വൈറസുകള്‍ക്ക് ജനിതകമാറ്റം:ഡെങ്കിപ്പനി മാരകമാകുമെന്ന് മുന്നറിയിപ്പ്

Posted on: June 1, 2013 6:00 am | Last updated: June 1, 2013 at 9:09 am
SHARE

denkiതിരുവനന്തപുരം: ഡെങ്കിപ്പനി വൈറസുകള്‍ക്ക് ജനിതകമാറ്റം സംഭവിക്കുന്നൂവെന്ന് ആരോഗ്യവകുപ്പ്. ഇതമൂലം ഡെങ്കിപ്പനി ബാധിച്ചുള്ള മരണങ്ങള്‍ കൂടുമെന്നും മുന്നറിയിപ്പ്. ഇതോടെ ഡെങ്കി പടരുന്ന ജില്ലകളില്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലാണ് രോഗം പടരുന്നത്.

ഡെങ്കിപ്പനി വൈറസുകള്‍ നാലുതരമാണ്. ഇതില്‍ ടൈപ്പ് ടു, വൈറസ് പടര്‍ത്തുന്ന രോഗമാണ് ഇപ്പോള്‍ കാണപ്പെടുന്നത്. അതായത് രക്തസ്രാവമുണ്ടായി മരണം സംഭവിക്കുന്ന അവസ്ഥയാണ് ഇതുമൂലമുണ്ടാകുന്നത്. രോഗമുണ്ടായാലുടന്‍ രക്തത്തിലെ പ്ലേറ്റ് ലറ്റിന്റെ അളവ് ക്രമാതീതമായി താഴും. ആന്തരിക രക്തസ്രാവമുണ്ടായി മരണവും സംഭവിക്കും. രണ്ടാം വട്ടം രോഗം വരുന്നവര്‍, കുട്ടികള്‍, പ്രായാധിക്യമുള്ളവര്‍ എന്നിവരിലുണ്ടാകുന്ന ഡെങ്കിപ്പനി മരണനിരക്ക് കൂട്ടും. ഈഡിസ് കൊതുകിന്റെ സാന്ദ്രത ഏറ്റവും കൂടിയതും കേരളത്തിലാണ്. അതുകൊണ്ടുതന്നെ ഈഡിസ് കൊതുകുകള്‍ തന്നെ പരത്തുന്ന, ഏറ്റവും മാരകമായ യെല്ലോ ഫിവറിന്റെ സാധ്യതകളും ആരോഗ്യവകുപ്പ് തള്ളുന്നില്ല.മഴ കനക്കുന്നതോടെ സ്ഥിതി ഇനിയും ഗുരുതരമാകുമെന്നും മുന്നറിയിപ്പുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ വീടുകള്‍ക്കുള്ളിലാണ് ഡെങ്കിക്കൊതുകുകളുടെ ഉറവിടം കണ്ടെത്തിയതെന്നത് രോഗപകര്‍ച്ചയുടെ സാധ്യത ഇരട്ടിയാക്കുന്നു.