ഇസ്‌റാഈലിനെതിരെ യൂറോപ്യന്‍ യൂനിയന്‍

Posted on: June 1, 2013 5:59 am | Last updated: May 31, 2013 at 11:39 pm
SHARE

റമല്ല: പശ്ചിമേഷ്യയെ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് തള്ളിവിടുന്ന കിഴക്കന്‍ ജറൂസലമിലെ ഇസ്‌റാഈലിന്റെ പുതിയ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ യൂറോപ്യന്‍ യൂനിയന്‍ രംഗത്തുവന്നു. മേഖലയില്‍ 1,000 പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള പദ്ധതിയാണ് ഇ യുവിന്റെ പ്രതിഷേധത്തിനിടയാക്കിയത്. ഇസ്‌റാഈല്‍ നടപടി ഇ യു വിന്റെ നിലപാടുകള്‍ ആവര്‍ത്തിച്ചു പറയാന്‍ തങ്ങളെ പ്രേരിപ്പിക്കുന്നതായി വിദേശകാര്യ വിഭാഗം മേധാവി കാതറിന്‍ ആഷ്തണ്‍ പ്രതികരിച്ചു. ഫലസ്തീനും ഇസ്‌റാഈലും തമ്മിലുള്ള സമാധാന ശ്രമങ്ങള്‍ക്ക് ഭംഗം വരുത്തുന്നതാണ് അനധികൃത നിര്‍മാണങ്ങളെന്ന് അവര്‍ പ്രസ്താവനയില്‍ പറഞ്ഞു. കിഴക്കന്‍ ജറൂസലമിലുള്‍പ്പെടെയുള്ള വെസ്റ്റ് ബാങ്കിലെ എല്ലാ പ്രവൃത്തികളും അടിയന്തരമായി നിര്‍ത്തിവെക്കാന്‍ ഇ യു നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇരു വിഭാഗവും തമ്മില്‍ ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണമെന്നാണ് തങ്ങളുടെ നിലപാടെന്ന് ആഷ്തണ്‍ ചൂണ്ടിക്കാട്ടി.
വടക്കുകിഴക്കന്‍ ജറൂസലമില്‍ അനധികൃതമായി 300 വീടുകള്‍ നിര്‍മിക്കാന്‍ ഇസ്‌റാഈല്‍ ഇതിനകം കരാറിലെത്തിയതായി ജറൂസലം നിര്‍മാണ നിരീക്ഷണ സംഘത്തലവന്‍ ഡാനി സീഡ്മാന്‍ പറഞ്ഞു. ഇതിന് പുറമെ ദക്ഷിണ ജറൂസലമിലെ 797 പ്ലോട്ടുകള്‍ വില്‍പ്പനക്ക് വെച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
ചര്‍ച്ച പുനരാരംഭിക്കുന്നത് വരെ മേഖലയിലെ മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കണമെന്നാണ് ഇസ്‌റാഈലിനോട് ഫലസ്തീന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ജറൂസലമില്‍ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ഇസ്‌റാഈലിന് യു എസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫലസ്തീനുമായി സമാധാന ഉടമ്പടിയിലെത്തുന്നതിന് മുമ്പുള്ള ഇത്തരം നടപടി ഒട്ടും ക്രിയാത്മകമല്ലെന്ന് യു എസ് പ്രതികരിച്ചു.