Connect with us

Business

ജി ഡി പി നിരക്ക് ഏറ്റവും താഴ്ന്ന തലത്തില്‍

Published

|

Last Updated

വിദേശ വിപണികളിലെ ഉണര്‍വില്‍ വാരാദ്യം ശക്തമായ മുന്നേറ്റം കാഴ്ച വെച്ച ഇന്ത്യന്‍ ഓഹരി വിപണി വാരാന്ത്യം കനത്ത ലാഭമെടുപ്പില്‍ താഴ്ന്നിറങ്ങി. 2013 ല്‍ ജി ഡി പി വളര്‍ച്ച പതിറ്റാണ്ടിനിടയിലെ താഴ്ന്ന തലത്തിലേക്ക് ഊര്‍ന്നിറങ്ങിയതാണ് വിപണിയെ തളര്‍ത്തിയത്. എന്നിട്ടും വാരാന്ത്യ ക്ലോസിംഗില്‍ സൂചിക നേരിയ നേട്ടം ഉറപ്പിച്ചു. വാരാദ്യം 20,000ത്തിനു മുകളില്‍ എത്തിയ സെന്‍സെക്‌സ് ഇടപാടുകള്‍ നടന്ന അഞ്ചില്‍ മൂന്ന് ദിവസവും നേട്ടം നിലനിര്‍ത്തി.
നിഫ്റ്റി ഡെറിവേറ്റീവ്‌സില്‍ മെയ് സെറ്റില്‍മെന്റിനോടനുബന്ധിച്ചു നിലനിന്ന ചാഞ്ചാട്ടം സൂചികയില്‍ കനത്ത കയറ്റിറക്കങ്ങള്‍ക്ക് ഇടയാക്കി. വര്‍ധിച്ച കറണ്ട് അക്കൗണ്ട് കമ്മിയും ഉയര്‍ന്ന തലത്തില്‍ തുടരുന്ന പണപ്പെരുപ്പ നിരക്കും ആശങ്ക ഉയര്‍ത്തുന്നുവെന്ന റിസര്‍വ് ബേങ്ക് ഗവര്‍ണറുടെ പ്രസ്താവനയാണ് വാരാന്ത്യം വിപണിയെ സമ്മര്‍ദത്തിലാക്കിയത്. വിപണനം അവസാനിക്കുമ്പോള്‍ സെന്‍സെക്‌സ് 55.97 പോയിന്റ് പ്രതിവാര നേട്ടത്തില്‍ 19760.30 ലും നിഫ്റ്റി 2.40 പോയിന്റിന്റെ മികവില്‍ 5985.95 ലുമാണ്.
വിദേശ ധനകാര്യ സ്ഥാപനങള്‍ പിന്നിട്ട വാരവും ഇന്ത്യന്‍ വിപണിയില്‍ അറ്റ വാങ്ങലിലായിരുന്നു. അവര്‍ മൊത്തം 3,328.78 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. വായ്പാ നിരക്ക് കുറക്കുന്നതില്‍ നിന്ന് കേന്ദ്ര ബേങ്ക് പിന്നോട്ടു മാറുമെന്ന ആശങ്ക ബേങ്കിങ് ഓഹരികളെ തളര്‍ത്തി. ഈ ഭീതിയില്‍ ഓട്ടോ, റിയാലിറ്റി ഓഹരികളും നിക്ഷേപകര്‍ കൈവെടിഞ്ഞു. കൃത്യ സമയത്ത് കേരളത്തിന്റെ തീരദേശത്തു മണ്‍സൂണ്‍ എത്തിയതു എഫ് എം സി ജി ഓഹരികള്‍ക്ക് കരുത്തു പകര്‍ന്നു. ടാറ്റാ മോട്ടേഴ്‌സാണ് അവലോകന വാരന്ത്യം ഇന്ത്യന്‍ വിപണിയില്‍ തിളങ്ങി നിന്നത്.
ബജാജ് ഓട്ടോ, കോള്‍ ഇന്ത്യ, ഭെല്‍ എന്നിവയും മികച്ച പ്രകടനം കാഴ്ചവെച്ചു. എച്ച് ഡി എഫ് സി, എസ് ബി ഐ, ഐ സി ഐ സി ഐ തുടങ്ങിയ പ്രമുഖ ബേങ്കിംഗ് ഓഹരികളില്‍ കനത്ത ലാഭമെടുപ്പ് നടന്നു. ടാറ്റാ സ്റ്റീല്‍, മാരുതി സുസുക്കി, ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ, ജിന്‍ഡാല്‍ സ്റ്റീല്‍, ടാറ്റാ പവര്‍ തുടങ്ങിയ ഓഹരികളെ ഇടപാടുകാര്‍ വിറ്റുമാറി.

Latest