Connect with us

National

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടന്‍: പ്രധാനമന്ത്രി

Published

|

Last Updated

പ്രധാനമന്ത്രി സഞ്ചരിച്ച പ്രത്യേക വിമാനത്തില്‍ നിന്ന്: കേന്ദ്ര മന്ത്രിസഭയിലെ ഒഴിവുകള്‍ നികത്താന്‍ ഉടന്‍ പുനഃസംഘടന നടക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. ഒഴിവുകള്‍ നികത്തേണ്ടത് തന്നെയാണ്. അക്കാര്യം ഗൗരവപൂര്‍വം പരിഗണിക്കുമെന്ന് തായ്‌ലാന്‍ഡില്‍ നിന്നുള്ള യാത്രാമധ്യേ പ്രധാനമന്ത്രി പറഞ്ഞു. റെയില്‍വേ കോഴക്കേസില്‍ ആരോപിതനായി പവന്‍ കുമാര്‍ ബന്‍സാലും കല്‍ക്കരി പാടം അഴിമതിയില്‍ സി ബി ഐ അന്വേഷണ റിപ്പോര്‍ട്ട് തിരുത്തിയെന്ന് ആരോപിക്കപ്പെട്ട നിയമമന്ത്രി അശ്വനി കുമാറും രാജിവെച്ച ഒഴിവുകളാണ് നികത്താനുള്ളത്.

പ്രധാനമന്ത്രി സ്ഥാനത്ത് മൂന്നാമൂഴം ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തോട് വ്യക്തമായി പ്രതികരിക്കാന്‍ മന്‍മോഹന്‍ സിംഗ് തയ്യാറായില്ല. അസമില്‍ നിന്ന് വീണ്ടും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിലാണ് വാര്‍ത്താ ലേഖകര്‍ മൂന്നാമൂഴത്തെക്കുറിച്ച് ചോദിച്ചത്. “അസം ജനതയെ പാര്‍ലിമെന്റില്‍ മൂന്നാമതും പ്രതിനിധാനം ചെയ്യാനായത് ഏറെ സന്തോഷകരമാണ്. 1991 മുതല്‍ പദവിയില്‍ തുടരുന്നുവെന്നത് ചെറിയ കാര്യമല്ല. കഴിവിന്റെ പരമാവധി അസമിലെ ജനങ്ങളെ സേവിച്ചിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്. അത് തുടരും. അതിലപ്പുറം ഒന്നും ഇപ്പോള്‍ പറയാനാകില്ല”. മന്‍മോഹന്‍ സിംഗ് പറഞ്ഞു.
പ്രധാനമന്ത്രിപദത്തില്‍ വീണ്ടും വരുമോയെന്ന ചോദ്യത്തിന് കഴിഞ്ഞ മാസം മന്‍മോഹന്‍ സിംഗ് നല്‍കിയ മറുപടി “ഒന്നും തള്ളിക്കളയാനാകില്ല” എന്നായിരുന്നു. ഇതിന് പിറകേ, രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകുന്നത് ശരിയല്ലെന്നും ഭാവിയില്‍ അത് ആവര്‍ത്തിക്കാതെ നോക്കുമെന്നുമുള്ള പ്രസ്താവനയുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് രംഗത്തെത്തി. എന്നാല്‍ ചരിത്രത്തിലെ ഏറ്റവും സമതുലിതമായ ബന്ധമാണ് കോണ്‍ഗ്രസ് അധ്യക്ഷയും പ്രധാനമന്ത്രിയും തമ്മിലുള്ളതെന്ന് മറ്റു ചില നേതാക്കള്‍ ദിഗ്‌വിജയ് സിംഗിനെ തിരുത്തുകയായിരുന്നു.
അശ്വനി കുമാറിനെ രാജിവെപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സോണിയയും മന്‍മോഹന്‍ സിംഗും തമ്മില്‍ കടുത്ത ഭിന്നതയുണ്ടായിരുന്നുവെന്ന വാര്‍ത്തകളും പാര്‍ട്ടി തള്ളിക്കളഞ്ഞിരുന്നു.

“സോണിയയുമായി ഭിന്നതയില്ല”
പ്രധാനമന്ത്രി സഞ്ചരിച്ച പ്രത്യേക വിമാനത്തില്‍ നിന്ന്: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ വസ്തുതാപരമല്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. തീര്‍ത്തും വാസ്തവവിരുദ്ധമായ വിലയിരുത്തലാണ് അത്. തങ്ങള്‍ ഒത്തൊരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഒരു അഭിപ്രായവ്യത്യാസവുമില്ല- ജപ്പാന്‍, തായ്‌ലാന്‍ഡ് സന്ദര്‍ശനം കഴിഞ്ഞു മടങ്ങവേ പ്രധാനമന്ത്രി പറഞ്ഞു.
എല്ലാ വിഷയങ്ങളിലും തങ്ങള്‍ ഒരുമിച്ചാണ് പ്രവര്‍ത്തിച്ചത്. അഭിപ്രായമാരായേണ്ട വിഷയങ്ങളിലെല്ലാം താന്‍ കോണ്‍ഗ്രസ് അധ്യക്ഷയുടെ അഭിപ്രായം തേടാറുണ്ട്. ചില വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് മാധ്യമങ്ങള്‍ ഭിന്നതയുണ്ടെന്ന് വിലയിരുത്തുന്നത്. സത്യസന്ധമായി പറഞ്ഞാല്‍ അടിസ്ഥാനരഹിതമായ ആരോപണമാണ് അതെന്ന് മന്‍മോഹന്‍ സിംഗ് അവകാശപ്പെട്ടു. മുന്‍ നിയമമന്ത്രി അശ്വനി കുമാറിന്റെ രാജിക്കായി സോണിയാ ഗാന്ധി കടുത്ത നിലപാടെടുത്തോ എന്ന ചോദ്യത്തിന് പ്രധാനമന്ത്രി മറുപടി പറഞ്ഞില്ല. അശ്വനി കുമാറിനെ സംരക്ഷിച്ച് നിര്‍ത്തണമെന്ന് പ്രധാനമന്ത്രി ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍, സോണിയാ ഗാന്ധി ശക്തമായ നിലപാടെടുത്തതോടെ സിംഗ് വഴങ്ങുകയായിരുന്നുവെന്നുമാണ് വിലയിരുത്തപ്പെട്ടത്.

 

---- facebook comment plugin here -----

Latest