Connect with us

Sports

വിവാദങ്ങള്‍ക്കിടെ ഇന്ത്യന്‍ ടീം ഇന്ന് പരിശീലന മല്‍സരത്തിന്

Published

|

Last Updated

ബമിംഗ്ഹാം: ഐ പി എല്‍ വാതുവെപ്പ് വിവാദങ്ങള്‍ക്കിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്ന് ശ്രീലങ്കക്കെതിരെ പരിശീലന മത്സരത്തിനിറങ്ങുന്നു. ആറിന് ആരംഭിക്കുന്ന ഐ സി സി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള തയ്യാറെടുപ്പാണിത്. വിവാദങ്ങളോട് പ്രതികരിക്കാന്‍ സമയമായിട്ടില്ലെന്ന് വ്യക്തമാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി കിരീടം ലക്ഷ്യമിട്ടാണ് ഓരോ നീക്കവും നടത്തുന്നത്. നാട്ടിലേക്ക് മടങ്ങുമ്പോള്‍ കൈയ്യില്‍ ചാമ്പ്യന്‍സ് ട്രോഫിയുണ്ടെങ്കില്‍ വിവാദങ്ങളോട് പ്രതികരിക്കാനുള്ള ബലം കൂടുമെന്ന് ധോണിക്കറിയാം. അതു കൊണ്ടു തന്നെ ക്യാപ്റ്റന്‍ പറയുന്നു: ചാമ്പ്യന്‍സ് ട്രോഫിയില്‍ മാത്രമാണ് ശ്രദ്ധ !
ഇംഗ്ലണ്ടിലെ സാഹചര്യം പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ എത്രമാത്രം ഉപയോഗിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ സാധ്യതകള്‍. ഇന്‍സ്വിംഗറും ഔട്ട്‌സ്വിംഗറും മികച്ച രീതിയില്‍ എറിയുന്ന ഭുവനേശ്വറിന് എതിരാളികളെ വിറപ്പിക്കാന്‍ സാധിക്കും. കുറഞ്ഞ അവസരങ്ങള്‍ക്കുള്ളില്‍ ഈ യുവ പേസര്‍ തന്റെ മിടുക്ക് പ്രദര്‍ശിപ്പിച്ചു കഴിഞ്ഞതാണ്.
പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയിലായിരുന്നു ഭുവനേശ്വര്‍ ശരിക്കും വരവറിയിച്ചത്. ഏകദിന ടീമില്‍ സ്ഥാനമുറപ്പിക്കാനുള്ള പ്രധാന വേദിയാണ് ഭുവനേശ്വറിന് ചാമ്പ്യന്‍സ് ട്രോഫി. വിവാഹം കഴിഞ്ഞു. പരുക്ക് ഭേദപ്പെട്ടു. ജീവിതത്തില്‍ എന്ന പോലെ ക്രിക്കറ്റിലും ഉമേഷ് യാദവ് എന്ന പേസര്‍ പുതിയൊരു തുടക്കം ആഗ്രഹിക്കുന്ന സന്ദര്‍ഭമാണിത്.
അഞ്ച് ബൗളര്‍മാരെ ഉള്‍പ്പെടുത്തുവാനുള്ള ധോണിയുടെ തീരുമാനം ഉമേഷ് യാദവിന് വലിയ സാധ്യതയാണ്. ഡല്‍ഹി പേസര്‍ ഇഷാന്ത് ശര്‍മയാണ് മറ്റൊരു ഫാസ്റ്റ് ബൗളര്‍. നാലാം പേസറായി ആള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പത്താനെ ധോണി പരിഗണിക്കും. ഇര്‍ഫാന്റെ ബാറ്റിംഗ് മികവ് ഇന്ത്യന്‍ ലൈനപ്പിന് കരുത്തേകും.
രസകരമായ വസ്തുത, വിനയ് കുമാര്‍ എന്ന പേസറെ ധോണി ഏതുവിധം ഉപയോഗിക്കുമെന്നതാണ്. ഒരു സ്പിന്നര്‍ക്ക് മാത്രമേ സാധ്യതയുള്ളു. ആള്‍ റൗണ്ടര്‍ രവിന്ദ്ര ജഡേജ ആ സ്ഥാനത്തേക്ക് ഫിറ്റ് ആണ്. ബാറ്റിംഗ് ഓര്‍ഡറിന് ബലമേകാന്‍ ജഡേജ അനിവാര്യമാണ്.
ഈ സാഹചര്യത്തില്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിനും അമിത് മിശ്രയും ആദ്യ ഇലവനില്‍ കയറാന്‍ കാത്തിരിക്കേണ്ടി വരും.
ആദ്യ ആറ് സ്ഥാനത്ത് ബാറ്റ്‌സ്മാന്‍മാര്‍ നിറയും. അഞ്ച് ബൗളര്‍മാരെ ടീമിലുള്‍പ്പെടുത്തുമ്പോള്‍ ഇര്‍ഫാനും ജഡേജയും ഇന്ത്യക്ക് എട്ട് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ ഫലം നല്‍കും. ബാറ്റിംഗിലേക്ക് വരുമ്പോള്‍ ഏവരും ഉറ്റുനോക്കുന്നത് ശിഖര്‍ ധവാനെയാണ്. ആസ്‌ത്രേലിയക്കെതിരെ അരങ്ങേറ്റ ടെസ്റ്റില്‍ അതിവേഗ സെഞ്ച്വറി നേടിയ ധവാന്‍ വലിയ പ്രതീക്ഷയാണ്. മുരളി വിജയ്, സുരേഷ് റെയ്‌ന, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, മഹേന്ദ്ര സിംഗ് ധോണി എന്നിവരുടെ ഐ പി എല്‍ ഫോം ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പിന് മുതല്‍ക്കൂട്ടാകും.

ടീം ഇന്ത്യ: എം എസ് ധോണി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന, ദിനേശ് കാര്‍ത്തിക്ക്, മുരളി വിജയ്, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ഇര്‍ഫാന്‍ പത്താന്‍, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത് ശര്‍മ, അമിത് മിശ്ര, വിനയ് കുമാര്‍.
ടീം ശ്രീലങ്ക: ഏഞ്ചലോ മാത്യൂസ് (ക്യാപ്റ്റന്‍), ദിനേശ് ചാണ്ടിമാല്‍, ദില്‍ഹാര ലോകുഹെറ്റിഗെ, തിലകരത്‌നെദില്‍ഷന്‍, ഷാമിന്ദ എറാംഗ, രംഗന ഹെറാത്, മഹേല ജയവര്‍ധനെ, നുവാന്‍ കുലശേഖര, ലസിത് മലിംഗ, ജീവന്‍ മെന്‍ഡിസ്, കുശാല്‍ പെരേര, തിസര പെരേര, കുമാര്‍ സങ്കക്കാര, സചിത്ര സേനനായകെ, ലാഹിരു തിരിമന്നെ.

 

---- facebook comment plugin here -----

Latest