കേരളം സമ്പൂര്‍ണ കമ്പ്യൂട്ടര്‍വത്കൃത സംസ്ഥാനമാകുന്നു

Posted on: June 3, 2013 8:47 am | Last updated: June 3, 2013 at 8:47 am
SHARE

eകണ്ണൂര്‍:സാമൂഹികക്ഷേമ പദ്ധതിയുടെ നടത്തിപ്പിലും വികസന പ്രവര്‍ത്തനങ്ങളിലും വിവരസാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തി രാജ്യത്തെ ആദ്യ സമ്പൂര്‍ണ കമ്പ്യൂട്ടര്‍വത്കൃത സംസ്ഥാനമായി കേരളം മാറുന്നു. താഴെത്തട്ട് മുതല്‍ സേവനങ്ങള്‍ നടപ്പാക്കുന്നതിന് അഖിലേന്ത്യാ തലത്തില്‍ തയ്യാറാക്കിയ ഇ പഞ്ചായത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയാണ് കേരളം ഐ ടി മേഖലയില്‍ ലക്ഷ്യം കൈവരിച്ചിരിക്കുന്നത്. 
ഒരു കമ്പ്യൂട്ടറും ഇന്റര്‍നെറ്റുമുണ്ടെങ്കില്‍ ലോകത്തിന്റെ ഏതുകോണില്‍ നിന്നും 24 മണിക്കൂറും സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ഇടപെടാന്‍ കഴിയുന്ന രീതിയിലുള്ള ഐ ടി സാധ്യതയാണ് സംസ്ഥാനം ഉപയോഗപ്പെടുത്തിയിട്ടുള്ളത്. സുരക്ഷിതവും ലളിതവും അതേസമയം ഉപഭോക്താക്കളുടെ സ്വകാര്യത ഉറപ്പ് വരുത്തുന്നതുമായ നൂതനമായ ഒട്ടേറെ സംവിധാനങ്ങളാണ് ഇ ഗവേണന്‍സിനായി നടപ്പാക്കിയിട്ടുള്ളത്.
വിവാഹ രജിസ്‌ട്രേഷന്‍, ജനന-മരണ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകള്‍, കെട്ടിട നിര്‍മാണ അനുമതി തുടങ്ങി എന്തിനും ഓഫീസുകള്‍ തോറും കയറിയിറങ്ങുന്നത് ഒഴിവാക്കാനുള്ള കമ്പ്യൂട്ടര്‍വത്കരണ പദ്ധതികള്‍ മുഴുവന്‍ പഞ്ചായത്തുകളിലും പൂര്‍ത്തീകരിക്കപ്പെട്ടുകഴിഞ്ഞു. ഒരു ഓഫീസില്‍ ഏതെങ്കിലും ആവശ്യത്തിനായി അപേക്ഷ നല്‍കിയാല്‍ അതെവിടെ, ആരുടെ പക്കലാണ്, നിലവില്‍ എന്തു നടപടി സ്വീകരിച്ചു തുടങ്ങി എല്ലാ കാര്യങ്ങളും സമഗ്രമായി അറിയാന്‍ ഇനി സാധ്യമാകും.
ഗ്രാമ പഞ്ചായത്തുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ശാക്തീകരിക്കുന്നതിനുള്ള കമ്പ്യൂട്ടര്‍വത്കരണം 978 പഞ്ചായത്തുകളും നടപ്പാക്കിക്കഴിഞ്ഞു. ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഇലക്‌ട്രോണിക്കായി നിര്‍വഹിക്കുന്നതിനുവേണ്ടി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച പത്തോളം സോഫ്റ്റ്‌വെയറുകളാണ് വിന്യസിച്ചിട്ടുള്ളത്.
സുലേഖ, സഞ്ച, സചിത്ര, സംവേദിത, സൂചിക, സുഗമ, സത്കര്‍മ തുടങ്ങിയ പേരിലറിയപ്പെടുന്നവയാണ് ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയറുകള്‍. രണ്ട് പഞ്ചവത്സര ജനകീയാസൂത്രണ പദ്ധതികളുടെ രൂപവത്കരണം, അംഗീകാരം, ചെലവ് വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ‘സുലേഖ’ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് നടപ്പാക്കിവരുന്നത്.
ജനനമോ മരണമോ രജിസ്റ്റര്‍ ചെയ്താല്‍ 24 മണിക്കൂറിനകം സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയുന്ന സംവിധാനം എല്ലാ പഞ്ചായത്തുകളിലും പദ്ധതിയുടെ തുടക്കത്തില്‍ തന്നെ നടപ്പാക്കിയിരുന്നു.
ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ പൊതുജനങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളില്‍ പോകാതെ ഇന്റര്‍നെറ്റ് വഴി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നതിനും സംവിധാനമുണ്ട്. 2008ലെ പൊതു വിവാഹ ചട്ടങ്ങള്‍ക്കനുസരിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ളവര്‍ക്കും അക്ഷയ കേന്ദ്രങ്ങള്‍, ഇന്റര്‍നെറ്റ് കഫേകള്‍ എന്നിവിടങ്ങളില്‍ നിന്ന് പൊതുവിവാഹ രജിസ്‌ട്രേഷന് ആവശ്യമായ മെമ്മോറാണ്ടം ഇന്റര്‍നെറ്റ് വഴി രേഖപ്പെടുത്താന്‍ കഴിയുന്ന ഇ ഫയലിംഗ് സംവിധാനവും നടപ്പാക്കിയിട്ടുണ്ട്.
നവജാത ശിശുക്കളുടെ രോഗപ്രതിരോധ കുത്തിവെപ്പ് സംബന്ധമായ സന്ദേശങ്ങള്‍ മാതാപിതാക്കള്‍ക്ക് നല്‍കുന്നതിനുള്ള സംവിധാനവും ഏതാണ്ടെല്ലാ പഞ്ചായത്തുകളിലും നടപ്പാക്കിക്കഴിഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളിലെ മരാമത്ത് പണികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കല്‍ തുടങ്ങി ബില്ല് നല്‍കുന്നതുവരെയുള്ള കാര്യങ്ങള്‍ ഞൊടിയിടയില്‍ ചെയ്തുതീര്‍ക്കുന്നതിനും സംവിധാനം തയ്യാറായിട്ടുണ്ട്. ‘സുഗമ’ എന്ന അപ്ലിക്കേഷനിലൂടെ ഒരു പദ്ധതിക്ക് ചെലവിടുന്ന സാധനങ്ങളുടെയും തൊഴിലാളികളുടെയും കണക്കും വിവരങ്ങളും കൈവിരല്‍ത്തുമ്പില്‍ ലഭ്യമാകും.
ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ തത്സമയം ലഭ്യമാകുന്നതുള്‍പ്പെടെ നിരവധി കാര്യങ്ങള്‍ പഞ്ചായത്തുകളില്‍ കമ്പ്യൂട്ടര്‍വത്കരിച്ചിട്ടുണ്ട്. ഇ ഗവേണന്‍സിലൂടെ ഭരണകാര്യങ്ങളില്‍ സാധാരണക്കാരടക്കമുള്ള പൊതുജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തവും ക്രിയാത്മകമായ ഇടപെടലുകളും യാഥാര്‍ഥ്യമാക്കാനാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തിരുവനന്തപും, കൊല്ലം, കാസര്‍കോട് ജില്ലകളിലാണ് ഏറ്റവുമാദ്യം പഞ്ചായത്തുകളിലെ കമ്പ്യൂട്ടര്‍വത്കരണം പൂര്‍ത്തിയാക്കിയത്.