപ്പ് മന്ത്രിയുടെ അവകാശ വാദമെങ്കിലും ആരോഗ്യ ഡയറക്ടര്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളുടെ കണക്കുകള്‍ അത് നിരാകരിക്കുന്നു. അതിനിടെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വക ഒരു നിസ്സഹകരണ സമരവും നടന്നു. ഇത്തരം മുഹൂര്‍ത്തങ്ങള്‍ നോക്കിയാണല്ലോ ഡോക്ടര്‍മാര്‍ പണിമുടക്കും നിസ്സഹകരണ സമരവുമെക്കെ സംഘടിപ്പിക്കാറുള്ളത്. സമരം അധികം നീളാതെ ഒത്തുതീര്‍പ്പായത് ആശ്വാസകരം. ആറ് രോഗികള്‍ക്ക് ഒരു നഴ്‌സ് എന്ന നിലവിലെ പാറ്റേണ്‍ അനുസരിച്ച് സംസ്ഥാനത്ത് 2000 ലേറെ നഴ്‌സുമാരുടെ ഒഴിവുകളുമുണ്ട്. രണ്ട് വര്‍ഷം മുമ്പേ നഴ്‌സിംഗ് നിയമനത്തിന് എല്ലാ ജില്ലകളിലും എഴുത്ത് പരീക്ഷ നടന്നിരുന്നെങ്കിലും ഇതുവരെ നിയമനം നടന്നിട്ടില്ല. ഒന്നും സമയത്തിന് ചെയ്യാതിരിക്കുക എന്നതാണല്ലോ പി എസ് സിയുടെ ശൈലി!
പാവപ്പെട്ടവരും ഇടത്തരക്കാരുമാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ ഏറെ ക്ലേശിക്കുന്നത്. സ്വകാര്യ ആശുപത്രികളിലെ ഉയര്‍ന്ന ചികിത്സാ നിരക്ക് താങ്ങാനാകാത്ത ഈ വിഭാഗങ്ങളുടെ പ്രതീക്ഷയും അഭയകേന്ദ്രവും സര്‍ക്കാര്‍ ആശുപത്രികളാണ്. ആവശ്യത്തിന് വിദഗ്ധ പരിശോധനാ സംവിധാനങ്ങളും സൗകര്യങ്ങളും ഇല്ലെന്നതിന് പുറമെ അത്യാവശ്യ ചികിത്സക്കുള്ള ഡോക്ടര്‍മാരും നഴ്‌സുമാരുമില്ലെങ്കില്‍ ഈ സ്ഥാപനങ്ങള്‍ കൊണ്ടെന്ത് ഗുണം?
പൊതുജനാരോഗ്യത്തില്‍ വികസിത രാജ്യങ്ങള്‍ക്കൊപ്പമാണ് കേരളമെന്നാണ് അവകാശവാദം. എന്നിട്ടുമെന്തേ മഴക്കാലത്തോടൊപ്പം കേരളത്തെ വിറപ്പിക്കാറുള്ള പകര്‍ച്ച വ്യാധികളെ നിയന്ത്രിക്കാന്‍ നമുക്ക് സാധിക്കുന്നില്ല? പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യഥാസമയം നിര്‍വഹിക്കുന്നതില്‍ അധികൃതരുടെ ഭാഗത്ത് നിന്നുള്ള അനാസ്ഥ തന്നെ പ്രധാന കാരണം. ശുചീകര പ്രവര്‍ത്തനമാണ് മഴക്കാല രോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രധാനം. മാലിന്യ നിര്‍മാര്‍ജനം, കൊതുക്‌നശീകരണം, ജലസ്രോതസ്സുകള്‍ വൃത്തിയാക്കല്‍ തുടങ്ങിയ അടിസ്ഥാന കാര്യങ്ങളില്‍ ശ്രദ്ധ വെച്ചാല്‍ പകര്‍ച്ചവ്യാധികള്‍ ഏറെക്കുറെ തടയാനാകുമെന്ന് വിദഗ്ധര്‍ അടിക്കടി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇതിനായി ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ (എന്‍ ആര്‍ എച്ച് എം) മുഖേന ഫണ്ടും അനുവദിക്കുന്നു. എന്നാല്‍ മഴക്കാലം എത്തുന്നതിന് മുമ്പേ ചെയ്തു തീര്‍ക്കേണ്ട ഈ പ്രവൃത്തികള്‍ മിക്ക പഞ്ചായത്തുകളും യഥാവിധി നിര്‍വഹിച്ചിട്ടില്ല. അനുവദിച്ച ഫണ്ടിന്റെ പകുതി പോലും ചെലവഴിക്കാത്ത പഞ്ചായത്തുകളുമുണ്ട് നിരവധി.
അറവുശാലകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും മറ്റും പുറംതള്ളുന്ന അവശിഷ്ടങ്ങളും മാലിന്യങ്ങളും സമ്പൂര്‍ണ ആരോഗ്യ കേരളം എന്ന ലക്ഷ്യത്തിന് നേരെയുള്ള വെല്ലുവിളിയാണിന്നും. മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതിനെതിരെ നിയമങ്ങളുണ്ടെങ്കിലും അത് പാലിക്കുന്നതില്‍ പലരും വിമുഖരാണ്. പൊതുനിരത്തിനരികില്‍ മാലിന്യക്കൂമ്പാരങ്ങള്‍ പലയിടത്തും പതിവ് കാഴ്ചയാണ്. അതും ശുചിത്വത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ബോര്‍ഡുകള്‍ക്ക് തൊട്ടുമുന്നില്‍. പല അറവുശാലകളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ രാത്രിയുടെ മറവില്‍ റോഡുകള്‍ക്കരികിലും തോടുകളിലുമൊക്കെയാണ് ഇന്നും തള്ളുന്നത്. ഇത്തരം സാമൂഹികദ്രോഹികളെ കൈയോടെ പിടികൂടിയാലും രാഷ്ട്രീയ സ്വാധീനവും പണത്തിന്റെ പിന്‍ബലവും അവരുടെ രക്ഷക്കെത്തും. നിയമ ലംഘകരുടെയും സാമൂഹിക ദ്രോഹികളുടെയും അത്താണിയായി രാഷ്ട്രീയം തരംതാഴുന്ന അവസ്ഥക്ക് പരിഹാരം കാണാത്ത കാലത്തോളം നിയമവും പോലീസും നോക്കുകുത്തിയായി മാറുകയേ ഉള്ളൂ.

---- facebook comment plugin here -----

Latest