Connect with us

National

രഹസ്യാന്വേഷണ വിവരങ്ങള്‍ കൈമാറാന്‍ ഇന്ത്യ- നേപ്പാള്‍ ധാരണ

Published

|

Last Updated

കാഠ്മണ്ഡു: ഭീകരവാദത്തിനും കുറ്റകൃത്യങ്ങള്‍ക്കുമെതിരെ പോരാടുന്നതിന്റെ ഭാഗമായി പരസ്പരം രഹസ്യാന്വേഷണ വിവരങ്ങള്‍ കൈമാറാന്‍ ഇന്ത്യയും നേപ്പാളും കരാറില്‍ ഒപ്പ് വെച്ചു. ആഭ്യന്തര സെക്രട്ടറി തലത്തില്‍ നടക്കുന്ന വാര്‍ഷിക കൂടിക്കാഴ്ചയിലാണ് ഇന്ത്യയുടെ ആഭ്യന്തര സെക്രട്ടറി ആര്‍ കെ സിംഗും നേപ്പാള്‍ ആഭ്യന്തര സെക്രട്ടറി നവീന്‍ കുമാര്‍ ഗിമിരെയും കരാറില്‍ ഒപ്പ് വെച്ചത്. അതിര്‍ത്തിയില്‍ പരസ്പര സഹകരണത്തിനും കൂടുതല്‍ ജാഗ്രതക്കും ഇരുരാജ്യങ്ങളും കരാറിലെത്തിയിട്ടുണ്ട്.
ദിവസം മുഴുവന്‍ നീണ്ടുനിന്ന ചര്‍ച്ചയില്‍, ഇരുരാജ്യങ്ങളിലെയും അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ സുരക്ഷയും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളുമാണ് മുഖ്യമായി ചര്‍ച്ച ചെയ്തതെന്ന് നേപ്പാള്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
മനുഷ്യക്കടത്ത്, മയക്കുമരുന്ന് കടത്ത,് നിയമവിരുദ്ധമായ വ്യാപാരം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു. നേപ്പാള്‍ വഴി ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റത്തിന്റെ പുതിയ ഭീഷണി സംബന്ധിച്ച് ഇന്ത്യ തങ്ങളുടെ ഉത്കണ്ഠ നേപ്പാളിനെ അറിയിച്ചിട്ടുണ്ട്.
ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണത്തില്‍ ഇന്ത്യക്കുള്ള താത്പര്യവും ആര്‍ കെ സിംഗ് എടുത്തുപറഞ്ഞു.
ജയില്‍ മാനേജ്‌മെന്റ്, കുടിയേറ്റ മാനേജ്‌മെന്റ്, പ്രദേശിക ഭരണം എന്നീ വിഷയങ്ങളില്‍ നേപ്പാള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യ പരിശീലനം നല്‍കാനും തീരുമാനമായിട്ടുണ്ട്.
2012ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള സെക്രട്ടറിതല കൂടിക്കാഴ്ചയില്‍ കൈക്കൊണ്ട തീരുമാനങ്ങളുടെ പുരോഗതിയും ചര്‍ച്ചയില്‍ വിലയിരുത്തി.