Connect with us

Gulf

കുവൈത്തില്‍ ഒരു ലക്ഷം പേര്‍ക്ക് യാത്രാ വിലക്ക്‌

Published

|

Last Updated

കുവൈത്ത് സിറ്റി: സ്വദേശികളും വിദേശികളുമായി ഒരു ലക്ഷം പേര്‍ക്ക് കുവൈത്തില്‍ യാത്രാ വിലക്ക് നിലനില്‍ക്കുന്നതായി ആഭ്യന്തര സുരക്ഷാ വകുപ്പിനെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ 58,000 കുവൈത്തി പൗരന്മാരും 12 രാജ്യങ്ങളില്‍ നിന്നുള്ള 42,000 വിദേശികളുമാണുള്ളതെന്നും വിദേശികളില്‍ മുഖ്യമായും ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ഈജിപ്ത്, സിറിയ, ലബനാന്‍, ഫിലിപ്പൈന്‍സ് എന്നീ രാജ്യക്കാരാണെന്നും ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

മുഖ്യമായും സാമ്പത്തിക കുറ്റമാണ് വിദേശികള്‍ക്കെതിരെ ചുമത്തപ്പെട്ടിട്ടുള്ളതെന്നും സാമ്പത്തിക ഇടപാടുകള്‍ തീര്‍ക്കുന്നതോടെ യാത്രാ വിലക്ക് നീങ്ങുമെന്നും അധികൃതര്‍ വ്യക്തമാക്കി.
അതിനിടെ, കുവൈത്തിലെ അനധികൃത താമസക്കാരെ തേടിയുള്ള പോലീസ് റെയ്ഡ്, വിദേശികളുടെ വസതികള്‍ കയറിയുള്ള ചെക്കിംഗിലേക്ക് നീങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന അജാസിയയിലെ “നായിഫ് ചിക്കന്‍” പരിസരത്തെ മൂന്ന് കെട്ടിടങ്ങളില്‍ രാത്രിയില്‍ കയറി പരിശോധന നടത്തിയതായി പരിസരവാസികള്‍ പറഞ്ഞു. പക്ഷേ, ആരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ തങ്ങളുടെ അടുത്ത ബന്ധത്തില്‍പ്പെട്ടവരെ ഗാര്‍ഹിക വിസയിലും അഗ്രിക്കള്‍ച്ചര്‍ വിസയിലും കൊണ്ടുവന്ന് കൂടെ താമസിപ്പിക്കുന്ന കുടുംബങ്ങള്‍ ഭീതിയിലായിരിക്കുകയാണ്. പല വീട്ടമ്മമാരും തങ്ങളുടെ ഫഌറ്റുകളില്‍ വെച്ച് സ്വകാര്യ ട്യൂഷന്‍ നല്‍കുന്നത് നിര്‍ത്തിവെച്ചിട്ടുണ്ട്. ഭര്‍ത്താവ് പകല്‍ സമയത്ത് ജോലിക്ക് പോകുമ്പോഴുണ്ടാകുന്ന ഒറ്റപ്പെടലില്‍ നിന്നുള്ള മോചനമായും അല്‍പ്പം വരുമാനം പ്രതീക്ഷിച്ചും ചെയ്യുന്ന സ്വകാര്യ ട്യൂഷന്‍ കൂടി പോലീസ് നിരീക്ഷണത്തിലായത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് മലയാളികളെയാണ്.
അതേസമയം, ഇതിനകം പിടികൂടപ്പെട്ടവരുടെയും കയറ്റിയയക്കപ്പെട്ടവരുടെയും ഏറ്റവും പ്രധാനമായതും അടിയന്തരമായി പരിഹരിക്കപ്പെടേണ്ടതുമായ പ്രശ്‌നം, ഇനി തിരികെ ഗള്‍ഫിലേക്ക് പോകാന്‍ കഴിയില്ല എന്നതാണ്. എന്നാല്‍, ഇന്ത്യന്‍ അധികൃതര്‍ ഇതിന്റെ ഗൗരവം ഉള്‍ക്കൊണ്ടിട്ടില്ല. വിദേശകാര്യ വകുപ്പും പ്രവാസികാര്യ വകുപ്പും ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

 

മന്ത്രി ജോസഫ് കുവൈത്തിലേക്ക്
തിരുവനന്തപുരം: കുവൈത്തിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് ഇന്ത്യന്‍ എംബസി അധികൃതരുമായി ചര്‍ച്ച നടത്താന്‍ സംസ്ഥാന പ്രവാസികാര്യ മന്ത്രി കെ സി ജോസഫ് ഈയാഴ്ച കുവൈത്തിലേക്കു പോകും. മുഖ്യമന്ത്രി നിര്‍ദേശിച്ചത് അനുസരിച്ചാണ് അടിയന്തര സന്ദര്‍ശനം.
കുവൈത്തില്‍ നിന്ന് മുന്നറിയിപ്പില്ലാതെ ഇന്ത്യക്കാരടക്കമുള്ള വിദേശത്തൊഴിലാളികളെ നാടുകടത്തുന്ന സംഭവത്തില്‍ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്കും കുവൈത്ത് അംബാസഡര്‍ക്കും മന്ത്രി കെ സി ജോസഫ് കത്തയച്ചു. ഇന്ത്യന്‍ എംബസിയെപ്പോലും അറിയിക്കാതെയാണ് ഇന്ത്യക്കാരെ തിരിച്ചയക്കുന്നതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.

 

തിരിച്ചയച്ചത് നിയമം ലംഘിച്ചവരെ: സ്ഥാനപതി
ന്യൂഡല്‍ഹി: കുവൈത്തില്‍ നിന്ന് തിരിച്ചയച്ചത് നിയമം ലംഘിച്ച് രാജ്യത്ത് തങ്ങിയവരെ മാത്രമാണെന്ന് ഇന്ത്യയിലെ കുവൈത്ത് സ്ഥാനപതി സാമി അല്‍ സുലൈമാന്‍ അറിയിച്ചു. അനധികൃത താമസക്കാരെ തിരിച്ചയക്കുന്ന വിവരം ഇന്ത്യന്‍ എംബസിക്ക് കൈമാറിയിരുന്നു. കുവൈത്തിലേക്ക് പുതുതായി വിസ നല്‍കുന്നതിനും വിസ പുതുക്കി നല്‍കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം പറഞ്ഞു.
അതേസമയം, കുവൈത്തിലെ ഇന്ത്യക്കാരുടെ എണ്ണം അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്വദേശിവത്കരണ പ്രശ്‌നത്തില്‍ ഇടപെടേണ്ടത് പ്രവാസികാര്യ വകുപ്പാണെന്നും ഇ അഹമ്മദ് വ്യക്തമാക്കി.