സ്‌കൂളുകളില്‍ ഇനി ജലശ്രീ ക്ലബ്ബുകളും

Posted on: June 1, 2013 5:40 am | Last updated: June 1, 2013 at 8:41 am
SHARE

അരീക്കോട്:കേരളത്തിലെ ജലസമൃദ്ധിയും ജലശുദ്ധിയും വര്‍ധിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനും സഹായകമാകുന്ന പ്രവര്‍ത്തനങ്ങള്‍ വിവിധ തലങ്ങളില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ ജലശ്രീ ക്ലബ്ബുകള്‍ രൂപവത്കരിക്കുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണ് ജലവിഭവ വകുപ്പ് പദ്ധതി നടപ്പാക്കുന്നത്.

ജലവകുപ്പിന് കീഴിലുള്ള കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് കപ്പാസിറ്റി ബില്‍ഡിംഗ് ഡെവലപ്‌മെന്റ് യൂനിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാലയങ്ങളെ ജലസൗഹൃദ ക്യാമ്പസുകളാക്കുക എന്ന ലക്ഷ്യത്തോടെയാണ് അധ്യയനാരംഭത്തില്‍ തന്നെ പദ്ധതി നടപ്പാക്കുന്നത്. മഴവെള്ള സംഭരണം, ഭൂജല പരിപോഷണം, ജലവിനിമയം എന്നിവയില്‍ പുതിയൊരു സംസ്‌കാരം വിദ്യാര്‍ഥികളില്‍ കൂടി കുടുംബങ്ങളിലേക്കും സമൂഹത്തിലേക്കും വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ജല സംരക്ഷണം, മഴയറിവ്, മഴവെള്ള സംഭരണം, ഭൂജല പരിപോഷണം, ജലശുദ്ധി, ജലഗുണ നിലവാരം, ജലവിനിമയ വിനിയോഗ സംസ്‌കാരം, തുടങ്ങിയ മേഖലകളില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന് വിദ്യാര്‍ഥികളെ സജ്ജരാക്കാന്‍ ജലശ്രീ ക്ലബുകളിലൂടെ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.
യു പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വി എച്ച് എസ് സി തലത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. താത്പര്യമുള്ള വിദ്യാലയങ്ങള്‍ ഈ മാസം മുപ്പതിന് മുമ്പ് ജലവിഭവ വകുപ്പിന്റെ തിരുവനന്തപുരത്തുള്ള സി സി ഡി യൂനിറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഓരോ കൂട്ടായ്മയിലും മുപ്പത് മുതല്‍ അമ്പത് വരെ കുട്ടികള്‍ അംഗങ്ങളായുണ്ടായിരിക്കും. സ്‌കൂളിലെ ഒരധ്യാപകന്റെ നേതൃത്വത്തില്‍ അഞ്ച് പേരടങ്ങുന്ന കമ്മിറ്റി മേല്‍നോട്ടം വഹിക്കും.
ജലശ്രീ ക്ലബ്ബുകള്‍ക്ക് സ്വീകരിക്കാവുന്ന മുപ്പതോളം പേരുകളും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. പഠനങ്ങള്‍, സെമിനാറുകള്‍, കിണര്‍ സര്‍വേ, ക്ലോറിനേഷന്‍, ജലസന്ധ്യ, മഴക്കണക്ക്, മഴക്കലന്‍ഡര്‍, ജല ആല്‍ബം തയ്യാറാക്കല്‍, ജലസാമ്പിള്‍ പരിശോധന, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ഗൃഹസന്ദര്‍ശനം, മരത്തൈ നടല്‍, ജൈവ വേലി നിര്‍മാണം, പുഴയെ അറിയുക, സഹവാസ ക്യാമ്പുകള്‍, പഠനയാത്രകള്‍ തുടങ്ങി അമ്പതോളം പ്രവര്‍ത്തനങ്ങളാണ് വിദ്യാര്‍ഥികള്‍ ഏറ്റെടുത്ത് നടത്തുക. മാസത്തില്‍ ഒരു ദിവസം സ്‌കൂള്‍ അസംബ്ലിയില്‍ ജലപ്രതിജ്ഞയും എടുക്കും.
വിദ്യാലയത്തിനു സമീപത്തുള്ള ജലസ്രോതസ്സുകളെ ബന്ധിപ്പിച്ച് പദയാത്രകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. ജലശ്രീ കൂട്ടായ്മക്കു കീഴില്‍ ജലസംരക്ഷണത്തെക്കുറിച്ചുള്ള പത്രം പുറത്തിറക്കും. മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ക്ലബ്ബുകള്‍ക്ക് പുരസ്‌കാരങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.