ഈജിപ്ത് സര്‍ക്കാറിനെതിരെ വീണ്ടും കോടതി

Posted on: June 3, 2013 8:56 am | Last updated: June 3, 2013 at 8:56 am
SHARE

muhammet-mursi

കൈറോ: ഈജിപ്തിലെ മുഹമ്മദ് മുര്‍സി സര്‍ക്കാറിന് കടുത്ത തിരിച്ചടിയേകി പരമോന്നത കോടതി വിധി. രാജ്യത്തെ പാര്‍ലിമെന്റിന്റെ ഉപരി സഭയായ ശൂറാ കൗണ്‍സില്‍ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള നിയമം കോടതി റദ്ദാക്കി. ഭരണഘടനാവിരുദ്ധമാണ് നിയമമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്.
ഭരണഘടനാ രൂപവത്കരണത്തിനായി നിയോഗിച്ച കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചട്ടവും ഭരണഘടനാവിരുദ്ധമാണെന്ന് പരമോന്നത കോടതി വിധിച്ചിട്ടുണ്ട്. പാര്‍ലിമെന്റിന്റെ അധോസഭയിലേക്ക് പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നും ജഡ്ജ് മഹര്‍ അല്‍ ബഹീരി അധ്യക്ഷനായ ബഞ്ച് വിധിച്ചു. പുതിയ പാര്‍ലിമെന്റ് നിലവില്‍ വരുന്നത് വരെ ശൂറാ കൗണ്‍സില്‍ നിലനില്‍ക്കണമെന്നും വിധിയില്‍ പറയുന്നു. പുതിയ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന് കോടതി സമയം നിഷ്‌കര്‍ഷിച്ചിട്ടില്ല.
പുതിയ അധോസഭ നിലവില്‍ വരുന്നതോടെ ഇപ്പോഴുള്ള ശൂറാ കൗണ്‍സില്‍ സ്വാഭാവികമായും പിരിച്ചു വിടേണ്ടി വരുമെന്നതാണ് ഇന്നലത്തെ വിധിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യാഘാതം. ബ്രദര്‍ ഹുഡിന്റെ രാഷ്ട്രീയ രൂപമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ നേതാവായ പ്രസിഡന്റ് മുഹമ്മദ് മുര്‍സി കൊണ്ടുവന്ന സുപ്രധാന നിയമങ്ങളാണ് പുതിയ കോടതി വിധിയോടെ അസാധുവാകുന്നത്. ഈ നിയമങ്ങളെ ചോദ്യം ചെയ്ത് അഭിഭാഷകര്‍ നല്‍കിയ ഒരു കൂട്ടം ഹരജികള്‍ പരിഗണിച്ചാണ് കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്.
പുതിയ ഭരണഘടന രൂപവത്കരിക്കാനായി മുര്‍സി സര്‍ക്കാര്‍ 100 അംഗ അസംബ്ലിയെ നിയോഗിച്ചിരുന്നു. ഈ സമിതി രൂപം നല്‍കിയ ഭരണഘടനക്ക് ഹിതപരിശോധനയില്‍ അംഗീകാരം ലഭിക്കുകയും ചെയ്തു. പരമോന്നത കോടതി വിധിയോടെ പുതിയ ഭരണഘടന തന്നെ അസാധുവാകുകയാണ്. പഴുതുകളുള്ളതും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതുമായ നിയമങ്ങള്‍ കൊണ്ടുവരാന്‍ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള ശൂറാ കൗണ്‍സിലിനെ ഉപയോഗിക്കുകയാണ് മുര്‍സി സര്‍ക്കാറെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
ഹുസ്‌നി മുബാറക്കിന്റെ കാലത്ത് നിയമിതരായ ജഡ്ജിമാരെ പിരിച്ചുവിട്ട് നീതിന്യായ വിഭാഗം അടിമുടി പരിഷ്‌കരിക്കാന്‍ മുര്‍സി ശ്രമം തുടങ്ങിയ ഘട്ടത്തിലാണ് സുപ്രധാന വിധിയോടെ കോടതി രംഗത്തെത്തിയിരിക്കുന്നത്.