Connect with us

International

പാക്കിസ്ഥാനില്‍ പുതിയ പാര്‍ലിമെന്റ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു

Published

|

Last Updated

ഇസ്‌ലാമാബാദ്: 66 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ജനാധിപത്യപരമായ അധികാരക്കൈമാറ്റത്തിന് പാക്കിസ്ഥാന്‍ സാക്ഷിയായി. ഒപ്പം പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള നവാസ് ശരീഫിന്റെ ചരിത്രപരമായ മൂന്നാമൂഴത്തിനും. പാക്കിസ്ഥാനില്‍ പുതുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞയുടെ ആദ്യഘട്ടം ഇന്നലെ ഇസ്‌ലാമാബാദില്‍ നടന്നു. കനത്ത സുരക്ഷാ സംവിധാനങ്ങളിലാണ് 14ാമത് ദേശീയ അസംബ്ലിയുടെ ആദ്യഘട്ടം പൂര്‍ത്തിയായത്. അംഗങ്ങള്‍ക്കുള്ള സത്യവാചകം നിലവിലെ സ്പീക്കര്‍ ഡോ. ഫഹ്മിദ മിര്‍സ ചൊല്ലിക്കൊടുത്തു. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നി സ്ഥാനങ്ങളിലേക്കുള്ള നാമനിര്‍ദേശ പത്രിക മിര്‍സ ഇന്നലെ സ്വീകരിച്ചു. പുതിയ സ്പീക്കറെും ഡെപ്യൂട്ടി സ്പീക്കറെയും നാളെ പ്രഖ്യാപിക്കുമെന്ന് മിര്‍സ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. 
പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള നാമനിര്‍ദേശ പത്രിക ചൊവ്വാഴ്ചയാണ് സ്വീകരിക്കുക. പ്രധാനമന്ത്രി സ്ഥാനം നവാസ് ശരീഫ് ഉറപ്പാക്കിയിട്ടുണ്ടെങ്കിലും ഔദ്യോഗികമായ തിരഞ്ഞെടുപ്പ് പ്രക്രിയ കൂടി പൂര്‍ത്തിയാക്കേണ്ടതുണ്ട്. നാഷനല്‍ അസംബ്ലിയുടെ മൂന്നാം ഘട്ടം നടക്കുന്ന ബുധനാഴ്ചയാണ് പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്യുക. ജനാധിപത്യ പ്രക്രിയയിലൂടെ പുതിയ സര്‍ക്കാറിനെ തിരഞ്ഞെടുത്ത പാക് ജനങ്ങള്‍ക്കും സര്‍വശക്തനും നന്ദി രേഖപ്പെടുത്തുന്നുവെന്ന് നിയുക്ത പ്രധാനമന്ത്രി നവാസ് ശരീഫ് പറഞ്ഞു.
അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരുക്കേറ്റ പാക് തഹ്‌രീകെ ഇന്‍സാഫ് മേധാവിയും മുന്‍ ക്രിക്കറ്റ് ഇതിഹാസവുമായ ഇംമ്രാന്‍ ഖാന്‍, ജാമിഅത്തുല്‍ ഉലമാഇസ്‌ലാം നേതാവ് ഫസ്‌ലുര്‍റഹ്മാന്‍ എന്നിവര്‍ക്ക് രാജ്യത്തിന്റെ ചരിത്ര മുഹൂര്‍ത്തത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല.

Latest