മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ സി ആര്‍ പി എഫ് ജവാന്‍ കൊല്ലപ്പെട്ടു

Posted on: June 1, 2013 6:58 pm | Last updated: June 1, 2013 at 6:58 pm
SHARE

റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളും സി.ആര്‍.പി.എഫും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സി.ആര്‍.പി.എഫ് ജവാന്‍ കൊല്ലപ്പെട്ടു. സി.ആര്‍.പി.എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് എസ്.കെ.ദാസാണ് ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടത്.

ഛത്തീസ്ഗഡിലെ ദാംത്രി ജില്ലയിലെ നാഗ്രിയോട് ചേര്‍ന്നുള്ള ഗ്രാമത്തിലാണ് ആക്രമണം നടന്നത്. പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് സി.ആര്‍.പി.എഫ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
അമ്പത് പേരടങ്ങിയ സി.ആര്‍.പി.എഫ് സംഘത്തിന് നേരെ മാവോയിറ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

മെയ് 25ന് ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പടെ 30 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് സി.ആര്‍.പി.എഫ് മേഖലയില്‍ തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.