Connect with us

Sports

ചരിത്രം സൃഷ്ടിക്കാന്‍ ബയേണ്‍ ഇറങ്ങുന്നു

Published

|

Last Updated

ബെര്‍ലിന്‍: ജര്‍മന്‍ ഫുട്‌ബോളില്‍ പുതിയൊരു ചരിത്രം സൃഷ്ടിക്കാനുള്ള പുറപ്പാടിലാണ് ബയേണ്‍. ബുണ്ടസ് ലീഗ, യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ സ്വന്തമാക്കിയ ജുപ് ഹെയിന്‍കസിന്റെ ബയേണ്‍ മ്യൂണിക്ക് ഇന്ന് ബെര്‍ലിനിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ സീസണിലെ മൂന്നാം കിരീടം തേടിയിറങ്ങുന്നു. ജര്‍മന്‍ കപ്പ് ഫൈനലില്‍ വിഎഫ്ബി സ്റ്റുട്ഗര്‍ട്ടാണ് ബയേണിന്റെ എതിരാളി. ഒരു സീസണില്‍ ട്രിപ്പിള്‍ നേടുക എന്ന അപൂര്‍വത നേട്ടം കൈവരിക്കാന്‍ ബയേണ്‍ കളിക്കാര്‍ക്ക് തിടുക്കമായി. ജര്‍മന്‍ കപ്പ് ജയം വെറുമൊരു ട്രോഫി നേടല്‍ അല്ല. മറിച്ച് അതൊരു ചരിത്രമാണ്- അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ തോമസ് മുള്ളര്‍ പറഞ്ഞു.
ഒരു സീസണില്‍ മൂന്ന് കിരീടങ്ങള്‍ നേടിയ ജര്‍മന്‍ ക്ലബ്ബ് ഇല്ല. അതേ സമയം, വ്യത്യസ്ത രാഷ്ട്രങ്ങളിലായി ആറ് ടീമുകള്‍ മുമ്പ് ട്രിപ്പിള്‍ തികച്ചിട്ടുണ്ട്. 1967 ല്‍ സ്‌കോട്ടിഷ് ക്ലബ്ബ് സെല്‍റ്റിക്ക്, 1972 ല്‍ ഹോളണ്ട് ക്ലബ്ബ് അയാക്‌സ്, 1988 ല്‍ ഹോളണ്ട് ക്ലബ്ബ് പി എസ് വി ഐന്തോവന്‍, 1999 ല്‍ ഇംഗ്ലീഷ് ടീം മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, 2009 ല്‍ സ്പാനിഷ് ടീം ബാഴ്‌സലോണ, 2010 ല്‍ ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍മിലാന്‍ എന്നിവരാണ് ട്രിപ്പിള്‍ നേടി ചരിത്രം സൃഷ്ടിച്ചവര്‍.
ബയേണ്‍ മ്യൂണിക്കിനൊപ്പം കോച്ച് ജുപ് ഹെയിന്‍കസിന്റെ അവസാന മത്സരം എന്ന പ്രത്യേകതയും ജര്‍മന്‍ കപ്പിനുണ്ട്. ഹെയിന്‍കസിന് അര്‍ഹിക്കുന്ന യാത്രയയപ്പ് നല്‍കുവാന്‍ കളിക്കാര്‍ നൂറ് ശതമാനം അര്‍പ്പണ ബോധത്തോടെ കളിക്കുമെന്ന് മുള്ളര്‍. ബുണ്ടസ് ലീഗയില്‍ ഇരുപത്തിമൂന്നാം കിരീടം നേടി റെക്കോര്‍ഡിട്ട ബയേണ്‍ ജര്‍മന്‍ കപ്പില്‍ പതിനാറാം തവണ മുത്തമിട്ട് മറ്റൊരു റെക്കോര്‍ഡും ലക്ഷ്യമിടുന്നു. ബയേണ്‍ ജയിച്ചാല്‍ മിഡ്ഫീല്‍ഡര്‍ ബാസ്റ്റ്യന്‍ ഷൈ്വന്‍സ്റ്റിഗര്‍ക്ക് ആറാം ജര്‍മന്‍ കപ്പ് നേട്ടമായി. ജര്‍മനിയുടെ ഇതിഹാസ ഗോള്‍കീപ്പര്‍ ഒലിവര്‍ ഖാന്റെ റെക്കോര്‍ഡിനൊപ്പമെത്താം ഷൈ്വന്‍സ്റ്റിഗര്‍ക്ക്.
ബ്രസീല്‍ താരങ്ങളായ ഡാന്റെയും ലൂയിസ് ഗുസ്താവോയും ഇന്ന് ബയേണ്‍ നിരയിലുണ്ടാകില്ല. ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പിനുള്ള ക്യാമ്പിലേക്ക് അവരെ വിട്ടുകൊടുത്തു. ബയേണിന്റെ പ്രതിരോധത്തിലെ ശക്തനായ ഡാന്റെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ബോറുസിയ ഡോര്‍ട്മുണ്ടിനെതിരെ തകര്‍ത്തു കളിച്ചിരുന്നു. ബ്രസീലിയന്‍ കളിക്കാരുടെ അഭാവം ബയേണിന്റെ ശക്തിയെ ബാധിക്കില്ലെന്ന് സ്റ്റുട്ഗര്‍ട് കോച്ച് ബ്രൂണോ ലബാഡിയ അഭിപ്രായപ്പെട്ടു.
ബയേണ്‍ എല്ലാ റെക്കോര്‍ഡുകളും ഭേദിച്ചു കൊണ്ടാണ് സീസണില്‍ കുതിച്ചത്. ചെറിയൊരു പ്രതീക്ഷയുടെ പുറത്ത് ബയേണിനോട് മുട്ടി നോക്കാം എന്ന് മാത്രം.
യൂറോപ്പിലെ ഏറ്റവും കരുത്തരായ ടീമിനെതിരെയാണ് കളിക്കാന്‍ പോകുന്നത് – ലബാഡിയ പറഞ്ഞു. ബുണ്ടസ് ലീഗയില്‍ പന്ത്രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സ്റ്റുട്ഗര്‍ട് 2007ന് ശേഷം ആദ്യ ഫൈനല്‍ കളിക്കാന്‍ പോവുകയാണ്.

Latest