Connect with us

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ വേണ്ടത്ര ഡോക്ടര്‍മാരില്ലെന്ന് കണക്കുകള്‍

Published

|

Last Updated

doctor 2തിരുവനന്തപുരം: മരണഭീതി പടര്‍ത്തി പകര്‍ച്ചപ്പനി പടര്‍ന്നു പിടിക്കുമ്പോഴും സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ വിദഗ്ധ ചികിത്സ നല്‍കാന്‍ വേണ്ടത്ര ഡോക്ടര്‍മാരില്ല എന്നത് സ്ഥിതി രൂക്ഷമാക്കുന്നു.
സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെയും ജീവനക്കാരേയും നിയമിച്ചുവെന്നും കാസര്‍കോട് മാത്രമാണ് ഒഴിവുള്ളതെന്നുമുള്ള ആരോഗ്യമന്ത്രിയുടെ അവകാശവാദം തെറ്റാണെന്ന് ഔദ്യോഗിക രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. രോഗികളെ പരിചരിക്കാന്‍ നഴ്‌സുമാരുമില്ലെന്നും ആരോഗ്യവകുപ്പ് നല്‍കിയ കണക്കുകള്‍ തന്നെയാണ് വ്യക്തമാക്കുന്നത്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ മാത്രം 249 ഡോക്ടര്‍മാരുടെ ഒഴിവുകള്‍ പി എസ് സി്ക്ക് റിപോര്‍ട്ട് ചെയ്തതായാണ് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കിയ കണക്കുകളില്‍ പറയുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 101 ഡോക്ടര്‍മാരുടെ ഒഴിവുണ്ടെന്നാണ് രേഖ. ആലപ്പുഴ- 73, തൃശൂര്‍- 69, കോട്ടയം- 35, തിരുവനന്തപുരം- 10 എന്നിങ്ങനെയാണ് മറ്റ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍. പ്രാഥമികാരോഗ്യകേന്ദ്രം മുതല്‍ ജില്ലാ ജനറല്‍ ആശുപത്രികള്‍ വരെയുള്ളിടങ്ങളിലും വിദഗ്ധ ഡോക്ടര്‍മാരുടെ കുറവുള്ളതായും രേഖകള്‍ വ്യക്തമാക്കുന്നു.
ഈ വര്‍ഷം 55 സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ വിരമിച്ചതുള്‍പ്പെടെ 175 ഒഴിവുകളാണ് ഈ മേഖലയിലുള്ളത്. ഇതില്‍ ഏറെ ഒഴിവും പനിക്ക് ചികിത്സ നല്‍കേണ്ട ജനറല്‍ മെഡിസിന്‍ വിഭാഗത്തിലാണ്.
ആശുപത്രികളിലെ അസിസ്റ്റന്റ് സര്‍ജന്‍മാരുടെ ഒഴിവുകള്‍ മാത്രമാണ് സര്‍ക്കാര്‍ നികത്തിയിട്ടുള്ളത്. സ്‌പെഷ്യാലിറ്റികളിലെ ഒഴിവ് തികക്കാന്‍ സര്‍ക്കാറിനായിട്ടില്ല. പല പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും എന്‍ ആര്‍ എച്ച് എം ഡോക്ടര്‍മാരുടെ സേവനമാണ് പ്രയോജനപ്പെടുത്തിയിട്ടുള്ളത്. മെഡിക്കല്‍ കോളജുകളില്‍ മാത്രം 178 നഴ്‌സുമാരുടെ ഒഴിവുണ്ടെന്നാണ് കണക്ക്. ഡോക്ടര്‍മാരെയും നഴ്‌സുമാരെയും അടിയന്തരമായി നിയമിച്ചില്ലെങ്കില്‍ ചികിത്സാ പ്രതിരോധനടപടികള്‍ വരും ദിവസങ്ങളില്‍ അവതാളത്തിലാകുമെന്ന സൂചനയാണിത് നല്‍കുന്നത്.

 

Latest