മ്യാന്‍മര്‍ മാറുന്നുവെന്നോ?

Posted on: June 2, 2013 6:00 am | Last updated: June 1, 2013 at 10:15 pm
SHARE

മ്യാന്‍മര്‍ വീണ്ടും അശാന്തമാകുകയാണ്. പടിഞ്ഞാറന്‍ മേഖലയിലെ രാഖിനെ പ്രവിശ്യയില്‍ ബുദ്ധമത തീവ്രവാദികള്‍ നൂറുകണക്കിന് വീടുകള്‍ അഗ്നിക്കിരയാക്കി. റോഹിംഗ്യാ മുസ്‌ലിംകളെ ചുട്ടുകൊന്നു. പള്ളികള്‍ കത്തിച്ചു. ലോകത്തിന് മുന്നില്‍ ഈ അര്‍ധ പട്ടാള രാഷ്ട്രം ‘തിളങ്ങി’ നില്‍ക്കുമ്പോഴാണ് ഈ ക്രൂരതകള്‍ അരങ്ങേറുന്നത്. പ്രസിഡന്റ് തീന്‍ സീനിന്റെ നേതൃത്വത്തില്‍ മ്യാന്‍മറില്‍ ജനാധിപത്യ സ്ഥാപനങ്ങള്‍ ശക്തിപ്പെടുന്നുവെന്നും മനുഷ്യാവകാശങ്ങള്‍ക്കും രാഷ്ട്രീയ അഭിവാഞ്ഛകള്‍ക്കും ഭരണകൂടം വലിയ തോതില്‍ ഇടം നല്‍കുന്നുവെന്നും അന്താരാഷ്ട്ര സമൂഹം എന്ന് വിളിക്കപ്പെടുന്ന പുറം ലോകം പ്രശംസിക്കുന്നു. ഈ പുറം ലോകം, അന്താരാഷ്ട്ര സമൂഹം എന്നെല്ലാം വ്യവഹരിക്കുന്നത് പാശ്ചാത്യ, വന്‍കിട രാഷ്ട്രങ്ങളെയാണല്ലോ. അവര്‍ക്ക് ചില മാനദണ്ഡങ്ങളുണ്ട്. അതില്‍ പ്രധാനം വിപണിയിലെ സുസ്ഥിരതയാണ്. രാഷ്ട്രീയ മാറ്റം എന്ന് അവര്‍ വിളിക്കുന്നത് വിപണിയില്‍ അലോസരമുണ്ടാക്കാത്ത ഭരണ സംവിധാനമാണ്. നിയന്ത്രണങ്ങളില്ലാത്ത വിപണി സാധ്യമാക്കുന്ന ആരെയും അവര്‍ ജനാധിപത്യ മാതൃകകളായി പ്രഖ്യാപിക്കും. മ്യാന്‍മറില്‍ സംഭവിച്ചത് അതാണ്. എല്ലാ യൂറോപ്യന്‍ രാജ്യങ്ങളും മ്യാന്‍മറിന് മേല്‍ അടിച്ചേല്‍പ്പിച്ച ഉപരോധം പിന്‍വലിച്ചിരിക്കുന്നു. യു എസ് പ്രസിഡന്റ് കഴിഞ്ഞ നവംബറില്‍ മ്യാന്‍മര്‍ സന്ദര്‍ശിച്ചതോടെ ഈ അപദാനങ്ങള്‍ക്ക് ശക്തിയേറി. പലരും സഹായവുമായെത്തി. എംബസികള്‍ തുറന്നു. ഇന്ത്യ, ചൈന തുടങ്ങിയ അയല്‍ക്കാര്‍ മ്യാന്‍മറില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മത്സരിച്ചു. പ്രതിപക്ഷ, ജനാധിപത്യ നേതാവും നൊബേല്‍ ജേതാവുമായ ആംഗ് സാന്‍ സൂക്കിക്ക് താക്കോല്‍ സ്ഥാനങ്ങളിലേക്ക് കയറ്റം കിട്ടി. അവര്‍ ഭരണകൂടത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി ലോകം ചുറ്റി. തിരഞ്ഞെടുപ്പ് നടന്ന നാല്‍പ്പത് സീറ്റില്‍ ഭൂരിഭാഗവും സൂക്കിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍ എല്‍ ഡി) പാര്‍ട്ടി നേടിയെടുത്തു. അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ അവര്‍ വിജയം ആവര്‍ത്തിക്കും. അങ്ങനെ ജനാധിപത്യ മ്യാന്‍മറിന്റെ തലപ്പത്ത് സൂക്കി വരും. എല്ലാ ശുഭം. സന്തോഷം.
വല്ലാതെ വശം ചെരിഞ്ഞ പൊതു ബോധമാണ് ഈ അന്താരാഷ്ട്ര സമൂഹത്തിനുള്ളത്. മുസ്‌ലിംകള്‍, ദളിതുകള്‍, ആദിവാസികള്‍, കറുത്തവര്‍, ക്രയശേഷിയില്ലാത്തവര്‍ തുടങ്ങിയവരുടെ പ്രശ്‌നങ്ങളോട് അത് മുഖം തിരിഞ്ഞു നില്‍ക്കുന്നു. മ്യാന്‍മര്‍ മാറിയെന്ന് പെരുമ്പറ കൊട്ടുന്നവര്‍ അവിടുത്തെ ആയിരക്കണക്കിന് റോഹിംഗ്യാ മുസ്‌ലിംകളുടെ ദുരവസ്ഥയില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്ന വസ്തുത കണ്ടില്ലെന്ന് വെക്കുന്നു. പട്ടാള ഭരണകൂടവുമായി പ്രത്യക്ഷ നയതന്ത്ര ബന്ധം ഉപേക്ഷിച്ചവര്‍ തന്നെ അവരുമായി വ്യാവസായിക, വാണിജ്യബന്ധം പുലര്‍ത്തിയിരുന്നു. പ്രകൃതി വാതകം, എണ്ണ തുടങ്ങിയ വിഭവങ്ങളുടെ നിയന്ത്രണം ഉറപ്പിക്കാന്‍ പാശ്ചാത്യ കമ്പനികള്‍ പട്ടാള ഭരണകൂടവുമായി വളരെയടുത്ത ബന്ധം സൂക്ഷിച്ചു പോന്നു. ഇപ്പോള്‍ പരിമിതമായെങ്കിലും ജനാധിപത്യത്തിലേക്ക് നീങ്ങുമ്പോള്‍ ആ തുരങ്ക സൗഹൃദങ്ങള്‍ അപ്പടി നിലനില്‍ക്കണമെന്ന് പാശ്ചാത്യശക്തികള്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ക്രൂരതകളെക്കുറിച്ച് മിണ്ടാതിരിക്കുന്നു. മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്നാരോപിച്ച് നിരവധി രാജ്യങ്ങള്‍ക്ക് നേരെ യു എന്നും യു എസും ഒത്തുചേര്‍ന്ന് ഉപരോധങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നുണ്ട്. മ്യാന്‍മറിന്റെ കാര്യത്തിലെത്തുമ്പോള്‍ അത് അപലപിക്കലിലും താക്കീതിലും പ്രസ്താവനയിലും ഒതുങ്ങുന്നു.
കച്ചിന്‍ പ്രവിശ്യയിലെ ക്രിസ്ത്യാനികള്‍, ഷാന്‍ പ്രവിശ്യയിലെ ന്യൂനപക്ഷ കര്‍ഷക ഗോത്രങ്ങള്‍, റാഖിനെ പ്രവിശ്യയിലെ റോഹിംഗ്യാ മുസ്‌ലിംകള്‍ എന്നിവരോട് ഭൂരിപക്ഷ ബുദ്ധമത സംഘടനകള്‍ ചെയ്യുന്നതെന്തെന്ന് ഇപ്പോഴും പൂര്‍ണമായി പുറം ലോകം അറിഞ്ഞിട്ടില്ല. ആദ്യം പറഞ്ഞ രണ്ട് വിഭാഗത്തിനും സ്വന്തമായി സായുധ സംഘങ്ങള്‍ ഉണ്ട്. പ്രത്യേക രാജ്യം വേണമെന്ന് വാദിച്ച് സര്‍ക്കാര്‍ സിവിധാനങ്ങളെ അവര്‍ വെല്ലുവിളിക്കുന്നു. സ്വന്തം മണ്ണില്‍ നിന്ന് വന്‍കിട ഗ്യാസ് പൈപ്പ്‌ലൈന്‍ പദ്ധതികള്‍ക്കായി പിഴുതെറിയപ്പെട്ടത് കൊണ്ട് വിഘടനവാദ പ്രവണതകളിലേക്ക് വഴുതിവീണവരാണ് അവര്‍. പക്ഷേ, അവര്‍ക്ക് ചെറുത്തുനില്‍പ്പിന്റെ ആത്മവിശ്വാസം ഉണ്ട്. അത് ആക്രമണത്തിന്റെ സ്വഭാവം കൈവരിക്കുന്നുമുണ്ട്.
റോഹിംഗ്യാ മുസ്‌ലിംകളുടെ സ്ഥിതി അതല്ല. അവര്‍ മ്യാന്‍മര്‍ പൗരന്‍മാരായി നിലകൊള്ളാന്‍ ആഗ്രഹിക്കുന്നു. തീവ്രവാദപ്രവണതകളിലേക്ക് നടന്ന മുന്‍ തലമുറയെ അവര്‍ തള്ളിപ്പറയുന്നു. രാഷ്ട്രത്തിന്റെ നിയമപരിധിക്കകത്ത് അവര്‍ ജീവിക്കാന്‍ തയ്യാറാണ്. പക്ഷേ, ഭരണകൂടം അവരെ പൗരന്‍മാരായി അംഗീകരിക്കുന്നില്ല. ഇവരുടെ ഭൂമിക്ക് ആധാരമോ മറ്റു രേഖകളോ ഇല്ല. ഏത് നിമിഷവും അന്യാധീനപ്പെട്ടേക്കാം. അത്തരം കൈയേറ്റങ്ങളുടെയും കുടിയൊഴിപ്പിക്കലുകളുടെയും ചരിത്രമാണ് രാഖൈന്‍ പ്രവിശ്യക്ക് പറയാനുള്ളത്. റോഡുകള്‍, റെയില്‍വേ, വൈദ്യുതി നിലയങ്ങള്‍ തുടങ്ങിയ നിര്‍മാണത്തിന് റോഹിംഗ്യ യുവാക്കളെ പിടിച്ചു കൊണ്ടു പോകും. വീട് വെക്കാനുള്ള അവകാശമില്ല.
ആക്രമണങ്ങളും ആട്ടിയോടിക്കലും വംശീയ ശുദ്ധീകരണവും എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച് മുന്നേറുകയാണ്. ലക്ഷക്കണക്കിന് റോഹിംഗ്യാ മുസ്‌ലിംകള്‍ ബംഗ്ലാദേശ്, ഇന്ത്യ, മലേഷ്യ, തായ്‌ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് പലായനം ചെയ്തതോടെ പ്രശ്‌നത്തിന് ഒരു അന്താരാഷ്ട്ര മാനം കൈവന്നു. ഇരകളുടെ പക്ഷത്ത് നിന്ന് കാര്യങ്ങള്‍ വിലയിരുത്തുന്ന സംഘടനകളും ഗ്രൂപ്പുകളും റോഹിംഗ്യകളുടെ വേദന ലോകത്തിന് മുന്നില്‍ തുറന്നു കാട്ടിയതോടെ ഒരു വസ്തുതാന്വേഷണണ സമിതിയെ നിയോഗിക്കാന്‍ യു എന്‍ നിര്‍ബന്ധിതമായി. സമാന്തരമായി മ്യാന്‍മര്‍ സര്‍ക്കാറിനോടും ഇതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടു. ഈ രണ്ട് അന്വേഷണങ്ങളുടെയും റിപ്പോര്‍ട്ട് നമ്മുടെ മുന്നിലുണ്ട്. ഇവ തമ്മിലുള്ള താരതമ്യം ഈ രാഷ്ട്രത്തിന്റെ പുതിയ മുഖത്തിന് നേരെ പിടിച്ച കണ്ണാടിയാകും.
റാഖിനെ പ്രവിശ്യയില്‍ 2012ല്‍ 200 റോഹിംഗ്യാ മുസ്‌ലിംകള്‍ കൊല്ലപ്പെട്ടുവെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമ്മതിക്കുന്നു. 8,600 വീടുകള്‍ കത്തിച്ചു. ഒരു ലക്ഷം പേര്‍ അഭയാര്‍ഥികളായി. ഇതിനൊക്കെ കാരണം എന്ത്? ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആരാണ്? ആവര്‍ത്തിക്കാതിരിക്കാന്‍ എന്തുണ്ട് മാര്‍ഗം? ഈ ചോദ്യങ്ങള്‍ക്കൊന്നും റിപ്പോര്‍ട്ടില്‍ ഉത്തരമില്ല. ക്രമസമാധാനം, സുരക്ഷ തുടങ്ങിയ ആശങ്കകളിലാണ് റിപ്പോര്‍ട്ട് ഊന്നുന്നത്. വംശീയ പ്രശ്‌നങ്ങളിലേക്കും വംശശുദ്ധീകരണ പ്രക്രിയയിലെക്കും റിപ്പോര്‍ട്ട് നോക്കുന്നേയില്ല. 27 അംഗ സമതിയില്‍ റോഹിംഗ്യാ മുസ്‌ലിംകളെ പ്രതിനിധാനം ചെയ്ത് ഒരാള്‍ പോലുമില്ലെന്നത് കൊണ്ട് തന്നെ അതിന്റെ റിപ്പോര്‍ട്ട് ഏകപക്ഷീയമാകുമെന്ന് പ്രവചിക്കപ്പെട്ടതാണ്. നേരിട്ട് പറയുന്നില്ലെങ്കിലും റോഹിംഗ്യാ മുസ്‌ലിംകള്‍ ബംഗ്ലാദേശില്‍ നിന്ന് വന്ന നിയമവിരുദ്ധ കുടിയേറ്റക്കാരാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇവര്‍ക്ക് പൗരത്വം നല്‍കുകയെന്നത് സങ്കീര്‍ണമായ പ്രക്രിയയാണത്രേ. ഒരൊറ്റ നിര്‍ദേശമാണ് റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്നത്. രാഖിനെ പ്രവിശ്യയിലെ സുരക്ഷാ സന്നാഹം ശക്തമാക്കുക.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടും വന്‍ സുരക്ഷാ സന്നാഹമൊരുക്കിയിട്ടും മുസ്‌ലിംകള്‍ ആക്രമിക്കപ്പെട്ടുവെന്ന് മനസ്സിലാക്കണം. യു എന്‍ മനുഷ്യാവകാശ കമ്മീഷന്‍ നടത്തിയ പഠനത്തില്‍ ചൂണ്ടാക്കാണിക്കപ്പെട്ട വസ്തുത സുരക്ഷാ സന്നാഹത്തിന്റെ പൊള്ളത്തരം വെളിവാക്കുന്നു. പലയിടങ്ങളിലും സൈനികരും പോലീസും ആക്രമണത്തില്‍ പങ്ക് ചേര്‍ന്നു. മിക്കയിടങ്ങളിലും പോലീസ് ബുദ്ധമത തീവ്രവാദികള്‍ക്ക് കാവല്‍ നിന്നു. അക്രമികള്‍ക്ക് കാവല്‍ നില്‍ക്കുന്ന സുരക്ഷാ സംവിധാനം പ്രശ്‌നത്തിന് പരിഹാരമല്ല, പ്രശ്‌നം തന്നെയാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിലെ ഗവേഷകന്‍ ജോണ്‍ സിഫ്റ്റണ്‍ പറയുന്നു. കലാപാനന്തരം അഭയാര്‍ഥി ക്യാമ്പുകളിലേക്കുള്ള സഹായം തടഞ്ഞുകൊണ്ടായിരുന്നു പുതിയ ആക്രമണമുഖം തുറന്നത്. പ്രത്യക്ഷ ആക്രമണത്തേക്കാള്‍ ക്രൂരമായിരുന്നു അത്. അഭയാര്‍ഥി ക്യാമ്പിന്റെ ദുരിതത്തില്‍ കഴിയുന്നവരെ അവരുടെ ഇടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ സമയമായിട്ടില്ലെന്നാണ് മാസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ പറയുന്നത്. എന്നു വെച്ചാല്‍ അഭയാര്‍ഥി ക്യാമ്പിലേക്ക് പറിച്ചു നട്ടവരുടെ സ്വത്ത്‌വകകള്‍ ഭൂരിപക്ഷ സമുദായക്കാര്‍ക്ക് കൈവശപ്പെടുത്താന്‍ സാവകാശം ലഭിക്കുന്നു എന്നത് തന്നെ.
റോഹിംഗ്യാ മുസ്‌ലിംകള്‍ക്കിടയില്‍ ജനന നിരക്ക് കൂടുതലാണെന്ന പഴിയും സര്‍ക്കാര്‍ റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്നുണ്ട്. ഇതാണത്രേ സമൂഹത്തില്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നത്. ഈ വിചിത്ര കണ്ടുപിടിത്തത്തിന്റെ പിറകേ രാഖിനെ പ്രവിശ്യയിലേക്ക് മാത്രമായി ഒരു ഉത്തരവിറക്കുകയും ചെയ്തു. ഒരു ദമ്പതിക്ക് പരമാവധി രണ്ട് കുട്ടികളേ പാടുള്ളൂ. അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ഈ ഉത്തരവിനെതിരെ രംഗത്തെത്തിക്കഴിഞ്ഞു. ഒരു സമൂഹത്തെ ആട്ടിയോടിച്ചും കൊന്നു തള്ളിയും മുച്ചൂടും മുടിക്കുന്നതിനേക്കാള്‍ എളുപ്പമാണല്ലോ ജനനം തന്നെ നിഷേധിച്ച് പിന്തുടര്‍ച്ചാ വേരുകളറുക്കുകയെന്നത്. റോഹിംഗ്യാ മുസ്‌ലിംകള്‍ക്ക് വിവാഹത്തിനുള്ള അവകാശം പരിമിതമാണ്. പ്രത്യേക നൈപുണ്യമുള്ള തൊഴിലാളികള്‍, സാമ്പത്തിക ശേഷിയുള്ളവര്‍ തുടങ്ങിയവരുടെ വിവാഹങ്ങള്‍ മാത്രമാണ് നിയമവിധേയമായിട്ടുള്ളത്. അതില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കേ സ്‌കൂളില്‍ പ്രവേശനം ലഭിക്കൂ. ഈ കരിനിയമങ്ങളുടെ നടുവിലേക്കാണ് ജനന നിയന്ത്രണം കടന്നുവരുന്നത്.
മ്യാന്‍മര്‍ മാറുന്നുവെന്ന് പറയുന്നവര്‍ തുറന്ന മനസ്സോടെ പടിഞ്ഞാറന്‍ പ്രവിശ്യകളിലേക്ക് നോക്കട്ടെ. അവിടെ ഒരു ജനതയെ അന്യരും രാഷ്ട്രരഹിതരുമാക്കി മാറ്റുന്നതിന്റെ ക്രൂരമായ പരീക്ഷണങ്ങള്‍ കാണാം.