ഹൈക്കോടതി വിധി മറികടന്ന് കളിയാട്ടക്കാവില്‍ കോഴികളെ ബലിയിട്ടു

Posted on: June 1, 2013 12:23 am | Last updated: June 1, 2013 at 12:23 am
SHARE

തിരൂരങ്ങാടി: മുന്നിയൂ ര്‍ കളിയാട്ടക്കാവില്‍ കോഴിബലി നിരോധിച്ച ഹൈക്കോടതി വിധി മറികടന്ന് ഇന്നലെ നിരവധിപേര്‍ ബലിയര്‍പ്പിച്ചു. കേരള യുക്തിവാദി സംഘം പ്രസിഡന്റ് യു. കലാനാഥന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണനും, ജസ്റ്റിസ് ബാബു മാത്യു പി ജോസഫും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. രാവിലെ എട്ടിന് അമ്മാഞ്ചേരി ഭഗവതിക്ഷേത്ര പരിസരത്താണ് കോഴിബലി നടന്നത്.
നിയന്ത്രണാതീതമായ ജനക്കൂട്ടം പോലീസ് വിലക്ക് ലംഘിച്ചു. ഹിന്ദു വിശ്വാസത്തിന്റെ ഭാഗമായ കോഴിബലി നിരോധിച്ചത് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ക്രമസമാധാനപ്രശ്‌നം മുന്നില്‍ കണ്ട് മലപ്പുറം ഡി വൈ എസ് പി. എസ് അഭിലാഷിന്റെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുനൂറിലധികം പോലീസുകാര്‍ സ്ഥലത്തെത്തിയിരുന്നു.
എന്നാല്‍ ജനക്കൂട്ടം പൊലീസ് വിലക്ക് വകവച്ചില്ല. വിശ്വാസികളെ പ്രതിരോധിച്ചാല്‍ അത് വലിയ സംഘര്‍ഷത്തിലേക്ക് പോകുമെന്നത് കൊണ്ട് പോലീസ് സംയമനം പാലിച്ചു. നിയമവിരുദ്ധമായി കോഴികളെ ബലി കൊടുക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ട ചുമതല പോലീസിനുണ്ടെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ബലി തടയാന്‍ പോലീസിനായില്ല. വിലക്ക് ലംഘിച്ചവര്‍ക്കെതിരെ പോലീസ് കേസെടുക്കും.
ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിലെ പ്രധാന ആചാരമാണ് കോഴിബലി. വിശ്വാസികള്‍ വീട്ടില്‍ പ്രത്യേകമായി വളര്‍ത്തുന്ന കോഴികളെയാണ് ബലിയായി നല്‍കുന്നത്. 1968ലെ മൃഗ, പക്ഷിബലി നിരോധ നിയമത്തിന് വിരുദ്ധമായി കോഴിബലി പോലുള്ള നടപടിക്ക് പോലീസ് കൂട്ടുനില്‍ക്കുകയോ മറയൊരുക്കുകയോ ചെയ്യരുതെന്നാണ് കോടതി നല്‍കിയ ഉത്തരവ്.

LEAVE A REPLY

Please enter your comment!
Please enter your name here