Connect with us

International

യൂറോ സോണിലെ തൊഴിലില്ലായ്മാ നിരക്ക് റെക്കോര്‍ഡ് ഉയരത്തില്‍

Published

|

Last Updated

ബ്രസല്‍സ്: യൂറോ സോണിലെ തൊഴിലില്ലായ്മാ നിരക്ക് വീണ്ടും റെക്കോര്‍ഡ് ഉയരത്തില്‍. യൂറോ കറന്‍സി പൊതുവായി ഉപയോഗിക്കുന്ന യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക് ഏപ്രിലില്‍ 12.2 ശതമാനമാണ്. ഫെബ്രുവരി, മാര്‍ച്ചില്‍ ഇത് 12.1 ശതമാനമായിരുന്നു. വര്‍ധനവ് 0.1 ശതമാനം മാത്രമാണെങ്കിലും സാമ്പത്തിക ഉത്തേജക നടപടികള്‍ പുരോഗമിക്കുമ്പോള്‍ തൊഴിലില്ലായ്മാ നിരക്ക് വര്‍ധിച്ചത് ആശങ്കാജനകമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 17 രാജ്യങ്ങളിലായി 95,000 പേരാണ് പുതുതായി തൊഴില്‍രഹിതരായിരിക്കുന്നത്.
ഗ്രീസിലും സ്‌പെയിനിലുമാണ് ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്കുള്ളത്- 25 ശതമാനം. ഓസ്ട്രിയയില്‍ ആണ് ഏറ്റവും കുറഞ്ഞ നിരക്ക്- 4.9 ശതമാനം. യൂറോപ്യന്‍ കമ്മീഷന്റെ സ്ഥിതിവിവര കാര്യാലയമായ യൂറോസ്റ്റാറ്റ് പുറത്തിറക്കിയ കണക്ക് പ്രകാരം ജര്‍മനിയുടെ തൊഴിലില്ലായ്മ നിരക്ക് 5.4 ശതമാനവും ലക്‌സംബര്‍ഗിന്റെത് 5.6 ശതമാനവുമാണ്.
അടുത്ത വര്‍ഷം മധ്യത്തോടെ മാത്രമേ തൊഴിലില്ലായ്മാ നിരക്ക് സ്ഥിരത കൈവരിക്കുകയുള്ളൂവെന്ന് സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഫ്രഡറിക് ഡൂക്രോസെറ്റ് പറഞ്ഞു. തൊഴിലില്ലായ്മ ഈ നിരക്കില്‍ മുന്നോട്ട് പോയാല്‍ സാമൂഹിക പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. യുവാക്കളിലെ തൊഴിലില്ലായ്മയാണ് വലിയ ആശങ്കയുണര്‍ത്തുന്നത്. ഏപ്രിലിലെ കണക്ക് പ്രകാരം യൂറോ സോണിലെ 25 വയസ്സിന് താഴെയുള്ള 36 ലക്ഷം പേരാണ് തൊഴില്‍രഹിതരായിട്ടുള്ളത്. ഇറ്റാലിയന്‍ സര്‍ക്കാറിന്റെ കണക്ക് പ്രകാരം അവിടെയുള്ള യുവാക്കളില്‍ 40.5 ശതമാനം പേരും തൊഴില്‍രഹിതരാണ്.

Latest