ചോദ്യക്കോഴ ബ്രിട്ടീഷ് പാര്‍ലിമെന്റിലും: എം പി രാജിവെച്ചു

Posted on: June 1, 2013 3:50 pm | Last updated: June 1, 2013 at 3:53 pm
SHARE

Patrick-Mercer-1923855ലണ്ടന്‍: എട്ട് വര്‍ഷം മുമ്പ് ഇന്ത്യന്‍ പാര്‍ലിമെന്റിനെ പിടിച്ചുലച്ച ചോദ്യക്കോഴക്ക് സമാനമായ സംഭവം  ബ്രിട്ടീഷ് പാര്‍ലിമെന്റിലും. ബ്രിട്ടീഷ് പാര്‍ലിമെന്റില്‍ കോഴ വാങ്ങി ചോദ്യമുന്നയിച്ച എം പി പുലിവാല് പിടിച്ചു. ദി ടെലഗ്രാഫും, ബി ബി സിയും നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് പാട്രിക്ക് മെര്‍സെര്‍ എന്ന എം പി കുടുങ്ങയിയത്. വ്യാജ കമ്പനയുടെ പേരില്‍ മാധ്യമങ്ങള്‍ നല്‍കിയ കോഴ സ്വീകരിച്ച് പാട്രിക്ക് അഞ്ച് ചോദ്യങ്ങളും ഒരു പ്രമേയവും പാര്‍ലിമെന്റില്‍ അവതരിപ്പിച്ചു. സംഭവം വിവാദമായതോടെ പാട്രിക്ക് എം പി സ്ഥാനം രാജിവെച്ചു. അടുത്ത ഇലക്ഷനില്‍ മത്സരിക്കില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

ഫിജിയിലെ സൈനിക ഭരണകൂടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന കമ്പനി എന്ന വ്യാജേനയാണ് മാധ്യമസംഘം പാട്രിക്കിനെ സമീപിച്ചത്. ഫിജിക്ക് കോമണ്‍വെല്‍ത്തില്‍ വീണ്ടും അംഗത്വം ലഭിക്കുന്നതിന് പാര്‍ലിമെന്റില്‍ സ്വാധീനം ചെലുത്തണമെന്നായിരുന്നു കമ്പനിയുടെ ആവശ്യം. ഇതിനായി ഒരു ദിവസത്തേക്ക് രണ്ടായിരം യൂറോ നല്‍കാമെന്ന് ഇവര്‍ വാഗ്ദാനം ചെയ്തു. ഇതനുസരിച്ച് ഒരു മാസം രണ്ട് ദിവസം വിഷയം പാര്‍ലിമെന്റില്‍ ഉന്നയിക്കുന്നതിനായി 4000 യൂറോ  ‘കമ്പനി’ നല്‍കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട കരാറിലും പാട്രിക്ക് ഒപ്പുവെച്ചു. തുടര്‍ന്നാണ് പാര്‍ലിമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചത്.

അതേസമയം, താന്‍ ചോദ്യമുന്നയിക്കാന്‍ കോഴ സ്വീകരിച്ചിട്ടില്ലെന്നും നിയമോപദേശം നല്‍കിയതിനുള്ള ഫീസാണ് സ്വീകരിച്ചതെന്നും പാട്രിക്ക് മെര്‍സെര്‍ പറഞ്ഞു.