മാണിയും ഡല്‍ഹിക്ക്; ലക്ഷ്യം മകന്റെ മന്ത്രിക്കസേര

Posted on: June 2, 2013 6:00 am | Last updated: June 2, 2013 at 8:00 am
SHARE

കോട്ടയം : കാലാവധി പൂര്‍ത്തിയാക്കാന്‍ പത്ത് മാസം ബാക്കി നില്‍ക്കെ വീണ്ടുമൊരു പുനഃസംഘടന കേന്ദ്ര മന്ത്രിസഭയില്‍ ഉണ്ടായേക്കാമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ജോസ് കെ മാണിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണി ഡല്‍ഹിക്ക്.
ചൊവ്വാഴ്ച കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുമായുള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കൂടിക്കാഴ്ചക്കു ശേഷമാകും മാണി ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വവുമായി ആശയവിനിമയം നടത്തുക. സോണിയാ ഗാന്ധി, ഏ കെ ആന്റണി, അഹമദ് പട്ടേല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയാണ് ലക്ഷ്യം. മുന്‍കാലങ്ങളില്‍ ജോസ് കെ മാണിയുടെ മന്ത്രിസഭാ പ്രവേശത്തെ മുഖ്യമായി എതിര്‍ത്തിരുന്നത് സംസ്ഥാന കോണ്‍ഗ്രസ് ഘടകമായിരുന്നു.
എന്നാല്‍ രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം സംബന്ധിച്ച വിഷയത്തില്‍ ഉപ മുഖ്യമന്ത്രി പദത്തിനായി അവകാശവാദം ഉന്നയിക്കാതെ കേരള കോണ്‍ഗ്രസ് പിന്‍മാറിയത,് മകന്റെ കേന്ദ്ര മന്ത്രിസഭാ പ്രവേശ കാര്യത്തില്‍ സംസ്ഥാന കോണ്‍ഗ്രസിലെ എതിര്‍പ്പ് തടയുക എന്ന ഉദ്ദേശ്യത്തോടെയാണ്. ജോസിന്റെ മന്ത്രിസഭാ പ്രവേശ കാര്യത്തില്‍ തങ്ങളുടെ എതിര്‍പ്പ് ഉണ്ടാകില്ലെന്ന ഉറപ്പ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കളില്‍ നിന്നും മാണി നേടിയെടുത്തതായാണ് വിവരം.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് ഒന്നില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്നതിന് അര്‍ഹതയുണ്ടെന്ന് മാണി പ്രസ്താവിച്ചതും ജോസ് കെ മാണിയുടെ മന്ത്രിസഭാ പ്രവേശം എന്തുവിലകൊടുത്തും നേടിയെടുക്കുക എന്ന നിശ്ചയദാഢ്യത്തോടെയാണ്. ജോസ് കെ മാണിയെ മന്ത്രിസഭാ പുനഃസംഘടനയില്‍ ഉള്‍പ്പെടുത്തിയാല്‍ രണ്ടാമതൊരു സീറ്റ് എന്ന ആവശ്യത്തില്‍ നിന്ന് കേരള കോണ്‍ഗ്രസിനെ പിന്തിരിപ്പിക്കാമെന്ന കണക്കുകൂട്ടല്‍ കോണ്‍ഗ്രസിനുണ്ട്.
കോണ്‍ഗ്രസിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് കെ എം മാണി ആശയവിനിമയം നടത്തിയ വേളയിലും മകന്റെ കേന്ദ്ര മന്ത്രിസഭാ പ്രവേശമായിരുന്ന മുഖ്യമായും ചര്‍ച്ചയായത്. ഭൂരിപക്ഷ സമുദായംഗങ്ങളെ കോണ്‍ഗ്രസ് അവഗണിക്കുന്നുവെന്ന പരാതി ജോസ് കെ മാണിയുടെ മന്ത്രിസഭാ പ്രവേശ കാര്യത്തില്‍ തടസ്സമാകരുതെന്ന തിരിച്ചറിവോടെയാണ് എന്‍ എസ് എസ് നേതൃത്വത്തെ മാണി മുന്‍കൂട്ടി കണ്ട് പിന്തുണ ഉറപ്പാക്കിയത്.
വിലക്കയറ്റത്തിലും അഴിമതി ആരോപണങ്ങളിലും ഏറെ വിമര്‍ശങ്ങള്‍ നേരിടുന്ന യു പി എ സര്‍ക്കാര്‍ അധികാരത്തില്‍ തിരികെയെത്തുന്ന കാര്യത്തില്‍ യു പി എ ഘടകകക്ഷികള്‍ക്കിടയില്‍ ആശയക്കുഴപ്പം ശക്തമാണ്. ഈ സാഹചര്യത്തില്‍ കാലാവധി ഏറെയില്ലെങ്കിലും വര്‍ഷങ്ങളായി സ്വപ്‌നം കാണുന്ന ജോസ് കെ മാണിയുടെ കേന്ദ്ര മന്ത്രിസഭാ പ്രവേശം സാക്ഷാത്കരിക്കുകയാണ് മാണിയുടെ ലക്ഷ്യം. മന്ത്രിസഭയില്‍ നിന്ന് പുറത്തുപോയ ഡി എം കെ മന്ത്രിമാരുടെ ഒഴിവുകള്‍ ഇനിയും നികത്തിയിട്ടില്ല. അടുത്തിടെ അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് രാജിവെച്ച കോണ്‍ഗ്രസ് മന്ത്രിമാരായ പവന്‍കുമാര്‍ ബന്‍സല്‍, അശ്വിനി കുമാര്‍ എന്നിവര്‍ക്ക് പകരക്കാരെ ഉള്‍പ്പെടുത്തുന്നതിനും വേണ്ടി കേന്ദ്ര മന്ത്രിസഭാ പുനസംഘടിപ്പിച്ചേക്കുമെന്ന് ജപ്പാന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി സൂചന നല്‍കിയത്.