കോഴിക്കോട് മെഡിക്കല്‍ കോളജിലെ 50 എം ബി ബി എസ് സീറ്റുകള്‍ വെട്ടിക്കുറക്കുന്നു

Posted on: June 1, 2013 6:05 am | Last updated: June 1, 2013 at 9:15 am
SHARE

കോഴിക്കോട്:കോഴിക്കോട് മെഡിക്കല്‍ കോളജിലെ 50 എം ബി ബി എസ് സീറ്റുകള്‍ വെട്ടിക്കുറക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ തീരുമാനിച്ചു. ഇതോടെ കഴിഞ്ഞ 2010 മുതല്‍ ഉണ്ടായിരുന്ന 250 സീറ്റില്‍ നിന്നും സീറ്റുകളുടെ എണ്ണം 200 ആയി കുറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ 8, 9 തിയ്യതികളില്‍ മെഡിക്കല്‍ കൗണ്‍സില്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടിന്റ അടിസ്ഥാനത്തിലാണ് സീറ്റുകള്‍ വെട്ടിക്കുറച്ചിരിക്കുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പശ്ചാത്തല സൗകര്യം ഒരുക്കി കൊടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിച്ച അലംഭാവമാണ് 50 മെഡിക്കല്‍ സീറ്റുകള്‍ നഷ്ടപ്പെടുത്തിയത്. 2010 ലാണ് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ 200 ആയിരുന്ന മെഡിക്കല്‍ സീറ്റ് 250 ആയി വര്‍ധിപ്പിച്ചത്. മെഡിക്കല്‍ കോളജില്‍ ആവശ്യമായ പശ്ചാത്തല സൗകര്യം ഇല്ലെന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ റിപ്പോര്‍ട്ടിലെ പല കുറവുകളും വസ്തുതാവിരുദ്ധവും നിസ്സാരകാര്യങ്ങള്‍ പെരുപ്പിച്ചു കാണിച്ചതുകൊണ്ടാണെന്നും ആരോപണമുണ്ട്. മൂന്നംഗ പരിശോധനാസംഘത്തിലെ ചിലരുടെ പിടിവാശിയാണ് സീറ്റുകള്‍ വെട്ടിക്കുറക്കാനിടയാക്കിയതെന്നാണ് വിശദീകരണം. മെഡിക്കല്‍ കോളജ് അധികൃതരും ഇക്കാര്യം വ്യക്തമാക്കുന്നു. സീറ്റുകള്‍ വര്‍ധിപ്പിച്ചതിന് ശേഷം തുടര്‍ച്ചയായി 5 വര്‍ഷം മെഡിക്കല്‍കൗണ്‍സിലിന്റെ പരിശോധന നടക്കും. കെട്ടിട നിര്‍മ്മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അടുത്ത വര്‍ഷമേ പൂര്‍ത്തിയാവൂ.
അതു പൂര്‍ത്തിയായാല്‍ ഇപ്പോഴത്തെ കുറവുകള്‍ പരിഹരിക്കാന്‍ കഴിയുമെന്നും പുനര്‍പരിശോധനക്ക് ആവശ്യപ്പെടുമെന്നും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. 1983ലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 200 സീറ്റുകളായി വര്‍ധിച്ചത്. അതിന് ശേഷം നീണ്ട 27 വര്‍ഷത്തിന് ശേഷമാണ് അമ്പത് സീറ്റുകള്‍ വര്‍ധിച്ചത്. ഇതാണ് ഇപ്പോള്‍ നഷ്ടപ്പെട്ടത്.