പുകയില പരസ്യങ്ങള്‍ നിരോധിക്കും: മുഖ്യമന്ത്രി

Posted on: June 1, 2013 5:59 am | Last updated: June 1, 2013 at 8:46 am

oommen chandlതിരുവനന്തപുരം: കേരളത്തില്‍ പുകയില സംബന്ധമായ എല്ലാ പരസ്യങ്ങളും പൂര്‍ണമായും നിരോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ലോക പുകയില വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി (എസ് സി ടി ഐ എം എസ് ടി) സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് പുകയില ഉത്പന്നങ്ങള്‍ കേരളത്തില്‍ എത്തുന്നുണ്ട്. ഇതു തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും. പുകവലിക്കുന്നത് ഫാഷനായി കണ്ടിരുന്ന തന്റെ കാലത്തെ അവസ്ഥക്ക് മാറ്റം വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു. മെഡിക്കല്‍ കോളജ് എസ് സി ടി ഐ എം എസ് ടിയില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ തലത്തില്‍ നടത്തിയ പുകയില വിരുദ്ധ പോസ്റ്റര്‍ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഉമ്മന്‍ ചാണ്ടി സമ്മാനം നല്‍കി. ദീര്‍ഘകാലമായി പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന റീജ്യനല്‍ ക്യാന്‍സര്‍ അസോസിയേഷന്‍ സെക്രട്ടറി ജനാര്‍ദന അയ്യരെ മുഖ്യമന്ത്രി പൊന്നാടയണിയിച്ചാദരിച്ചു.