കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്‌സനെ തിങ്കളാഴ്ച തിരഞ്ഞെടുക്കും

Posted on: June 1, 2013 6:00 am | Last updated: May 31, 2013 at 11:05 pm
SHARE

കണ്ണൂര്‍: കണ്ണൂര്‍ നഗരസഭയുടെ പുതിയ ചെയര്‍പേഴ്‌സനെ ഈ മാസം മൂന്ന് തിങ്കളാഴ്ച തിരഞ്ഞെടുക്കും. യു ഡി എഫ് ധാരണ പ്രകാരം എം സി ശ്രീജ ചെയര്‍പേഴ്‌സന്‍ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ ചെയര്‍പേഴ്‌സനെ തിരഞ്ഞെടുക്കാന്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞമാസം എട്ടിനായിരുന്നു എം സി ശ്രീജ സ്ഥാനമൊഴിഞ്ഞത്. മുസ്‌ലിംലീഗിലെ റോഷ്‌നി ഖാലിദാണ് പുതിയ ചെയര്‍പേഴ്‌സന്‍ സ്ഥാനാര്‍ത്ഥി. റോഷ്‌നിയെ മുസ്‌ലിംലീഗ് കൗണ്‍സിലര്‍മാരില്‍ രഹസ്യ വോട്ടെടുപ്പും തുടര്‍ന്ന് നറുക്കെടുപ്പും നടത്തിയാണ് തിരഞ്ഞെടുത്തത്.
റോഷ്‌നിക്കെതിരെ ആരെ സ്ഥാനാര്‍ത്ഥിയാക്കണമെന്നത് സംബന്ധിച്ച് സി പി എം ഇന്ന് തീരുമാനമെടുക്കും. നജ്മുന്നിസ, സ്‌നേഹലത എന്നീ രണ്ട് വനിതാ അംഗങ്ങളാണ് സി പി എമ്മിനുള്ളത്. 42 അംഗ നഗരസഭാ കൗണ്‍സിലില്‍ മുസ്‌ലിംലീഗിന് 17ഉം കോണ്‍ഗ്രസിന് 16ഉം സി പി എമ്മിന് എട്ടും എസ് ഡി പി ഐക്ക് ഒന്നും അംഗങ്ങളാണുള്ളത്. തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. അന്ന് തന്നെ പുതിയ ചെയര്‍പേഴ്‌സന്റെ സത്യപ്രതിജ്ഞയും ഉണ്ടാകും.