Connect with us

Kerala

പനി: കൊതുക് വളരാനിടയാക്കിയവര്‍ക്ക് എതിരെ ക്രിമിനല്‍ കേസ്

Published

|

Last Updated

തിരുവനന്തപുരം:വീടിന് പരിസരത്ത് കൊതുക് വളരാന്‍ സഹായകമായ രീതിയില്‍ വെള്ളം കെട്ടിനിര്‍ത്തുന്നതുള്‍പ്പെടെ സംസ്ഥാനത്ത് പനി പടരുന്ന സാഹചര്യം സൃഷ്ടിക്കുന്നവര്‍ക്കെതിരെ ആരോഗ്യ വകുപ്പ് നിയമ നടപടി തുടങ്ങി. 400 പേര്‍ക്ക് നോട്ടീസ് നല്‍കുകയും അഞ്ച് പേര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കുകയും ചെയ്തു.

കൊതുക് വളരാനും അതുവഴി പനി പടരാനും സാഹചര്യം സൃഷ്ടിച്ചതിനാണ് 400 പേര്‍ക്ക് ആരോഗ്യ വകുപ്പ് നോട്ടീസ് നല്‍കിയത്. ഇതില്‍ 150 പേര്‍ തിരുവനന്തപുരത്ത് ഉള്ളവരാണ്. നോട്ടീസ് ലഭിച്ചിട്ടും വീഴ്ച വരുത്തിയ അഞ്ച് പേര്‍ക്കെതിരെയാണ് തിരുവനന്തപുരത്ത് ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തത്. പൊതുജനാരോഗ്യ നിയമ പ്രകാരമാണ് കേസ്. ഐ പി സി 158, 269, 270 വകുപ്പുകള്‍ പ്രകാരം രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.
ഉറവിട നശീകരണത്തില്‍ അലംഭാവം കാട്ടുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് മന്ത്രി വി എസ് ശിവകുമാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊതുകുകളുടെ പ്രജനനകേന്ദ്രങ്ങളായി മാറത്തക്ക രീതിയില്‍ ചിരട്ടകള്‍ മലര്‍ത്തിവച്ച, ടാപ്പിംഗ് ഇല്ലാത്ത റബ്ബര്‍ തോട്ടങ്ങളുടെ ഉടമസ്ഥര്‍ക്കെതിരെയും നിയമനടപടികളുണ്ടാകും.
സംസ്ഥാനത്ത് മഴക്കാലരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് ആരോഗ്യവകുപ്പ് 14 ജില്ലകള്‍ക്കും ഏഴ് ലക്ഷം രൂപ വീതം കൂടുതലായി അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി ശിവകുമാര്‍ അറിയിച്ചു. ഇന്നലെ സംസ്ഥാനത്ത് 13745 പേര്‍ പനി ബാധിച്ച് ചികിത്സ തേടി. ഇന്നലെ മാത്രം സംസ്ഥാനത്ത് 91 പേര്‍ക്ക് ഡെങ്കിപ്പനിയും അഞ്ച് പേര്‍ക്ക് എലിപ്പനിയും 17 പേരില്‍ മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചു. എലിപ്പനി കണ്ടെത്തിയ അഞ്ച് പേരും തിരുവനന്തപുരം സ്വദേശികളാണ്. 91 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചതില്‍ 40 എണ്ണം തിരുവനന്തപുരം ജില്ലയിലാണ്. കാസര്‍കോട്- 17, കൊല്ലം- ആറ്, പത്തനംതിട്ട- ഒന്ന്, ഇടുക്കി- നാല്, കോട്ടയം- ഏഴ്, എറണാകുളം- അഞ്ച്, മലപ്പുറം- നാല്, കോഴിക്കോട്- ഒന്ന്, വയനാട്, കണ്ണൂര്‍- മൂന്ന് വീതമാണ് ഡെങ്കി സ്ഥീരികരിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ പനി വര്‍ധിക്കുന്നതായി ആരോഗ്യ വകുപ്പ് വിലയിരുത്തി.
pk jayalakshmi1ആരോഗ്യ മന്ത്രിക്കും പകര്‍ച്ചപ്പനി

തിരുവനന്തപുരം: ആരോഗ്യമന്ത്രി വി എസ് ശിവകുമാറിനും പകര്‍ച്ചപ്പനി. ആരോഗ്യമേഖലയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പകര്‍ച്ചപ്പനി അവലോകന യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തിയതിന് ശേഷമാണ് പനി ബാധിച്ച് മന്ത്രി വീട്ടിലെത്തിയത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ വീട്ടിലെത്തി പരിശോധിച്ചു. മന്ത്രി വിശ്രമത്തിലാണ്.