നന്നംമുക്കില്‍ ഭരണ പ്രതിസന്ധി

Posted on: June 2, 2013 8:59 am | Last updated: June 2, 2013 at 9:02 am
SHARE

ചങ്ങരംകുളം: പഞ്ചായത്ത് പ്രസിഡന്റിനെ മാറ്റണമെന്ന ആവശ്യം ലീഗ് ആവര്‍ത്തിച്ചതോടെ നന്നംമുക്ക് പഞ്ചായത്തില്‍ ഭരണസ്തംഭനം തുടരുന്നു. കോണ്‍ഗ്രസ് അംഗമായ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ചന്ദ്രനുമായി ഭരണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് ലീഗ് ആവര്‍ത്തിക്കുമ്പോഴും കടുത്ത നിലപാടുകള്‍ സ്വീകരിക്കുവാന്‍ ലീഗ് തയ്യാറാകാത്തതാണ് ഭരണ സ്തംഭനത്തിന് വഴിവെക്കുന്നത്.
പ്രസിഡന്റിനെ മാറ്റാന്‍ തയ്യാറല്ലെന്ന് നന്നംമുക്ക് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റും പഞ്ചായത്ത് പ്രസിഡന്റും ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പ്രസിഡന്റിനെ തീരുമാനിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്നും ഇതില്‍ ഘടകകക്ഷികള്‍ ഇടപെടേണ്ടെന്നും പ്രസിഡന്റിനെ മാറ്റുന്ന പ്രശ്‌നമില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ ലീഗിന് ചെയ്യാന്‍ കഴിയുന്നത് ചെയ്യട്ടെയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വെല്ലുവിളിച്ചിട്ടും ദിവസങ്ങളോളം പ്രതികരിക്കാന്‍ ലീഗ് നേതാക്കള്‍ തയ്യാറായിരുന്നില്ല. പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടുവരുന്നതുള്‍പ്പെടെയുള്ള നിരവധി കടുത്ത നിലപാടുകള്‍ ലീഗ് ചര്‍ച്ച ചെയ്‌തെങ്കിലും ഉന്നത ഇടപെടലുകളെ തുടര്‍ന്ന് കടുത്ത നിലപാടുകളില്‍ നിന്നും പിന്തിരിയുകയായിരുന്നു.
ഭരണത്തില്‍ നിന്നുകൊണ്ട്തന്നെ വിയോജിപ്പ് പറയുന്നത് ശരിയല്ലെന്നും അത് പ്രായോഗികമാക്കാന്‍ കഴിയില്ലെന്നും അഭിപ്രായമുണ്ട്. അതിനിടയില്‍ പ്രസിഡന്റിന്റെ വാഹനം തടയുമെന്ന യൂത്ത്‌ലീഗിന്റെ നിലപാടില്‍ നിന്നും ഇതിനോടകം ലീഗ് പിന്‍വാങ്ങിയിട്ടുണ്ട്. കടുത്ത സമ്മര്‍ദങ്ങള്‍ക്കിടയില്‍ കഴിഞ്ഞ ദിവസം ലീഗ് നേതാക്കള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഒരു വര്‍ഷത്തിലേറെ പഴക്കമുള്ള പഴയ നിലപാടുകള്‍ തന്നെ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്. ഭരണത്തില്‍ പങ്കാളികളായ ഇരു മുന്നണികള്‍തമ്മിലുള്ള പ്രശ്‌നങ്ങള്‍ തെരുവിലേക്ക്കൂടി കടന്നതോടെ നന്നംമുക്കില്‍ പൂര്‍ണമായ ഭരണ സ്തംഭനമാണ് നടക്കുന്നത്. ലീഗിന്റെ കയ്യിലുള്ള വൈസ് പ്രസിഡന്റ,് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങളിലുള്ളവര്‍ പഞ്ചായത്ത് പ്രസിഡന്റുമായി സ്വരച്ചേര്‍ച്ചയില്ലാത്തത് നിരവധി പദ്ധതികള്‍ക്ക് തടസമാകുന്നുണ്ട്. നിരവധി തവണ ഇവര്‍തമ്മില്‍ പഞ്ചായത്തില്‍ വെച്ച് രൂക്ഷമായ വാക്കുതര്‍ക്കങ്ങളും അഴിമതി ആരോപണങ്ങളും നടന്നിരുന്നു. അതിനിടയില്‍ പഞ്ചായത്തില്‍ ലീഗും കോണ്‍ഗ്രസ് ഐ ഗ്രൂപ്പും തമ്മില്‍ രഹസ്യ കൂട്ടുകെട്ടുണ്ടാക്കിയതായും ആക്ഷേപമുണ്ട്.
ഇരുഗ്രൂപ്പ് പ്രവര്‍ത്തകര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നും ലീഗിന്റെ രഹസ്യ ഇടപെടലുകളെ തുടര്‍ന്നും ഐ ഗ്രൂപ്പ് വിഭാഗത്തില്‍പെട്ട മൂന്ന് മെമ്പര്‍മാര്‍ പ്രസിഡന്റിനെ മാറ്റണമെന്നാവശ്യപ്പെട്ട് ഡി സി സിക്ക് പരാതി നല്‍കിയതായും സൂചനയുണ്ട്. നിലവിലെ പ്രസിഡന്റിനെ മാറ്റി പുതിയ പ്രസിഡന്റിനെ നിയമിക്കുക എന്നത് കോണ്‍ഗ്രസില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണം സൃഷ്ടിക്കുമെന്നതിനാല്‍ അടുത്തിടെയൊന്നും ഈ വിഷയത്തില്‍ തീരുമാനമുണ്ടാകില്ലെന്നാണ് സൂചന. പതിനേഴ് അംഗങ്ങളുള്ള നന്നംമുക്കില്‍ കോണ്‍ഗ്രസ്-6, ലീഗ്-3, സി പി എം- 8 എന്നിങ്ങനെയാണ് കക്ഷി നില.

 

പ്രസിഡന്റിനെ മാറ്റണം: ലീഗ്‌

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ചന്ദ്രനെ പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി നന്നമുക്ക് പഞ്ചായത്ത് ലീഗ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവിലെ പ്രസിഡന്റിനെ പിന്‍വലിച്ച് പകരം കോണ്‍ഗ്രസില്‍ നിന്നുതന്നെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുവരെ ലീഗിന്റെ അംഗങ്ങള്‍ പ്രസിഡന്റിന് പിന്തുണ നല്‍കാതെ പ്രത്യേക ബ്ലോക്കായി ഇരിക്കുന്നത് തുടരുമെന്നും നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി പ്രസിഡന്റിനെ മാറ്റണമെന്ന് ലീഗ് ആവശ്യം ഉന്നയിച്ച് വരികയാണ്. പ്രസിഡന്റും ലീഗിന്റെ അംഗങ്ങളും തമ്മില്‍ സ്വരചേര്‍ച്ചയില്ലാത്തത് നിരവധി തവണ പഞ്ചായത്തില്‍ വാക്ക്‌പോരുകള്‍ക്ക് കാരണമായിരുന്നു.
പ്രസിഡന്റിന്റെ നിലപാടുകള്‍ പഞ്ചായത്തില്‍ ഭരണസ്ഥംഭനത്തിന് കാരണമായിരിക്കുകയാണെന്ന് ലീഗ് നേതാക്കള്‍ ആരോപിച്ചു. യു ഡി എഫ് സംവിധാനത്തെമാനിച്ചാണ് കടുത്ത നിലപാടുകളിലേക്ക് നീങ്ങാത്തതെന്നും ലീഗ് നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മുഹമ്മദാലി നരണിപ്പുഴ, ഇ പി ഏനു, കെ വി അബ്ദുല്‍ഖാദര്‍, പി വി ഇബ്‌റാഹീംകുട്ടി എന്നിവര്‍ പങ്കെടുത്തു.