സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ ഇന്ത്യന്‍ വംശജന് കിരീടം

Posted on: June 1, 2013 6:00 am | Last updated: May 31, 2013 at 11:41 pm
SHARE

SPELLING BEEഓക്‌സോണ്‍ ഹില്‍: അമേരിക്കയില്‍ നടന്ന ദേശീയ സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ ഇന്ത്യന്‍ വംശജനായ ബാലന് കിരീട നേട്ടം. 86ാമത് സ്‌ക്രിപ്‌സ് നാഷണല്‍ സ്‌പെല്ലിംഗ് ബീ മത്സരത്തിലാണ് 13കാരനായ അരവിന്ദ് മഹാങ്കലി അഭിമാനകരമായ നേട്ടത്തിന് ഉടമയായത്. knaidel എന്ന ഏഴക്ഷരമുള്ള വാക്ക് ശരിയായി പറഞ്ഞാണ് അരവിന്ദ് ഈ നേട്ടത്തിനുടമയായത്.

ന്യൂയോര്‍ക്ക് നിവാസിയായ അരവിന്ദ് 2011 ലും 2012ലും ഇതേ മത്സരത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ജര്‍മന്‍ ഭാഷയില്‍നിന്നുത്ഭവിച്ച വാക്കാണ് രണ്ടു തവണയും അരവിന്ദിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയതെങ്കില്‍ ഇത്തവണ ജര്‍മന്‍ വാക്ക് ശരിയായി സ്‌പെല്‍ ചെയ്താണ് രണ്ടു തവണയും കൈവിട്ടുപോയ കിരീടം കൈപ്പിടിയിലൊതുക്കിയത്. ബുദ്ധി ശക്തി, വാക്കുകള്‍ കമ്പോസ് ചെയ്യുക, പദാവലിയിലുള്ള വിജ്ഞാനം എന്നിവ കൂടി അളക്കുന്നതാണ് മത്സരം. അവസാന റൗണ്ടിലെത്തിയ 11 പേരെ പുറന്തള്ളിയാണ് അരവിന്ദ് ജേതാവായത്. മത്സരം ദേശീയ തലത്തില്‍ ടിവി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 30,000 യു എസ് ഡോളറും ട്രോഫിയുമാണ് സമ്മാനം. 1999ല്‍ മത്സരം തുടങ്ങിയതു മുതല്‍ ഇതുവരെ ആറ് ഇന്ത്യന്‍ വംശജര്‍ ജേതാക്കളായിട്ടുണ്ട്.