അംഗബലക്കുറവോ പി എസ് സിയുടെ പ്രശ്‌നം?

Posted on: June 1, 2013 6:00 am | Last updated: May 31, 2013 at 11:20 pm
SHARE

pscപബ്ലിക്ക് സര്‍വീസ് കമ്മീഷന്റെ(പി എസ് സി) അംഗസംഖ്യ 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കയാണ്. നിലവിലുള്ള കമ്മീഷന്‍ അംഗങ്ങളില്‍ നാല് പേര്‍ ജൂണില്‍ വിരമിക്കാനിരിക്കെ, പുതുതായി വര്‍ധിപ്പിച്ച മൂന്ന് ഉള്‍പ്പെടെ ഏഴ് പേരെ നിയമിക്കാനാണ് ഉദ്ദേശ്യം. അംഗങ്ങളുടെ കുറവ് പി എസ് സിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായും ഇത് പരിഹരിക്കനാാണ് അംഗസംഖ്യ വര്‍ധിപ്പിക്കുന്നതെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ ഐക്യമുന്നണിയുമായി ഇടഞ്ഞു നില്‍ക്കുന്ന ജെ എസ് എസ് പോലുള്ള കക്ഷികള്‍ക്ക് പി എസ് സിയില്‍ പ്രാതിനിധ്യം നല്‍കി അവരെ പിടിച്ചു നിര്‍ത്താനുള്ള രാഷ്ട്രീയ ലക്ഷ്യമാണ് അംഗസംഖ്യാ വര്‍ധനവിന് പിന്നിലെന്നാണ് യു ഡി എഫ്‌വിമര്‍ശകരുടെ പക്ഷം.
സര്‍ക്കാര്‍ സര്‍വീസിലേക്കും പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും യോഗ്യരായ ഉദ്യോഗാര്‍ഥികളെ കണ്ടെത്തി നിയമിക്കുന്നതിനുള്ള സ്ഥാപനമാണ് പി എസ് സി. ഉദ്യോഗക്കയറ്റം, ഒരു സര്‍വീസില്‍ നിന്ന് മറ്റൊന്നിലേക്കുള്ള മാറ്റം എന്നിവയും ഇതിന്റെ അധികാര പരിധിയില്‍ വരുന്നു. ജനാധിപത്യ ഭരണ സംവിധാനം നിലവിലുളള മിക്കവാറും രാജ്യങ്ങളിലുമുണ്ട് ഇത്തരം സ്ഥാപനങ്ങള്‍. 1936ല്‍ തിരുവിതാംകൂര്‍ ആസ്ഥാനമായി പബ്ലിക് സര്‍വീസ് കമ്മീഷന്‍ പ്രവര്‍ച്ചിരുന്നെങ്കിലും 1956ല്‍ സംസ്ഥാനം രൂപവത്കൃതമായതോടെയാണ് കേരള പി എസ് സി നിലവില്‍ വന്നത്. സ്വതന്ത്രവും ഭരണാധികാരികളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ നീതിപൂര്‍വം പ്രവര്‍ത്തിക്കുന്നതുമായ ഒരു സ്ഥാപനമായാണ് ഭരണഘടന ഇതിനെ വിഭാവനം ചെയ്യുന്നത്. ഭരണഘടനയുടെ താത്പര്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കണമെങ്കില്‍, യോഗ്യരായ ഉദ്യോഗാര്‍ഥികളെ കണ്ടെത്താനുളള ത്രാണിയും വൈദഗ്ധ്യവുമായിരിക്കണം പി എസ് സി അംഗത്തിന്റെ യോഗ്യത. രാഷ്ട്രീയമായ സമ്മര്‍ദങ്ങള്‍ക്ക് വിധേയരാകാതെ പ്രവര്‍ത്തിക്കാനുള്ള ഇച്ഛാശക്തിയും തന്റേടവും അനിവാര്യ ഘടകങ്ങളാണ്.
സംസ്ഥാനം ഭരിക്കുന്ന കൂട്ടുമുന്നണിയുടെ അധികാര പദവികളുടെ വീതംവെപ്പില്‍ ഇടം കിട്ടാതെ പോയ മോഹഭംഗകരെ കുടിയിരുത്താനുള്ള വേദിയായി പി എസ് സിയും സര്‍ക്കാര്‍ ബോര്‍ഡുകളും മാറുന്നത് അവയുടെ പ്രവര്‍ത്തന ക്ഷമതയെ ബാധിക്കും. പി എസ് സിയുടെ അംഗബലം കൂട്ടിയത് യു ഡി എഫിലെ കക്ഷികള്‍ക്കിടയിലെ വീതംവെപ്പ് സുഗമമാക്കാനാണെന്നന്നതിന് പുറമെ നിലവിലുള്ള കമ്മീഷനിലെ മൃഗീയമായ എല്‍ ഡി എഫ് ഭൂരിപക്ഷത്തിന് അറുതി വരുത്താന്‍ കൂടിയാണെന്ന റിപ്പോര്‍ട്ട് ആശങ്കാജനകമാണ്. നിലവില്‍ കമ്മീഷനിലെ പതിനേഴ് അംഗങ്ങളും എല്‍ ഡി എഫ് ഭരണകാലത്തെ നോമിനികളാണ്. ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍ മാത്രമാണ് ഏക യു ഡി എഫ് നോമിനി. ജൂണില്‍ ഒഴിവ് വരുന്ന നാല് സ്ഥാനങ്ങളിലേക്കും പുതുതായി വര്‍ധിപ്പിക്കുന്ന മൂന്ന് സ്ഥാനങ്ങളിലേക്കും നിയമനമാകുമ്പോള്‍ യു ഡി എഫ് നോമിനികളുടെ എണ്ണം എട്ടായി ഉയരുമെന്ന രാഷ്ട്രീയ കൗശലം കൂടി ഇതിന് പിന്നിലുണ്ടെന്നാണ് പിന്നാമ്പുറ വാര്‍ത്ത. കക്ഷിരാഷ്ട്രീയത്തില്‍ സാര്‍വത്രികമായി കാണുന്ന ഒരു ദുഷ്പ്രവണയാണിത്. തങ്ങളുടെ ഭരണത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നവര്‍ തങ്ങളുടെതായ രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സന്നദ്ധരായിരക്കണമെന്നാണ് എല്ലാ കക്ഷികളും മുന്നണികളും ആഗ്രഹിക്കുന്നത്. ഈ ലക്ഷ്യത്തില്‍ കാലാവധി തികയാത്ത പൊതുമേഖലാ ഭരണ സമിതികളെ പിരിച്ചു വിട്ട അനുഭവം വരെ സംസ്ഥാനത്തുണ്ട്. പി എസ് സി പക്ഷേ ഒരു ഭരണഘടനാ സ്ഥാപനമായതിനാല്‍ അംഗങ്ങളെയോ ചെയര്‍മാനെയോ നീക്കം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമില്ല. പ്രത്യേക കാരണങ്ങളാല്‍ ചില വ്യവസ്ഥകള്‍ക്കനുസൃതമായി രാഷ്ട്രപതിക്ക് മാത്രമാണ് ഇതിനുള്ള അധികാരം. അല്ലായിരുന്നെങ്കില്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ മാറിമാറി വരുന്ന സംസ്ഥാനത്തെ വലത്, ഇടത് ഭരണത്തിന്‍ കീഴില്‍ ആറ് വര്‍ഷത്തെ കാലാവധിയുള്ള പി എസ് സി അംഗങ്ങളില്‍ എത്രപേര്‍ക്ക് കാലാവധി തികക്കാനാകുമെന്ന് കണ്ടറിയേണ്ടിവരുമായിരുന്നു.
അംഗങ്ങളുടെ കുറവ് മാത്രമാണോ നിലവില്‍ പി എസ് സിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് വിഘാതം. അതോ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മുഖമുദ്രയായ അലസതയും കൃത്യവിലോപവുമാണോ? എല്‍ ഡി ക്ലര്‍ക്ക് നിയമനത്തിന് പി എസ് സി 2011 ല്‍ നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയതും 2015 മാര്‍ച്ച 13 വരെ കാലാവധിയുള്ളതുമായ റാങ്ക് ലിസ്റ്റ് പതിനാല് ജില്ലകളിലും നിലവിലിരിക്കെ, വീണ്ടും ഇതേ തസ്തികയില്‍ നിയമനത്തിന് പി എസ് സി ഇപ്പോള്‍ വീണ്ടും അപേക്ഷ ക്ഷണിച്ചിരിക്കയാണ്. പി എസ് സിക്ക് ജോലിത്തിരക്ക് കൂടുതലെങ്കില്‍ നിലവിലുള്ള റാങ്ക് ലിസ്റ്റിലെ ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ നിയമന സാധ്യത നഷ്ടപ്പെടുത്തുന്ന ഇത്തരമൊരു ഏര്‍പ്പാടിന് അവര്‍ മുതിര്‍ന്നതെന്തിന്? വിവിധ തസ്തികകളിലേക്കുള്ള ഉദ്യാഗാര്‍ഥികളുടെ ഇന്റര്‍വ്യൂ കമ്മീഷന്‍ അംഗങ്ങളുടെ കമ്മി കാരണം മുടങ്ങിക്കിടക്കുകയാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എങ്കില്‍ അക്കാര്യത്തിനായിരന്നില്ലേ പുതിയ അപേക്ഷകള്‍ ക്ഷണിച്ചു കൊണ്ടുള്ള ഉത്തരവിനേക്കാള്‍ പ്രാമുഖ്യം നല്‍കേണ്ടിയിരുന്നത്. അംഗബലം കൂട്ടുന്നതിലുപരി ഉത്തരവാദ-െപ്പട്ടവരുടെ കൃത്യവിലോപത്തിനുള്ള ചികിത്സയാണ് പി എസ് സിക്കിപ്പോള്‍ അടിയന്തരായി വേണ്ടതെന്നാണ് മനസ്സിലാകുന്നത്.