പരിസ്ഥിതി ദിനത്തില്‍ എസ് എസ് എഫ് രണ്ട് ലക്ഷം വൃക്ഷത്തൈകള്‍ നടും

Posted on: June 3, 2013 8:45 am | Last updated: June 3, 2013 at 9:20 am
SHARE

കോഴിക്കോട്: ‘നാളേക്കൊരു തണല്‍’ എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി ലോക പരിസ്ഥിതി ദിനമായ ഈ മാസം അഞ്ചിന് രണ്ട് ലക്ഷം വൃക്ഷത്തൈകള്‍ നടും. ഭൂമിയില്‍ മനുഷ്യന്റെ ചൂഷണാധിഷ്ഠിത ഇടപെടല്‍ മൂലം കാലാവസ്ഥ മാറ്റവും അതികഠിനമായ ചൂടും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രകൃതിയുടെ താളം നിലനിര്‍ത്താനും സംരക്ഷിക്കാനുമുള്ള ഇടപെടലുകളുടെ ഭാഗമായാണ് എസ് എസ് എഫ് വൃക്ഷതൈകള്‍ നടുന്നത്. 
സൂര്യാഘാതത്തെ ഭയന്നും കുടിവെള്ളം ലഭിക്കാതെ വലഞ്ഞുമാണ് കഴിഞ്ഞ വേനല്‍ക്കാലം കേരളീയ ജനത ജീവിച്ചത്. പ്രകൃതിയേയും ജലസ്രോതസ്സുകളേയും കച്ചവടവത്കരിക്കുകയും പ്രകൃതിക്കുമേല്‍ ക്രൂരമായ കൈയേറ്റം നടത്തുകയും ചെയ്തതിന്റെ ശിക്ഷയാണ് നാമിന്ന് അനുഭവിക്കുന്നത്. ഈ സാഹചര്യത്തിലാണ് സാധ്യമായ പ്രതിരോധം എന്ന നിലയില്‍ കേരളത്തിലെ 6300 ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് രണ്ട് ലക്ഷം വൃക്ഷത്തൈകള്‍ നടാന്‍ എസ് എസ് എഫ് തീരുമാനിച്ചത്. ഈ വര്‍ഷം മുതല്‍ വൃക്ഷത്തൈകള്‍ നട്ട് അവയെ സംരക്ഷിക്കാന്‍ പ്രത്യേകം പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ സ്ഥാപന പരിസരം, തരിശു സ്ഥലങ്ങള്‍, പാതയോരങ്ങള്‍ ഉള്‍പ്പെടെ പ്രധാന കവലകളിലും പൊതുസ്ഥലങ്ങളിലും പൊതുജനപങ്കാളിത്തത്തോടെയാണ് തൈകള്‍ നടുന്നത്. സംസ്ഥാനത്ത 14 കേന്ദ്രങ്ങളിലും 86 ഡിവിഷന്‍ കേന്ദ്രങ്ങളിലും നടക്കുന്ന വൃക്ഷത്തൈ നടല്‍ ചടങ്ങില്‍ ജനപ്രതിനിധികളും പരിസ്ഥിതി പ്രവര്‍ത്തകരും സംബന്ധിക്കും.
സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് കലക്ട്‌റേറ്റ് പരിസരത്ത് ജനപ്രതിനിധികളും സാമൂഹ്യ, മത, പരിസ്ഥിതി നേതാക്കളുമായ എ ഡി എം ഗണേഷന്‍, ശാഫി പറമ്പില്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി കണ്ഠമുത്തന്‍, കെ എന്‍ പണിക്കര്‍, കെ സുരേഷ്, അബ്ദുല്‍ ഖുദ്ദൂസ്, മുണ്ടൂര്‍ സേതുമാധവന്‍, കെ മധു, മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി, എം വി സിദ്ധീഖ് സഖാഫി എന്നിവര്‍ നിര്‍വ്വഹിക്കും.