Connect with us

Sports

കളി ശ്രീനിവാസനോടോ...

Published

|

Last Updated

ചെന്നൈ: ചുറ്റുമുള്ള എല്ലാ സമ്മര്‍ദ്ദങ്ങളെയും ബി സി സി ഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്‍ പുല്ലുപോലെ മറികടന്നു. തന്റെ രാജിക്കായി മുറവിളി കൂട്ടിയവരെ അടിച്ചിരുത്തുന്ന നിലപാടെടുത്ത് ശ്രീനിവസന്‍ നിന്നപ്പോള്‍ ആരും മറുത്തൊന്നും മിണ്ടിയില്ല. രാജിവെക്കില്ലെന്നും അന്വേഷണം തീരുന്നതുവരെ താത്ക്കാലികമായി മാറി നില്‍ക്കാനാണ് തീരുമാനമെന്നും ശ്രീനിവാസന്‍ യോഗത്തെ അറിയിച്ചപ്പോള്‍ ആ തീരുമാനത്തിന് മുമ്പില്‍ അംഗങ്ങള്‍ മുട്ടുമടക്കി. വിജയം ശ്രീനിവാസന് തന്നെയെന്ന് ചുരുക്കം. ദൈനംദിന കാര്യങ്ങളുടെ ചുമതലകള്‍ നിര്‍വഹിക്കാന്‍ താത്ക്കാലിക അധ്യക്ഷനായി ജഗ്‌മോഹന്‍ ഡാല്‍മിയ വരുന്നത് മാത്രമാണ് പുതിയ കാര്യം.
ബി സി സി ഐ സെക്രട്ടറി സഞ്ജയ് ജഗ്ദലെ, ട്രഷറര്‍ അജയ് ഷിര്‍ക്കെ എന്നിവരും ഐ പി എല്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് രാജീവ് ശുക്ലയും പരോക്ഷമായി നിലപാട് വ്യക്തമാക്കിയതോടെ ശ്രീനിവാസന് രാജിയല്ലാതെ നിവൃത്തിയില്ലെന്ന നിലവന്നു. അടിയന്തര യോഗം ഇന്നലെ വിളിച്ചപ്പോള്‍ എല്ലാവരും അദ്ദേഹത്തിന്റെ രാജിയാണ് പ്രതീക്ഷിച്ചത്. എന്നാല്‍ തന്റെ സ്വാധീനത്തിന്റെ വ്യാപ്തിയില്‍ ഉരുത്തിരിഞ്ഞ മറ്റൊരു നാടകത്തിനാണ് ശ്രീനിവാസന്‍ തിരക്കഥയൊരുക്കിയത്.
അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ തന്നോട് ഒരംഗവും ആവശ്യപ്പെട്ടില്ലെന്ന് യോഗശേഷം എന്‍ ശ്രീനിവാസന്‍ വ്യക്തമാക്കി. തനിക്കെതിരെ ഒരു കുറ്റവും ചാര്‍ജ് ചെയ്തിട്ടില്ല. എങ്കിലും അധ്യക്ഷ സ്ഥാനമൊഴിയില്ലെങ്കിലും ഉത്തരവാദിത്വത്തില്‍ നിന്ന് മാറിനില്‍ക്കുകയാണ്. സ്വന്തം തീരുമാനത്തിന്റെ പുറത്താണ് ജഗ്ദലെയും ഷിര്‍ക്കെയും രാജിവെച്ചത്. തനിക്ക് അതിന്റെ ഉത്തരവാദിത്വമില്ല. ജഗ്ദലെയും ഷിര്‍ക്കെയും തിരിച്ച് കമ്മിറ്റിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ബോര്‍ഡംഗങ്ങളില്‍ ഒരാളായ ഐ എസ് ബിന്ദ്ര ശ്രീനിവാസന്‍ രാജി വെക്കണമെന്ന ശക്തമായ വാദവുമായി രംഗത്തുണ്ടായിരുന്ന ആളായിരുന്നു. എന്നാല്‍ യോഗത്തില്‍ ബിന്ദ്ര അത്തരമൊരു വാദമുന്നയിച്ചില്ലെന്നും യോഗം ശാന്തമായാണ് നടന്നതെന്നും ശ്രീനിവാസന്‍ അവകാശപ്പെട്ടു.

എന്തുകൊണ്ട് കര്‍ണാടക ക്രിക്കറ്റ്
അസോസിയേഷന്‍ നിശബ്ദത പാലിക്കുന്നു

ബംഗളൂരു: ഐ പി എല്‍ ഒത്തുകളി വിവാദം ഓരോ ദിവസവും പുതിയ പുതിയ മാനങ്ങള്‍ കൈവരിക്കുമ്പോള്‍ കര്‍ണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ എന്തുകൊണ്ടാണ് നിശബ്ദത പാലിക്കുന്നത്? മുന്‍ ഇന്ത്യന്‍ ഇതിഹാസങ്ങളായ അനില്‍ കുംബ്ലെ അധ്യക്ഷനും ജവഗല്‍ ശ്രീനാഥ് സെക്രട്ടറിയും വെങ്കടേഷ് പ്രസാദ് ഉപാധ്യക്ഷനുമായുള്ള കമ്മിറ്റിയാണ് അസോസിയേഷന്റെ തലപ്പത്തുള്ളത്. മുന്‍ ഇന്ത്യന്‍ താരങ്ങള്‍ താക്കോല്‍ സ്ഥാനത്തിരിക്കുന്ന ഇന്ത്യയിലെ ഏക ക്രിക്കറ്റ് അസോസിയേഷനാണ് കര്‍ണാടകയിലേത് എന്നതാണ് ഇതിലെ ഏറ്റവും വലിയ കൗതുകം. വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ മാച്ച് റഫറിയാണ് ശ്രീനാഥ്. ഇക്കഴിഞ്ഞ ദിവസം നടന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കമ്മിറ്റിയുടെ യോഗത്തില്‍ കുംബ്ല പങ്കെടുത്തിരുന്നു. രണ്ട് പേരും അതിന്റെ തിരക്കുകളിലായിരുന്നുവെന്ന് വേണമെങ്കില്‍ കാരണമായി പറയാം. അത് കാരണം മാത്രമാണ്. ഈ വിഷയത്തില്‍ സംസാരിക്കാന്‍ കഴിയുന്ന മറ്റ് രണ്ട് പേര്‍ വെങ്കടേഷ് പ്രസാദും അസോസിയേഷന്‍ നിര്‍വാക സമിതി അംഗവുമായ സുജിത് സോമസുന്ദറുമാണ്. എന്നാല്‍ പ്രസാദ് ഉത്തര്‍ പ്രദേശിന്റെ പരിശീലകനും സുജിത് കേരളത്തിന്റെ പരിശീലകനുമാണ്. രണ്ട് പേരും പരിശീലന തിരക്കിലാണത്രെ.
ഇവരാരും സ്ഥലത്തില്ലാത്തതിനാല്‍ വിവാദങ്ങളുമായി ബന്ധപ്പെട്ട അസോസിയേഷന്‍ നിലപാട് ചര്‍ച്ച ചെയ്യാന്‍ കമ്മിറ്റി ചേര്‍ന്നിട്ടില്ലെന്ന് അസോസിയേഷന്‍ ട്രഷററായ തല്ലം വെങ്കടേഷ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ കുംബ്ലെയടക്കമുള്ള പ്രധാന ഭാരവാഹികള്‍ക്കാണ് ആധികാരികമായി വിവാദങ്ങള്‍ സംബന്ധിച്ചുള്ള അസോസിയേഷന്‍ നിലപാട് വ്യക്തമാക്കാന്‍ സാധിക്കുന്നതെന്നും വെങ്കടേഷ് പറഞ്ഞു.

---- facebook comment plugin here -----

Latest