Connect with us

Malappuram

എടപ്പാളില്‍ വയല്‍ നികത്തല്‍ വ്യാപകം

Published

|

Last Updated

എടപ്പാള്‍: എടപ്പാള്‍ മേഖലയില്‍ വയല്‍ നികത്തല്‍ വ്യാപകമായി നടക്കുമ്പോഴും നടപടിയെടുക്കാതെ അധികൃതര്‍. പോട്ടൂര്‍ ചേകനൂരിനടുത്ത പുത്തംകുളം, ചോലക്കുന്ന്, മൂത്തുര്‍ പാറ, മാണൂര്‍, നടുവട്ടത്തിനടുത്ത പറപ്പൂപ്പാടം, കാന്തള്ളൂര്‍പാടം, പയ്യങ്ങാട്ടില്‍ താഴം, പോത്തനൂര്‍, നീലിയാട്, വെള്ളിലം കോട്ടതാഴം എന്നിവിടങ്ങളിലാണ് വ്യാപകമായ രീതിയില്‍ വയല്‍ നികത്തല്‍ നടക്കുന്നത്.
അഞ്ച് സെന്റ് സ്ഥലത്ത് വീട് വെക്കുന്നതിന് സ്ഥലം നികത്തു ന്നതിനായി അനുമതി വാങ്ങുകയും അതിന്റെ മറവില്‍ ചുറ്റുമുള്ള വയല്‍ പ്രദേശം നികത്തുന്ന ശൈലിയാണ് അവലംബിച്ചുകൊണ്ടിരിക്കുന്നത്. അതോടൊപ്പം പ്രധാന റോഡില്‍ നിന്നും വയല്‍ പ്രദേശങ്ങളിലൂടെ പുതിയ പോക്കറ്റ് റോഡുകളുടെ നിര്‍മാണവും വ്യാപകമായി നടന്നുകൊണ്ടിരിക്കുകയാണ്. പോട്ടൂരിലെ വയല്‍ നികത്തലിനെതിരെ വട്ടംകുളം വില്ലേജ് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടും നടപടികള്‍ ഒന്നും ഉണ്ടായില്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറയുന്നു.
അണ്ണക്കമ്പാട് മുത്തൂര്‍ റോഡില്‍ ഒന്നരയേക്കറോളം വയലില്‍ വലിയ കിടങ്ങുകളാണ് കഴിഞ്ഞ ദിവസം നിര്‍മിക്കപ്പെട്ടിരിക്കുന്നത്. പച്ചക്കറി മാലിന്യം നിക്ഷേപിക്കാനാണ് കിടങ്ങുകള്‍ നിര്‍മിക്കുന്നതെന്നാണ് സ്ഥല ഉടമയുടെ വിശദീകരണം. നേരത്തെ വയല്‍ പ്രദേശങ്ങളില്‍ വീട് വെച്ചിരുന്നവര്‍ വളരെയധികം സാമ്പത്തികം കുറഞ്ഞ വിഭാഗത്തില്‍ പെട്ടവരായിരുന്നു. എന്നാല്‍ സാമ്പത്തികമായി ഉയര്‍ന്ന വിഭാഗത്തില്‍പ്പെട്ടവരാണ് വയല്‍ നികത്തി വീടുകള്‍ നിര്‍മിക്കുന്നത്. വാഴ കൃഷിയുടെയും പച്ചക്കറി കൃഷിയുടേയും മറവില്‍ വയല്‍ നികത്തല്‍ വ്യാപകമാവുകയാണ്.

Latest