Connect with us

Kerala

മൂന്നര ലക്ഷം കുരുന്നുകള്‍ ഇന്ന് അക്ഷരമുറ്റത്തേക്ക്

Published

|

Last Updated

തിരുവനന്തപുരം: രണ്ട് മാസത്തെ മധ്യവേനലവധി കഴിഞ്ഞ് സംസ്ഥാനത്ത് വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും. സംസ്ഥാനത്തെ 12,644 സ്‌കൂളുകളിലായി മൂന്ന് ലക്ഷത്തോളം കുട്ടികളാണ് ഇന്ന് ഒന്നാം ക്ലാസിലെത്തുന്നത്. ആദ്യദിനമായ ഇന്ന് ഉച്ച കഴിയുവോളം വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലുണ്ടാകും. സാധാരണയായി ആദ്യ ദിനം പതിനൊന്ന് മണിക്ക് സകൂള്‍ വിട്ട് കുട്ടികള്‍ വീട്ടിലേക്കു പോകുകയാണ് പതിവ്. ഈ രീതി അവസാനിപ്പിച്ച് ആദ്യ ദിനം ആഘോഷമാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം.

ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കി. മികച്ച പഠനം ഉറപ്പ് വരുത്താന്‍ ആവശ്യമായതെല്ലാം സ്‌കൂളുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ പത്തിന് കോഴിക്കോട് മീഞ്ചന്ത വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിള്‍ നടക്കും. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് ഉദ്ഘാടനം ചെയ്യും. സാമൂഹ്യക്ഷേമ മന്ത്രി എം കെ മുനീര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

പ്രവേശനോത്സവത്തോട് അനുബന്ധിച്ച് മന്ത്രി പി കെ അബ്ദുര്‍റബ്ബ് രചിച്ച് എസ് എസ് എ പ്രസിദ്ധീകരിച്ച രക്ഷാകര്‍തൃ സമിതിക്കുള്ള കൈപ്പുസ്തകമായ “പഠിപ്പിക്കുക പരിരക്ഷിക്കുക” പ്രകാശനം ചെയ്യും. ഓരോ സ്‌കൂളിലും പ്രധാന അധ്യാപകന്‍ പി ടി എ പ്രസിഡന്റിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിക്കുക. തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രിയുടെ പ്രഥമദിന സന്ദേശം പ്രധാനാധ്യാപകന്‍ വായിക്കും.

Latest