Connect with us

Editorial

അവകാശവാദങ്ങളാകാം; പക്ഷേ, അതിരു വിടരുത്

Published

|

Last Updated

“ഇന്ത്യ തിളങ്ങുന്നു”, “അടിമവേലക്കാര്‍ എവിടേയുമില്ല”, ജയഹോ… ജയഹോ..എന്നെല്ലാമുള്ള മുദ്രാവാക്യങ്ങള്‍ കാതിന് ഇമ്പമേകുന്നതാണെങ്കിലും യാഥാര്‍ഥ്യവുമായി ഇതിന് പലപ്പോഴും പുലബന്ധംപോലുമുണ്ടാകില്ല. “ഇന്ത്യ തിളങ്ങുന്നു” എന്ന മുദ്രാവാക്യത്തിന് കിട്ടാവുന്ന മാധ്യമങ്ങളെയെല്ലാം വിലക്കെടുത്ത് എ ബി വാജ്പയ്‌യുടെ കാലത്ത് എന്‍ ഡി എ സര്‍ക്കാര്‍ പ്രചണ്ഡമായ പ്രചാരവേല നടത്തിയിട്ടും ഉദ്ദേശിച്ച ഫലം ഉണ്ടായില്ലെന്നതിന് ചരിത്രം സാക്ഷി. അടുത്ത വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കോണ്‍ഗ്രസ് നയിക്കുന്ന യു പി എ സര്‍ക്കാറും വ്യാപകമായ പരസ്യ പ്രചാരണ യജ്ഞത്തിലാണ്. “അടിമവേലക്കാരെ കണികാണാനില്ലെ”ന്ന പരസ്യവാചകം അതിന്റെ ഭാഗമാണ്. “മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എം ജി എന്‍ ആര്‍ ഇ ജി എ)യെ പിടിച്ചാണ് ഈ പരസ്യവാചകം. “എം ജി എന്‍ ആര്‍ ഇ ജി എക്ക് നന്ദി, അടിമവേലക്കാര്‍ ഇല്ലേ ഇല്ല”. ഈ അവകാശവാദം യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലാത്തതാണെന്ന് പറയുന്നത് മറ്റാരുമല്ല, ഇന്ത്യയിലെ അടിമവേല തുടച്ചുനീക്കാന്‍ യത്‌നിക്കുന്ന കൂട്ടായ്മയാണ്. രാജ്യത്തെ എല്ലാ മേഖലകളിലും അടിമവേല നിലനില്‍ക്കുന്നുവെന്നത് ഒരു വസ്തുതയാണെന്നിരിക്കെ, കേന്ദ്ര സര്‍ക്കാര്‍ തന്നെ ഇത്തരം ശുദ്ധ അസംബന്ധ പ്രചാരണം നടത്തുന്നത് ഖേദകരമാണ്. അതിലേറെ, ലജ്ജാകരമാണ്. യാഥാര്‍ഥ്യം മറച്ചുപിടിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് ആരെങ്കിലും കുറ്റപ്പെടുത്തിയാല്‍ അതിന് ആരേയും പഴി ചാരാനാകില്ല. സുന്ദരമോഹന വാഗ്ദാനങ്ങളും പദ്ധതികളും പ്രഖ്യാപിച്ചതുകൊണ്ടായില്ല. പദ്ധതി നടപ്പാക്കുന്നത് എത്രത്തോളം ഫലപ്രദമായാണ്, ലക്ഷ്യപ്രാപ്തി എങ്ങനെ തുടങ്ങിയവ അതി സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. എല്ലാവര്‍ക്കും പാര്‍പ്പിടം, കൃഷിഭൂമി കൃഷിക്കാര്‍ക്ക്, എല്ലാവര്‍ക്കും ഭക്ഷണം തുടങ്ങി മോഹനസുന്ദര വാഗ്ദാനങ്ങള്‍ തിരഞ്ഞെടുപ്പ് കാലത്ത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തട്ടിമൂളിക്കാറുണ്ട്. അവയെല്ലാം തിരഞ്ഞെടുപ്പ് കഴിയുന്നതോടെ വിസ്മൃതിയിലാണ്ടുപോകുകയും ചെയ്യും.
യു പി എ സര്‍ക്കാറിന്റെ നയപരിപാടികളില്‍ മുന്‍ഗണനാക്രമം നിശ്ചയിക്കുകയും സാമൂഹിക അജന്‍ഡ തീരുമാനിക്കുകയും ചെയ്യുന്ന ദേശീയ ഉപദേശക സമിതി(എന്‍ എ സി)യില്‍ തുടര്‍ന്ന് സേവനമനുഷ്ഠിക്കേണ്ടതില്ലെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തകയായ അരുണാ റോയ് തീരുമാനിച്ചതിന് പിന്നിലെ വികാരം ബന്ധപ്പെട്ടവര്‍ കണ്ടില്ലെന്ന് നടിക്കാന്‍ ശ്രമിക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് എന്‍ എ സിക്ക് നേതൃത്വം നല്‍കുന്നത്. ഏതായാലും സമിതിയിലെ കാലാവധി പൂര്‍ത്തിയാക്കിയ അരുണയുടെ അഭ്യര്‍ഥന സോണിയയും യു പി എയും അംഗീകരിച്ചിട്ടുണ്ട്. “അടിമവേലക്കാരെ കണികാണാനില്ലെ” ന്ന് അവകാശപ്പെടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്ന ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിന്‍ കീഴില്‍ ജോലി ചെയ്യുന്നവര്‍ക്ക് രാജ്യത്ത് പ്രാബല്യത്തിലിരിക്കുന്ന മിനിമം കൂലി നടപ്പാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് കാണിക്കുന്ന വിമുഖതയാണ് അരുണയെ എന്‍ എ സിയില്‍ അംഗമായി തുടരുന്നതില്‍നിന്ന് പിന്തിരിപ്പിച്ചത്. മിനിമം കൂലി നല്‍കണമെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടിട്ടും ആ ഉത്തരവ് മാനിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിസമ്മതിച്ചുവെന്ന് മാത്രമല്ല, ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ തീരുമാനിക്കുകയുമായിരുന്നു. കോണ്‍ഗ്രസിനും, യു പി എക്കും നേതൃത്വം നല്‍കുന്ന സോണിയാ ഗാന്ധിയെ തന്നെ എന്‍ എ സിയുടെ അധ്യക്ഷയാക്കിയത് അതിന്റെ പ്രാധാന്യം കണക്കിലെടുത്ത് തന്നെയാകണം. പക്ഷേ, അവരെടുക്കുന്ന തീരുമാനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് കടലാസിന്റെ വില പോലും കല്‍പ്പിക്കുന്നില്ലെന്നു വന്നാല്‍ ഇങ്ങനെ ഒരു സംവിധാനത്തിന്റെ ആവശ്യകത എന്താണ്?. ദേശീയ തലത്തില്‍ ഒരു മിനിമം കൂലി നിയമം ഉണ്ടാക്കിവെച്ചത് എന്തിന് വേണ്ടിയാണ്?. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും യു പി എ അധ്യക്ഷ സോണിയാ ഗാന്ധിയും ഇതിന് മറുപടി പറയാന്‍ ബാദ്ധ്യസ്ഥരാണ്. അതല്ലെങ്കില്‍ ഇരുവരും ചേര്‍ന്ന് ജനങ്ങളെ വഞ്ചിക്കുകയാണെന്ന് കരുതേണ്ടിവരും. എന്‍ എ സി എടുക്കുന്ന ഗൗരവമായ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകുന്നില്ലെന്ന് വരുന്നത് ഖേദകരമാണ്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഗ്രാമീണ ഇന്ത്യയെ സംബന്ധിച്ച് സുപ്രധാനമായ ഒരു ചുവടുവെപ്പാണ്. ദാരിദ്ര്യം ലഘൂകരിക്കുന്നതില്‍ അതിന് വലിയ പങ്ക് നിര്‍വഹിക്കാനാകും. പക്ഷേ, ഈ പദ്ധതിയിലൂടെ രാജ്യത്തെ അടിമവേല മുഴുവന്‍ തുടച്ചുനീക്കിയെന്ന് ആരെങ്കിലും അവകാശപ്പെടുന്നുവെങ്കില്‍ അത് ശുദ്ധ അസംബന്ധമാണ്. അടിമവേല ഉന്മൂലനം ചെയ്തുകാണാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത് അതിനായി രാജ്യത്ത് നിലവിലുള്ള നിയമം- അടിമവേല സമ്പ്രദായം (ഉന്മൂലനം ചെയ്യല്‍) നിയമം 1976 – ഫലപ്രദമായി നടപ്പാക്കുകയാണ്. നിയമ നിര്‍മാണങ്ങള്‍ ചില ലക്ഷ്യങ്ങള്‍ മുന്‍കണ്ടാണ്. അത് ഭരണകൂടങ്ങളും ഭരണാധികാരികളും മറന്നു പോകുന്നുവെന്നത് നമ്മുടെ ശാപമാണ്. ഇത്തരക്കാരാണ് പദ്ധതികളുടെപേരില്‍ അടിസ്ഥാനരഹിതമായ അവകാശവാദങ്ങള്‍ ഉയര്‍ത്തുന്നത്.