Connect with us

Health

മഴക്കാലമായി, പനിക്കാലവും...

Published

|

Last Updated

മഴയൊന്നു പെയ്തു തുടങ്ങിയിട്ടേയുള്ളൂ. ചൂടില്‍നിന്ന് ഉള്ളു കുളിര്‍ക്കുമ്പോഴേക്കും പനിക്കാലവും വന്നെത്തിയിരിക്കുന്നു. മുമ്പെങ്ങുമില്ലാത്തവിധം കേരളം ഇപ്പോള്‍ പകര്‍ച്ചവ്യാധികളുടെ വിളനിലമാണെന്നാണ് ആരോഗ്യ, ശാസ്ത്ര മേഖലയിലുള്ളവരുടെ വിലയിരുത്തല്‍. സാധാരണ മണ്‍സൂണ്‍ രോഗങ്ങളുടെ പട്ടികയില്‍ ഇന്ന് പ്രധാനി പനി തന്നെയാണ്. ഓരോ ദിവസവുമെന്നോണം പുതിയതരം പനികള്‍ രംഗത്തുവരുന്നു. അല്‍പ്പം ജാഗ്രത പാലിച്ചാല്‍ പനിയില്‍നിന്ന് രക്ഷ നേടാനും, അല്‍പം ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ പനി ബാധിച്ച് മരണം സംഭവിക്കുന്നതും നമുക്ക് തടയാനാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ചികിത്സിച്ച് ഭേദപ്പെടുത്താന്‍ കഴിയാത്ത പനി ഇല്ലെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. പക്ഷേ ചികിത്സ യഥാസമയം ലഭിക്കണമെന്നു മാത്രം. പനിയെ സാധാരണരോഗമായി ഇന്നു കരുതാനാകില്ല. വിവിധതരം വൈറല്‍ പനികള്‍ സജീവമായ ഇക്കാലത്ത് പനി ബാധിച്ചാല്‍ ചികിത്സ നിര്‍ബന്ധമാണ്.

എച്ച് 1 എന്‍ 1 എന്ന പന്നിപ്പനി, ചികുന്‍ഗുനിയ, എലിപ്പനി, ഡെങ്കിപ്പനി, മലമ്പനി, അഞ്ചാംപനി, മഞ്ഞപ്പനി, റോസ് റിവര്‍ ഫീവര്‍ എന്നിവയാണ് പനികളിലെ വില്ലന്മാര്‍. പന്നിപ്പനി, എലിപ്പനി, ഡെങ്കിപ്പനി, മലമ്പനി എന്നിവയാണ് കൂടുതല്‍ പേരുടെയും ജീവന്‍ കവരുന്നത്.

ചികുന്‍ഗുനിയ

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തില്‍ സജീവമായ പനിയാണ് ചികുന്‍ഗുനിയ. ഈഡിസ് ഈജിപ്തി വര്‍ഗത്തില്‍പെടുന്ന കൊതുകുകളാണ് ഇവ പരത്തുന്നത്. ശരീരത്തില്‍ രോഗാണു പ്രവേശിച്ച് രണ്ടു മൂന്നു ദിവസത്തിനകം രോഗം പ്രകടമാകും. കുട്ടികളിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും മെനിഞ്ചൈറ്റിസ് എന്‍സഫലോപതിയെന്ന അവസ്ഥയിലേക്കും ചികുന്‍ഗുനിയ രോഗികളെ കൊണ്ടെത്തിക്കാറുണ്ട്. ഈ അവസ്ഥയിലെത്തുന്ന രോഗികള്‍ പ്രായം ചെന്നവരാണെങ്കില്‍ മരിക്കാനുള്ള സാധ്യതയേറെയാണ്. ആല്‍ഫാ വിഭാഗത്തില്‍പെടുന്ന ഒരു തരം വൈറസുകളാണ് രോഗം പരത്തുന്നത്. വൈറസ് പരത്തുന്ന രോഗമായതിനാല്‍ ആന്റിബയോട്ടിക് മരുന്നുകള്‍ ഫലപ്രദമല്ല. നല്ല വിശ്രമമാണ് ആവശ്യം.

ആഫ്രിക്കയിലെ സാഹിലി ഭാഷയില്‍ വളയുക എന്ന അര്‍ഥംവരുന്ന വാക്കില്‍നിന്നാണ് ഈ രോഗത്തിന്റെ പേര് വരുന്നത്. രോഗം ബാധിച്ചയാള്‍ വേദനകൊണ്ട് വളയുന്ന അവസ്ഥയാണിതിനു കാരണം. 1953-ല്‍ ടാന്‍സാനിയയിലാണ് ആദ്യമായി ലോകത്ത് ചികുന്‍ഗുനിയ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പകല്‍സമയത്ത് കടിക്കുന്ന കൊതുകുകളിലൂടെയാണ് രോഗം പടരുക. പെണ്‍വര്‍ഗത്തില്‍പെടുന്ന കൊതുകുകളാണ് പ്രധാന രോഗവാഹകര്‍. കറുത്ത നിറവും വെളുത്ത വരകളും പൊട്ടുകളും കാണുന്ന കൊതുകുകളാണ് ഈഡിസ് ഈജിപ്തി. മനുഷ്യനെ വിടാതെ പിന്‍തുടരുന്നതിനാല്‍ ഇവയെ പുലിക്കൊതുക് എന്നും വിളിക്കാറുണ്ട്.

പനിയും ശക്തമായ സന്ധി വേദനയുമാണ് പ്രധാന രോഗലക്ഷണങ്ങള്‍. ചിലര്‍ക്ക് ശരീരത്തില്‍ അങ്ങിങ്ങായി ചുവന്ന പാടുകളും പുറംവേദനയുമുണ്ടാകും. പനി കഴിഞ്ഞാലും മാസങ്ങളോളം സന്ധിവേദനയുണ്ടാകുമെന്നതാണ് പ്രത്യേകത. കുട്ടികളേക്കാള്‍ കൂടുതല്‍ മുതിര്‍ന്നവരിലാണ് സന്ധിവേദന അനുഭവപ്പെടുന്നതായി കാണുന്നത്. ചികുന്‍ഗുനിയക്ക് പ്രത്യേക മരുന്നുകള്‍ ഇന്ന് ലഭ്യമല്ല. സാധാരണ പാരസെറ്റാമോള്‍ ടാബ്‌ലറ്റാണ് നല്‍കുന്നത്. ആദ്യ ദിവസങ്ങളില്‍ നല്ല വിശ്രമം ആവശ്യമാണ്. രോഗി ധാരാളം വെള്ളം കുടിക്കുകയും വേണം. നീരും വേദനയും കുറക്കാനും പ്രത്യേക മരുന്നില്ല. സാധാരണ ഉപയോഗിക്കുന്ന വേദന സംഹാരികളാണ് ഇപ്പോള്‍ ഉപയോഗിച്ചുവരുന്നത്.

പനികളില്‍ എലിപ്പനിയും ഡെങ്കിപ്പനിയുമാണ് ആന്തരാവയവങ്ങളെ ബാധിച്ച് രോഗിയുടെ ജീവന്‍ അപകടാവസ്ഥയിലാക്കുന്നത്. വൈറല്‍ പനിയൊഴികെ മറ്റെല്ലാ പനികളും എലികളെപ്പോലുള്ള ക്ഷുദ്രജീവികളാണ് പരത്തുന്നത്. അതിനാല്‍ പരിസര ശുചീകരണം പനി പടരാതിരിക്കാന്‍ സ്വീകരിക്കേണ്ട പ്രധാന മാര്‍ഗമാണ്.

ഫ്‌ളു അഥവാ വൈറല്‍ പനി

പകര്‍ച്ചപ്പനിയെന്ന പേരില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് ബാധിക്കുന്ന പനിയാണ് വൈറല്‍ പനി. ഇതിനെ ഫഌ എന്നാണ് സാധാരണ വിളിക്കാറ്. മഴക്കാലത്ത് കുട്ടികളിലാണ് ഇത് ഏറ്റവും കൂടുതലായി ബാധിക്കുന്നത്. റൈനോ, അഡിനോ, കൊറോണാ വൈറസുകളാണ് രോഗം പരത്തുന്നത്. ചെറിയ പനി, തലവേദന, മൂക്കൊലിപ്പ്, തൊണ്ടയില്‍ കുരുകുരുപ്പ് എന്നിവയാണ് ലക്ഷണങ്ങള്‍. പേശീവേദന പോലുള്ള ഉപദ്രവകരമായ ലക്ഷണങ്ങള്‍ ഈ പനിക്കില്ല. ജലദോഷപ്പനിയെന്നറിയപ്പെടുന്ന ഇവ നാലോ അഞ്ചോ ദിവസത്തെ ചികിത്സകൊണ്ട് പൂര്‍ണമായും സുഖം പ്രാപിക്കും. വായുവിലൂടെ ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പകരുന്നതാണ് ഈ പനി.

ഡെങ്കിപ്പനി

സംസ്ഥാനത്ത് ഈ സീസണില്‍ പടര്‍ന്നുപിടിക്കുന്ന പനിയാണ് ഡങ്കിപ്പനി. രണ്ടാഴ്ചക്കിടെ 20 പേരാണ് ഡങ്കിപ്പനി ബാധിച്ച് മരിച്ചത്. തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. 13 പേര്‍. ആയിരക്കണക്കിന് പേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചിട്ടുമുണ്ട്.

ഡെങ്കിപ്പനി ഈഡിസ് വര്‍ഗത്തില്‍പെടുന്ന കൊതുകുകളാണ് പരത്തുന്നത്. ആന്തരിക രക്തസ്രാവമാണ് ഈ രോഗത്തിന്റെ വില്ലന്‍. ശക്തമായ പനി, സന്ധിവേദന, അസ്ഥിവേദന, തലവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. കുട്ടികളിലും ശിശുക്കളിലും ചര്‍മത്തിലുണ്ടാകുന്ന പാടുകള്‍ മാത്രമായിരിക്കും ലക്ഷണങ്ങള്‍. ഒന്നിലേറെ തവണ രോഗാണുബാധയേല്‍ക്കുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നമാണ് ഡെങ്കിപ്പനിയുണ്ടാക്കുക. രക്തത്തിലെ പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം കുറക്കാനും, രക്തസ്രാവത്തിനും ഇടയാകും. മൂക്കില്‍നിന്നും വായില്‍നിന്നും രക്തസ്രാവമുണ്ടാകുന്നുവെന്നതാണ് മറ്റു പനികളില്‍നിന്നു ഡെങ്കിപ്പനിയെ വ്യത്യസ്തമാക്കുന്നത്. കുടലിലും ചിലര്‍ക്ക് രക്തസ്രാവമുണ്ടാകാറുണ്ട്. രോഗത്തെ തുടര്‍ന്ന് രക്തസമര്‍ദം അമിതമായി താഴുന്നത് ഷോക്ക് എന്ന അവസ്ഥയുണ്ടാക്കും.

രക്തസ്രാവമുള്ള രോഗികള്‍ക്ക് മരണസാധ്യത 30 ശതമാനത്തോളമാണ്. എത്രയുംവേഗം ചികിത്സ നല്‍കിയാല്‍ അപകടം ഒഴിവാക്കാം. ദേഹത്തെ ചുവന്ന പാടുകള്‍, കറുത്ത നിറത്തിലുള്ള മലം പോകുക, വായില്‍നിന്നും മൂക്കില്‍നിന്നുമുള്ള രക്തസ്രാവം, ഭക്ഷണ വിരക്തി, സ്വഭാവ വ്യതിയാനം എന്നിവയാണ് രോഗലക്ഷണങ്ങള്‍. കൈകാലുകള്‍ തണുത്തിരിക്കുക, മൂത്രത്തിന്റെ അളവ് കുറയുക, ശ്വാസതടസ്സം എന്നീ ലക്ഷണങ്ങള്‍ രോഗി പ്രകടിപ്പിച്ചാല്‍ രോഗിയുടെ നില അതീവ ഗുരുതരമാണെന്ന് മനസ്സിലാക്കാം. ഇത്തരം ഘട്ടങ്ങളില്‍ തീവ്രപരിചരണ ചികിത്സയാണ് രോഗിക്ക് നല്‍കേണ്ടിവരിക.

എലിപ്പനി

മറ്റു പനികളില്‍നിന്ന് വ്യത്യസ്തമായി ബാക്ടീരിയ പരത്തുന്ന രോഗമാണ് എലിപ്പനി അഥവാ ലെപ്‌റ്റോസ്‌പൈറോസിസ്. മറ്റു പനികള്‍ കൊതുകുകള്‍ പരത്തുന്ന വൈറസുകളാണെങ്കില്‍ എലിപ്പനി പരത്തുന്നത് എലികളാണ്. ആന്തരികാവയവങ്ങളെ ബാധിക്കുന്ന എലിപ്പനി സംസ്ഥാനത്ത് എല്ലാ വര്‍ഷവും നൂറിലേറെ പേരുടെയെങ്കിലും ജീവനൊടുക്കുന്നുണ്ട്. ലെപ്‌റ്റോ സ്‌പൈറ എന്ന സ്‌പൈറോകീറ്റ്‌സ് വിഭാഗത്തില്‍ പെടുന്ന ബാക്ടീരിയകളാണ് രോഗം പരത്തുന്നത്. രോഗാണുക്കള്‍ വസിക്കുന്നത് എലികളിലും അറവു മാടുകളിലും പട്ടികളിലും മറ്റുമാണ്. ഇവ ഏറെക്കാലം മൂത്ര വിസര്‍ജനത്തിലൂടെ മണ്ണിലെത്തിക്കൊണ്ടിരിക്കും. നമ്മുടെ ശരീരത്തില്‍ ചെറിയ മുറിവുകളോ മറ്റോ ഉണ്ടെങ്കില്‍ അതിലൂടെ രോഗാണു അകത്തു പ്രവേശിക്കും. മൃഗങ്ങളുടെ മൂത്രം ദേഹത്ത് വീഴുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുന്നത് നല്ലതാണ്. ശക്തമായ പനി, കാലിന്റെയും നടുവിന്റെയും പേശികളുടെ വേദന, ഓക്കാനം, ഛര്‍ദി, തലവേദന എന്നിവ രോഗലക്ഷണങ്ങളാണ്. മൃഗങ്ങളുടെയോ എലികളുടെയോ മൂത്രം കലര്‍ന്ന വെള്ളം കുടിക്കുന്നതും രോഗബാധക്കിടയാക്കും. എലിപ്പനിമൂലം ന്യൂമോണിയ, വൃക്കരോഗം, മഞ്ഞപ്പിത്തം എന്നിവയും രോഗിക്ക് ബാധിക്കാനും മരണം സംഭവിക്കാനും കാരണമാകും.

വൃക്കരോഗങ്ങള്‍ ഉണ്ടാക്കുന്നതും എലിപ്പനിയുടെ പ്രത്യേകതയാണ്. കണ്ണിലുള്ള രക്തക്കുഴലുകള്‍ പൊട്ടുന്നതിനാല്‍ കണ്ണ് ചുവന്നു വരുന്നതും ലക്ഷണമാണ്. വൃക്കകളുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്ന എലിപ്പനി മിക്കവരെയും മരണത്തിലേക്ക് എത്തിക്കുകയാണ് പതിവ്. രോഗത്തിന്റെ ഒന്നാം ഘട്ടം അവസാനിച്ചാല്‍ രണ്ടാം ഘട്ടം ആരംഭിക്കുകയാണ് ചെയ്യുക. ഈ അവസ്ഥയില്‍ പനി വീണ്ടും തുടങ്ങുകയും തലച്ചോറിനെയും നാഡികളെയും ബാധിക്കുകയും ചെയ്യുന്നു. മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കിയാല്‍ രോഗം തീവ്രത കുറഞ്ഞ് സുഖപ്പെടുകയും ചെയ്യും. പെനിസിലിന്‍, ടെട്രാസൈക്ലിന്‍ തുടങ്ങിയ ആന്റി ബയോട്ടിക്കുകളാണ് പ്രധാനമായും ചികിത്സക്ക് ഉപയോഗിക്കുന്നത്.

റോസ് റിവര്‍ ഫീവര്‍

ചികുന്‍ഗുനിയ പോലെ രോഗലക്ഷണങ്ങള്‍ കാണിക്കുന്ന പനിയാണ് റോസ് റിവര്‍ ഫീവര്‍. തമിഴ്‌നാട്ടില്‍ കണ്ടുവരുന്ന രോഗം കേരളത്തിലേക്ക് പടര്‍ന്നിരിക്കാമെന്നാണ് ആരോഗ്യവകുപ്പ് സംശയിക്കുന്നത്. പനി ബാധിച്ചയാളുടെ കവിളുകള്‍ റോസ് നിറത്തില്‍ തടിച്ചു തിണര്‍ക്കുന്നതു മൂലമാണത്രെ ഈ പനിക്ക് ഈ പേരു വന്നത്. ആസ്‌ത്രേലിയയില്‍ കണ്ടെത്തിയ റോസ് റിവര്‍ വൈറസാണ് കൊതുകിലൂടെ ഈ പനി പടര്‍ത്തുന്നത്. ചികുന്‍ഗുനിയയുടെ ലക്ഷങ്ങളാണ് പനിക്കുള്ളതെങ്കിലും രക്തപരിശോധന നടത്തിയാല്‍ ചികുന്‍ഗുനിയ പോസിറ്റീവ് ഫലം ലഭിക്കില്ലെന്നതാണ് രോഗത്തിന്റെ പ്രത്യേകത. നാലുമാസം മുമ്പുതന്നെ തമിഴ്‌നാട്ടില്‍ ഈ രോഗം ബാധിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നുവെങ്കിലും സ്ഥിരീകരണം ഉണ്ടാകുന്നത് ഈ അടുത്ത കാലത്താണ്. സംസ്ഥാനത്ത് കൊതുക് സാന്ദ്രത കൂടുതലായുള്ളതും മറ്റും ഈ രോഗത്തിനുള്ള അനുകൂല സാഹചര്യമാണുണ്ടാക്കുകയെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ചികുന്‍ഗുനിയ വൈറസിനുണ്ടാകുന്ന ജനിതക മാറ്റമാണ് റോസ് റിവര്‍ പനിക്ക് കാരണമെന്നാണ് സംശയിക്കുന്നത്. ശക്തമായ പനി, നീര്‍വീക്കം, സന്ധികളിലെ നീര്‍കെട്ട് എന്നിവ ഉണ്ടാകുന്നതിനാല്‍ രോഗം ബാധിച്ചയാള്‍ക്ക് ദിനചര്യകള്‍ ചെയ്യാന്‍പോലും പ്രയാസം അനുഭവപ്പെടുന്ന അവസ്ഥയാണുണ്ടാകുക. ഈസിഡ് പോളിനെസിസ്, ക്യൂലക്‌സ് അനുലിറോക്ടിസ് എന്നീ വിഭാഗത്തിലുള്ള കൊതുകുകളാണ് രോഗം പരത്തുന്നത്. രോഗാണു കൊതുകിന്റെ രക്തത്തില്‍ നിര്‍ജീവാവസ്ഥയിലും, മനുഷ്യരക്തത്തില്‍ സജീവാവസ്ഥയിലുമാകും. ഇന്‍ക്യുബേഷന്‍ പിരിയേഡ് കഴിയുന്നതോടെ ശക്തമായ പനിയും മറ്റ് അസ്വസ്ഥതകളും തുടങ്ങും. രോഗം മാറിയാലും ഏറെനാള്‍ നീര്‍കെട്ടും സന്ധിവേദനയും രോഗിയെ അലട്ടും.

വേണം ജാഗ്രതയും മുന്‍കരുതലുകളും

പനിയും പകര്‍ച്ചവ്യാധികളും തടയാന്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനം ലഘുലേഖയിലും പോസ്റ്ററിലും പ്രസംഗത്തിലും മാത്രം ഒതുങ്ങുന്നതാണ് രോഗം പടര്‍ന്നു പിടിക്കാന്‍ പ്രധാന കാരണം. മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്ന മഴക്കാല പൂര്‍വ ശുചീകരണം കണ്ടാലേ നമുക്കത് മനസ്സിലാകൂ. ഓരോ വര്‍ഷവും നിരവധി കുടുംബങ്ങളെയാണ് പനി അനാഥരാക്കുന്നത്. ഉദ്യോഗസ്ഥരും ഭരണാധികാരികളും കൈ മലര്‍ത്തുമ്പോള്‍ ഓരോരുത്തര്‍ക്കും ചെയ്യാവുന്ന മുന്‍കരുതലുകള്‍ രോഗവ്യാപനത്തെ ഒരു പരിധിവരെ പിടിച്ചുനിര്‍ത്തും.

വീടിന്റെ പരിസരത്തെ ഒഴിഞ്ഞ പാത്രങ്ങളിലും മറ്റും കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കുക. കൊതുകുകള്‍ നമ്മുടെ വീടിന്റെ 50 മീറ്റര്‍ പരിധിയിലാണ് വളരുന്നതെന്ന് മനസ്സിലാക്കുക. ടെറസ്സിലെയും ചെടിച്ചട്ടികളിലെയും വെള്ളക്കെട്ടുകള്‍ ഒഴിവാക്കുക, വീടിനു സമീപത്തെ പുല്ലുകളും കുറ്റിച്ചെടികളും വെട്ടി നശിപ്പിക്കുക. പകല്‍ സമയത്ത് കൊതുകുകള്‍ ചെടികളിലാണ് വിശ്രമിക്കുന്നത്. വെള്ളക്കെട്ടിനു മീതെ ഡീസല്‍, മണ്ണെണ്ണ എന്നിവ ഒഴിക്കുന്നത് കൊതുകുകളുടെ ലാര്‍വകളെ നശിപ്പിക്കും. വാട്ടര്‍ ടാങ്കുകളും, സെപ്റ്റിക് ടാങ്കുകളുടെ ഓപണിംഗുകളും വല ഉപയോഗിച്ച് മൂടണം. മാസത്തിലൊരിക്കല്‍ ഡി ഡി റ്റി, പൈത്രിന്‍ എന്നീ മിശ്രിതങ്ങള്‍ ചേര്‍ത്ത് വീട്ടിലും പരിസരത്തും സ്‌പ്രേ ചെയ്യണം. കൊതുകുകള്‍ വീട്ടില്‍ കയറാതെ നോക്കാന്‍ ജനലുകളും വെന്റിലേറ്ററുകളും ചെറിയ വലകള്‍ ഉപയോഗിച്ച് മൂടുന്നത് നല്ലതാണ്. ഉറങ്ങുമ്പോള്‍ കൊതുകുവല ഉപയോഗിക്കണം. കൈകാലുകള്‍ക്ക് മുറിവുള്ളപ്പോള്‍ മലിനജലം തട്ടാതെ നോക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ. പനി ബാധിച്ചാല്‍ സ്വയം ചികിത്സ നടത്താതെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി ചികിത്സ തേടണം. വീടിനും പരിസരത്തുമുള്ള ചപ്പുചവറുകളും ഭക്ഷണാവശിഷ്ടങ്ങളും മറ്റും നശിപ്പിച്ച് എലി പെരുകുന്നത് തടയണം.

(വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. ബി പത്മകുമാര്‍, ഡോ. കെ കുഞ്ഞിക്കണ്ണന്‍)

Latest