അധ്യയന വര്‍ഷം നന്മകളുടെതാകട്ടെ…

  Posted on: June 3, 2013 1:20 am | Last updated: June 3, 2013 at 1:26 am
  SHARE

  akbar kakkattilനവാഗതര്‍ക്ക് സ്വാഗതം. പുതിയ അധ്യയന വര്‍ഷം നന്മകളുടെതും സ്‌നേഹത്തിന്റെതുമാകട്ടെ. ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു വഴിത്തിരിവാണ് കുട്ടികളെ സംബന്ധിച്ചിടത്തോളം. രക്ഷിതാക്കളും സമൂഹവും ഉറ്റുനോക്കുന്ന മൂഹൂര്‍ത്തം. എല്ലാ വിധ ആശംസകളും.

  -അക്ബര്‍ കക്കട്ടില്‍

  മാനുഷിക മൂല്യങ്ങളെ സ്വാംശീകരിക്കണം

  Rafeeque Ahmedലോകത്തെ പഠിപ്പിച്ചവരാരും പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്കുകള്‍ വാങ്ങിയവരായിരുന്നില്ല. നബി, ക്രിസ്തു, ബുദ്ധന്‍ അങ്ങനെ എത്ര മഹത്തുക്കള്‍! ഏതോ മഹായുദ്ധത്തിന് തയ്യാറെടുപ്പിക്കുന്നതുപോലെയാണ് മാതാപിതാക്കള്‍ ഇപ്പോള്‍ കുട്ടികളെ പാഠശാലയിലേക്ക് അയക്കുന്നത്. പാഠപുസ്തകങ്ങള്‍ക്കു പുറത്തും പുസ്തകങ്ങളുണ്ട്. പള്ളിക്കൂടത്തിന്റെ വെളിയിലും അറിവുണ്ട്. സ്വതന്ത്രമായും സ്വന്തമായും ചിന്തിക്കാനുള്ള ശേഷിയുണ്ടാക്കുക; മാനുഷിക മൂല്യങ്ങളെ സ്വാംശീകരിക്കാനുള്ള മനസ്സുണ്ടാക്കുക എന്നതാകണം വിദ്യാഭ്യാസത്തിന്റെ യഥാര്‍ഥ ലക്ഷ്യം. പുതിയ അധ്യയന വര്‍ഷത്തില്‍ ഈ സത്യം വീണ്ടും ഓര്‍മിക്കുക.

  -റഫീക്ക് അഹമ്മദ്

  ദിശാബോധം ഉണ്ടാകണം

  susmesh-chandrothവിദ്യാഭ്യാസം എന്നത് കേവലം പാഠപുസ്തകങ്ങളുടെ കാണാപാഠം പഠിത്തമോ ഉയര്‍ന്ന മാര്‍ക്ക് വാങ്ങലോ മറ്റുള്ളവരെക്കാള്‍ മുന്നിലായി ഒന്നാമതെത്തുന്നതോ അല്ല. വിദ്യാഭ്യാസമെന്നാല്‍ ഏതൊരു ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും ആത്മവിശ്വാസത്തോടെയും ആത്മധൈര്യത്തോടെയും ഉത്തരവാദിത്വ ബോധത്തോടെയും സ്വയംപര്യാപ്തത നിറഞ്ഞ ജീവിതം നയിക്കാന്‍ പ്രാപ്തമാക്കലാണ്. നമ്മുടെ രാജ്യത്ത് പ്രചാരത്തിലുള്ള എല്ലാ വിദ്യാഭ്യാസ പദ്ധതികളിലും പങ്ക് ചേര്‍ന്ന് പഠിക്കാന്‍ എത്തുന്ന മുഴുവന്‍ വിദ്യാര്‍ഥിവിദ്യാര്‍ഥിനികള്‍ക്കും ഈ ഒരു ദിശാബോധം ഉണ്ടാകട്ടെ. ആശംസകള്‍.

  – സുസ്‌മേഷ് ചന്ത്രോത്ത്

  സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കട്ടെ

  p-k-gopiപുതിയ അധ്യയനവര്‍ഷം ഏതൊരു മലയാളിക്കും അഭിമാനിക്കാനും ആഹ്ലാദിക്കാനും കഴിയുന്ന വാര്‍ത്ത നാം കേട്ടു. മലയാള ഭാഷ ശ്രേഷ്ഠ പദവിയിലേക്ക് അംഗീകരിക്കപ്പെട്ടതിന്റെ ഫലങ്ങളെല്ലാം നമ്മുടെ പുതിയ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ടതുണ്ട്. അതിനര്‍ഥം മറ്റു ഭാഷകളെ ഏതെങ്കിലും തരത്തില്‍ അവഗണിക്കണം എന്നല്ല. മലയാള ഭാഷ മാതൃഭാഷ ആയിരിക്കുന്നതിനാല്‍ ആത്മവാത്സല്യത്തോടെ പറയാനും അറിയാനും നമ്മുടെ കുട്ടികള്‍ക്ക് കഴിയണം. ഒന്നാം ഭാഷയായി മലയാളത്തെ അംഗീകരിക്കാന്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ തയ്യാറാകണം. അങ്ങനെ മണ്ണിനെയും മനുഷ്യരെയും കൂടുതല്‍ മൂല്യബോധത്തോടെ സ്‌നേഹിക്കുന്ന ഒരു തലമുറയുടെ സംസ്‌കാരം രൂപപ്പെടും എന്നു ഞാന്‍ കരുതുന്നു. എല്ലാവര്‍ക്കും അവരവരുടെ സ്വപ്‌നസാക്ഷാത്കാരത്തിനുള്ള അനുഗ്രഹം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.

  – പി കെ ഗോപി