ലുലു മാള്‍: കൈയേറ്റമില്ലെന്ന് പ്രാഥമിക നിഗമനം

Posted on: June 3, 2013 8:24 am | Last updated: June 3, 2013 at 8:24 am
SHARE

കൊച്ചി: മെട്രോ റെയില്‍ സ്റ്റേഷന് വേണ്ടി ഇടപ്പള്ളിയില്‍ അളന്നു തിരിച്ചിരുന്ന സ്ഥലത്തോട് ചേര്‍ന്ന് ലുലു മാള്‍ കൈയേറ്റം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് റവന്യൂ ഉദ്യോഗസ്ഥ സംഘം ലുലു മാള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് റീസര്‍വേ തുടങ്ങി. വിവാദമായ ഇടപ്പള്ളി തോടിനോട് ചേര്‍ന്ന് കൈയേറ്റം നടന്നിട്ടില്ലെന്നാണ് റിസര്‍വേ സംഘത്തിന്റെ പ്രാഥമിക നിഗമനം. ഇടപ്പള്ളി തോടിനോട് ചേര്‍ന്ന ഭാഗത്ത് അളന്നു തിരിച്ച് കല്ലിട്ടതിന്റെ പുറത്താണ് ലുലുവിന്റെ മതില്‍ നിര്‍മിച്ചിരിക്കുന്നതെന്ന് പ്രാഥമിക പരിശോധനയില്‍ റവന്യൂ സംഘത്തിന് ബോധ്യമായി. എന്നാല്‍, ഇവിടെ ഇന്നും അളവ് നടത്തുമെന്നും അതിന് ശേഷം മാത്രമേ വ്യക്തമായ നിഗമനത്തിലെത്താന്‍ കഴിയൂവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ലുലു മാള്‍ ഇരിക്കുന്ന സ്ഥലത്തിന്റെ ദേശീയ പാതയോട് ചേര്‍ന്ന സ്ഥലത്താണ് ഇന്നലെ പ്രധാനമായും റീസര്‍വേ നടന്നത്. ഇവിടെയെല്ലാം സര്‍വേ കല്ലുകള്‍ക്കുള്ളില്‍ തന്നെയാണ് നിര്‍മാണം നടന്നിട്ടുള്ളതെന്ന് പരിശോധനയില്‍ ബോധ്യമായിട്ടുണ്ട്. എന്നാല്‍, പിന്‍ഭാഗത്ത് കാടുപിടിച്ചു കിടക്കുന്ന ഭാഗത്ത് അതിര്‍ത്തിക്കല്ലുകള്‍ കാണാന്‍ കഴിയാത്തതിനാല്‍ കാട് വെട്ടിത്തെളിക്കാന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് ശേഷം ഇന്ന് ഇവിടെ പരിശോധന നടക്കും. റീസര്‍വേ പൂര്‍ത്തിയാക്കിയ ശേഷം റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്കാണ് കൈമാറുക. മെട്രോ റെയില്‍ സര്‍വേ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ മോഹന്‍ദാസ് പിള്ളയുടെ നേതൃത്വത്തില്‍ കണയന്നൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ കൃഷ്ണകുമാരി, വില്ലേജ് ഓഫീസര്‍ സാബു, സര്‍വേയര്‍ എന്നിവരടങ്ങുന്ന സംഘമാണ് റീസര്‍വേ നടത്തുന്നത്.
ഒരു വര്‍ഷം മുമ്പ് കെ എം ആര്‍ എല്‍ നല്‍കിയ പരാതി വിവാദമായതിന്റെ പശ്ചാത്തലത്തില്‍ ലുലു മാള്‍ ഉള്‍പ്പെടുന്ന മേഖലയില്‍ റീസര്‍വേ നടത്താന്‍ ജില്ലാ കലക്ടര്‍ ബുധനാഴ്ചയാണ് ഉത്തരവിറക്കിയത്. കൈയേറ്റം ആരോപിച്ച് കൊച്ചി നഗരസഭക്കും കളമശ്ശേരി നഗരസഭക്കുമാണ് കെ എം ആര്‍ എല്‍ മാനേജിംഗ് ഡയറക്ടര്‍ കത്ത് നല്‍കിയത്. കൈയേറ്റമില്ലെന്ന നിലപാടാണ് അന്ന് കളമശ്ശേരി നഗരസഭ സ്വീകരിച്ചത്. സ്ഥലം ലുലു ഷോപ്പിംഗ് മാളിന്റെ ഉടമസ്ഥതയില്‍ തന്നെയുള്ളതാണെന്നും നഗരസഭാ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.