തുര്‍ക്കിയില്‍ പ്രക്ഷോഭം വ്യാപിക്കുന്നു; നിരവധി പേര്‍ അറസ്റ്റില്‍

Posted on: June 3, 2013 9:00 am | Last updated: June 3, 2013 at 9:00 am
SHARE

Istanbul demonstrators chant anti-government slogansഇസ്തംബൂള്‍: തുര്‍ക്കിയുടെ വാണിജ്യ നഗരമായ ഇസ്തംബൂളില്‍ പ്രസിദ്ധമായ ഗസി പാര്‍ക്ക് നവീകരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രക്ഷോഭം അക്രമാസക്തമായി. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കളടക്കം ആയിരത്തോളം വരുന്ന പ്രക്ഷോഭകരെ പോലീസ് അറസ്റ്റ് ചെയ്തതോടെ ഇസ്തംബൂള്‍ വീണ്ടും സ്തംഭിച്ചു. ഇസ്തംബൂളിലെ തക്‌സിം ചത്വരത്തില്‍ പതിനായിരക്കണക്കിന് പ്രക്ഷോഭകര്‍ സര്‍ക്കാര്‍വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി രംഗത്തെത്തി. പോലീസുമായി നടന്ന ഏറ്റുമുട്ടലില്‍ 53 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. പ്രക്ഷോഭകരുടെ ആക്രമണത്തില്‍ 26 പോലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്.
ഗാസി പാര്‍ക്ക് നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനമാണ് പിന്നീട് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി മാറിയത്. നിര്‍മാണ പ്രവൃത്തി നടന്നാല്‍ നൂറു കണക്കിന് മരങ്ങള്‍ നശിക്കുമെന്ന് ആരോപിച്ചായിരുന്നു ഇവരുടെ പ്രകടനം. പ്രക്ഷോഭം പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറ്റെടുത്തതോടെ കൂടുതല്‍ രൂക്ഷമായി മാറുകയും ചെയ്തു.
പോലീസ് അറസ്റ്റ് ചെയ്ത പ്രക്ഷോഭകരെയും പ്രാദേശിക നേതാക്കളെയും ഉടന്‍ വിട്ടയക്കണമെന്നും പോലീസിന്റെ ക്രൂരമായ അടിച്ചമര്‍ത്തല്‍ നടപടി അവസാനിപ്പിക്കണമെന്നു ആവശ്യപ്പെട്ടാണ് തക്‌സിം ചത്വരത്തില്‍ ഇന്നലെ പതിനായിക്കണക്കിനാളുകള്‍ ഒരുമിച്ച് കൂടിയത്.
അതിനിടെ, ഇസ്തംബൂളിലെ പ്രക്ഷോഭത്തിന്റെ അലയൊലികള്‍ തലസ്ഥാനമായ അങ്കാറയിലും ഉണ്ടായി. അങ്കാറയില്‍ ഒരു കൂട്ടം പ്രക്ഷോഭകര്‍ കടകളും വാഹനങ്ങളും തകര്‍ത്തു. മറ്റ് നഗരങ്ങളിലേക്കും പ്രക്ഷോഭം വ്യാപിച്ചിട്ടുണ്ടെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. 48 നഗരങ്ങളില്‍ 90 പ്രക്ഷോഭങ്ങള്‍ നടന്നിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി മുഅമ്മര്‍ ഗുലെര്‍ വ്യക്തമാക്കി. നഗരങ്ങളില്‍ ശക്തമായ പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രക്ഷോഭകര്‍ക്ക് നേരെ പോലീസ് എടുത്ത നടപടി ക്രൂരമായിട്ടുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും പ്രധാനമന്ത്രി ത്വയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കി. ആക്രമണം നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഗസി പാര്‍ക്കിന്റെ നവീകരണ പ്രവൃത്തിയുമായി മുന്നോട്ട് പോകുമെന്നും ഉര്‍ദുഗാന്‍ വ്യക്തമാക്കി.
തുര്‍ക്കി പോലീസിന്റെ നടപടിയെ അമേരിക്കയും ബ്രിട്ടനും അപലപിച്ചു. പോലീസിന്റെ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ആയിരത്തോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും ആംനസ്റ്റി ഇന്റര്‍നാഷനല്‍ വക്താക്കള്‍ അറിയിച്ചു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.