കേരളം പനിച്ചൂടില്‍

Posted on: June 2, 2013 9:36 am | Last updated: June 2, 2013 at 1:31 pm
SHARE

തിരുവനന്തപുരം: ജനങ്ങളെ ഭീതിയിലാക്കി സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടര്‍ന്നുപിടിക്കുന്നു. പനി ബാധിച്ച് ഇന്നലെ മൂന്ന് പേര്‍ കൂടി മരിച്ചു. ഇതോടെ പകര്‍ച്ചവ്യാധികള്‍ മൂലം ഈ വര്‍ഷം മരിച്ചവരുടെ എണ്ണം 85 ആയി. രണ്ടാഴ്ചക്കിടെ ഡെങ്കിപ്പനി ബാധിച്ച് ഇരുപത് പേരാണ് സംസ്ഥാനത്ത് മരിച്ചത്. ഇന്നലെ മാത്രം 11,641 പേരാണ് പകര്‍ച്ചപ്പനി ബാധിച്ച് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഡെങ്കിപ്പനി, എലിപ്പനി, എച്ച്1 എന്‍1, വൈറല്‍പ്പനി, മഞ്ഞപ്പിത്തം, തുടങ്ങിയ പകര്‍ച്ചവ്യാധികളാണ് സംസ്ഥാനത്ത് പടര്‍ന്നു പിടിക്കുന്നത്. മഴക്കാലത്ത് പകര്‍ച്ചപ്പനി പടര്‍ന്നു പിടിക്കുന്നതിനിടെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരം ആരംഭിച്ചത് പ്രതിരോധപ്രവര്‍ത്തങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. സമരം ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തിലേക്ക് മാറിയാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാവും.
അഞ്ച് മാസത്തിനിടെ സംസ്ഥാനത്ത് പനി ബാധിച്ചവരുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞുവെന്ന ഞെട്ടിപ്പിക്കുന്ന കണക്കാണ് ആരോഗ്യ വകുപ്പ് ഔദ്യോഗികമായി പുറത്തുവിട്ടത്. സ്വകാര്യ ആശുപത്രികളിലെ കണക്കുകള്‍ കൂടി ലഭിച്ചാല്‍ സ്ഥിതിഗതികള്‍ ഭയാനകമാകും. പകര്‍ച്ചപ്പനി, ഡെങ്കിപ്പനി, എച്ച്1 എന്‍1 ബാധമൂലം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ജനങ്ങള്‍ ആശങ്കയിലാണ്. സംസ്ഥാനത്ത് ഇന്നലെ പനി ബാധിച്ച് മരിച്ച മൂന്ന് പേരും തലസ്ഥാനവാസികളാണ്.
സംസ്ഥാനത്ത് 38 പേര്‍ക്കുകൂടി ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനാല് പേര്‍ക്കും കൊല്ലത്ത് നാല് പേര്‍ക്കും കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ ആറ് പേര്‍ക്കു വീതവും ഇടുക്കി കോഴിക്കോട് ജില്ലകളില്‍ രണ്ട് പേര്‍ക്ക് വീതവും ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഒരാള്‍ക്കു വീതവുമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. വിവിധ ജില്ലകളില്‍ നിന്നായി 212 പേര്‍ ഡെങ്കിപ്പനി ബാധയെന്ന സംശയത്തിന്റെ പേരില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
സംസ്ഥാനത്ത് ഏറ്റവുമധികം പടരുന്നത് ഡെങ്കിപ്പനിയാണ്. കോട്ടയത്ത് മാത്രം ഇതുവരെ 22 പേരാണ് ഡങ്കിപ്പനി ബാധിച്ച് മരിച്ചത്. തെക്കന്‍ ജില്ലകളിലാണ് ഡെങ്കി വ്യാപകമായി പടര്‍ന്നുപിടിക്കുന്നത്. സംസ്ഥാനത്ത് 2,125 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 1500ഉം തിരുവനന്തപുരം ജില്ലക്കാരാണ്. ഡെങ്കി വൈറസിന് ജനിതകമാറ്റം സംഭവിച്ച സാഹചര്യത്തില്‍ രോഗം കൂടുതല്‍ മാരകമാകുമെന്നും മരണനിരക്ക് ഉയരുമെന്നും ചൂണ്ടിക്കാട്ടി ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
മലപ്പുറം, കോഴിക്കോട് മേഖലകളില്‍ മഞ്ഞപ്പിത്തമാണ് പടരുന്നത്. വൃത്തിയില്ലാത്ത പരിസരം, ശുചിയാക്കാത്ത ഭക്ഷണം എന്നിവ മൂലമാണ് മഞ്ഞപ്പിത്തം പടരുന്നത്. സംസ്ഥാനത്ത് മഞ്ഞപ്പിത്തബാധിതരുടെ എണ്ണം ഇതിനോടകം 3,500 കടന്നു. 283 പേര്‍ക്ക് എലിപ്പനി ബാധിച്ചതില്‍ 18 പേരാണ് മരിച്ചത്. മലേറിയബാധിതരുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. വയറിളക്കരോഗങ്ങള്‍ 16,000 കടന്നപ്പോള്‍ കോളറ പിടിപെട്ടത് പതിനാല് പേര്‍ക്കാണെന്നാണ് ഔദ്യോഗിക കണക്കുകള്‍.