ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതിക്കെതിരായ പ്രതിഷേധം പണം നല്‍കി ഒതുക്കുന്നു

Posted on: June 1, 2013 12:31 am | Last updated: June 1, 2013 at 12:31 am
SHARE

GAIL-Logoതൃശൂര്‍:കൊച്ചി – ബംഗളൂരു പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതിക്കെതിരായി ഉയരുന്ന എതിര്‍പ്പുകള്‍ പ്രക്ഷോഭ സമിതിയുടെ നേതാക്കള്‍ക്ക് വന്‍ തുക നല്‍കി ഇല്ലാതാക്കാന്‍ ശ്രമം. പദ്ധതി കടന്നുപോകുന്ന ജില്ലകളില്‍ സമരത്തിന് നേതൃത്വം നല്‍കുന്ന സമരസമിതികളെ നയിക്കുന്ന മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ വരുതിയിലാക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. കാസര്‍കോട്ട്് ഈ ശ്രമം ജയിച്ചതിന് പുറമെ മറ്റ് ഏതാനും ജില്ലകളിലും സ്വാധീനിക്കാനുള്ള നീക്കങ്ങള്‍ മുന്നേറുമ്പോള്‍ പദ്ധതിക്കെതിരായ പ്രതിഷേധം തണുക്കുകയാണ്. ചില ജില്ലകളില്‍ സമരം നിശ്ചലമായ അവസ്ഥയിലാണുള്ളത്. നേരത്തെ സമരം കൂടുതല്‍ ശക്തവും അക്രമാസക്തവുമായ കാസര്‍കോട് ജില്ലയില്‍ സമരത്തിന് നേതൃത്വം നല്‍കിയ ഭരണപക്ഷത്തെ പ്രമുഖ പാര്‍ട്ടിയുടെ നേതാവിനെ സ്വാധീനിക്കാനായതോടെ സമരം വഴിപാടായി മാറിയിരിക്കുകയാണ്. സംസ്ഥാനത്ത് തന്നെ അറിയപ്പെടുന്ന നേതാവും സംഘടനയും സമരരംഗത്ത് പേരിന് മാത്രമായി. കരാര്‍ ഉറപ്പിക്കപ്പെട്ടതോടെ പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ കാസര്‍കോട് ജില്ലയില്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്.

കണ്ണൂരില്‍ രണ്ട് പക്ഷത്തെയും കൈപ്പിടിയില്‍ അമര്‍ത്തി പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനാണ് അധികൃതര്‍ കരുക്കള്‍ നീക്കിയത്. ഇവിടെ ഭരണപക്ഷ ജനപ്രതിനിധിയെ ലക്ഷങ്ങള്‍ നല്‍കി വരുതിയിലാക്കാന്‍ സാധിച്ചു. കര്‍ഷക സംഘടനകളുടെയും മറ്റും എതിര്‍പ്പിനെ തുടര്‍ന്ന് പ്രതിപക്ഷത്തെ മുഖ്യസംഘടനയിലെ സംസ്ഥാനതല നേതാവിനെ ദശലക്ഷങ്ങള്‍ നല്‍കി സ്വാധീനിക്കാനുള്ള നീക്കം വിഫലമായിരിക്കുകയാണ്.
മലപ്പുറത്ത് പ്രമുഖ മന്ത്രിയുടെ വിശ്വസ്തനാണ് ഇത്തരം ഇടപാടുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ജില്ലയിലെ പ്രധാനപ്പെട്ട മോട്ടോര്‍ വാഹന കമ്പനി ഉടമയുടെ തരിശായ ഭൂമി പൈപ്പ് ലൈന്‍ അലൈന്‍മെന്റില്‍ നിന്ന് ഒഴിവാക്കുന്നതിന് കോടികളുടെ അഴിമതിയാണ് നടന്നത്. തരിശായ ഈ ഭൂമി ഒഴിവാക്കി തയ്യാറാക്കിയ പുതിയ അലൈന്‍മെന്റ് പ്രകാരം മലപ്പുറം നഗരിയുടെ ഹൃദയഭാഗത്തിലൂടെ പൈപ്പ്‌ലൈന്‍ സ്ഥാപിക്കേണ്ടിവരും. നിരവധി വീടുകളുടെയും സ്‌കുളുകളുടെയും ആരാധനാലയങ്ങളുടെയും സ്ഥാപനങ്ങളുടെയും ചാരത്തുകൂടിയാകും അപകടകരമായ പൈപ്പ്‌ലൈന്‍ കടന്നുപോകുക. ഇതിനെതിരേ മലപ്പുറത്ത് പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
തൃശൂര്‍, പാലക്കാട് ജില്ലകളിലെ സമരനേതാക്കളെ സ്വാധീനിക്കാനായി നടത്തിയ ശ്രമം ഇതുവരെ പൂര്‍ണമായി വിജയം കണ്ടിട്ടില്ലെങ്കിലും ചര്‍ച്ച മുന്നേറുന്നുണ്ട്. തൃശൂരിലെ കോള്‍പടവുകളിലെ കര്‍ഷകസംഘത്തിന് വന്‍തുക വാഗ്ദാനം നല്‍കിയാണ് സ്വാധീനിക്കാന്‍ ശ്രമിക്കുന്നത്. എറണാകുളം ജില്ലയില്‍ പ്രമുഖ സംഘടനയുടെ അറിയപ്പെട്ട തൊളിലാളി യൂനിയന്‍ നേതാവ് അധികൃതരുമായി നിരന്തരം വിലപേശല്‍ ചര്‍ച്ച നടത്തുമ്പോള്‍ ഇതേ സംഘടനയിലെ പാര്‍ലിമെന്റ് അംഗം കൂടിയായ മറ്റൊരു നേതാവ് സമരരംഗത്ത് ഉറച്ച നിലപാടുമായി നിലകൊള്ളുകയാണ്.
മണ്ഡലങ്ങളില്‍ നടക്കുന്ന പല പരിപാടികളും സ്‌പോണ്‍സര്‍ ചെയ്ത് മന്ത്രിമാരെയും ജനപ്രതിനിധികളെയും സാധ്വീനിക്കാനുള്ള നീക്കവും അണിയറയില്‍ സജീവമാണ്. സംസ്ഥാനത്തെ പ്രമുഖ വള്ളംകളി വരെ ഇപ്രകാരം സ്‌പോണ്‍സര്‍ ചെയ്തതില്‍ ഉള്‍പ്പെടും. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും കോഴിക്കോട് ജില്ലയില്‍ അധികൃതര്‍ നടത്തിയ നീക്കങ്ങള്‍ പൂര്‍ണമായും പരാജയപ്പെടുകയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here