വിഴിഞ്ഞം തുറമുഖം: മാസ്റ്റര്‍ പ്ലാനും പദ്ധതി റിപ്പോര്‍ട്ടും സമര്‍പ്പിച്ചു

Posted on: May 31, 2013 9:10 am | Last updated: May 31, 2013 at 9:41 am
SHARE

തിരുവനന്തപുരം: നിര്‍ദിഷ്ട വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പാരിസ്ഥിതിക പഠന റിപ്പോര്‍ട്ടും ഇന്റഗ്രേറ്റഡ് മാസ്റ്റര്‍ പ്ലാനും വിശദ പദ്ധതി റിപ്പോര്‍ട്ടും പ്രസിദ്ധീകരിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ തുറമുഖ മന്ത്രി കെ ബാബു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയാണ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തത്.
കേന്ദ്ര പാരിസ്ഥിതിക മന്ത്രാലയത്തിന്റെ പരിഗണനാ വിഷയമനുസരിച്ച് നടത്തിയ പാരിസ്ഥിതിക പഠനത്തിന്റെ റിപ്പോര്‍ട്ട് പബ്ലിക് ഹിയറിംഗിന് ശേഷം ജൂലൈ 29ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി സമര്‍പ്പിക്കും. അടുത്ത മാസം 29ന് വിഴിഞ്ഞത്ത് പബ്ലിക് ഹിയറിംഗ് നടക്കും. തുടര്‍ന്ന് മൂന്ന് മാസത്തിനകം കേന്ദ്രത്തിന്റെ പാരിസ്ഥിതിക അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തുടര്‍ന്ന് ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
18,000 ടി ഇ യു കപ്പലുകള്‍ അടുപ്പിക്കാനുള്ള സൗകര്യത്തോട് കൂടി 800 മീറ്റര്‍ നീളമുള്ള ബെര്‍ത്താണ് വിഴിഞ്ഞത്ത് ഒരുക്കുന്നത്. 500 മീറ്റര്‍ വീതിയുള്ള കണ്ടെയ്‌നര്‍ യാര്‍ഡും 3,180 മീറ്റര്‍ ദൈര്‍ഘ്യമുള്ള ബ്രേക്ക് വാട്ടര്‍ സ്ഥലത്ത് 500 മീറ്റര്‍ ഫിഷ് ലാന്‍ഡിംഗ് ബെര്‍ത്തും 300 ക്രൂയിസ് ടെര്‍മിനലും 500 മീറ്റര്‍ നേവി ബെര്‍ത്തും 150 മീറ്റര്‍ കോസ്റ്റ് ഗാര്‍ഡ് ബെര്‍ത്തും ഉള്‍ക്കൊള്ളുന്നതാണ് തുറമുഖത്തിന്റെ ഒന്നാം ഘട്ടം.
പദ്ധതിയുടെ ഭാഗമായി പദ്ധതി തുകയില്‍ സംസ്ഥാന വിഹിതത്തിന്റെ അഞ്ച് ശതമാനമായ 140 കോടി രൂപ ചെലവില്‍ പ്രദേശിക വികസനത്തിനായി വിവിധ പദ്ധതികള്‍ നടപ്പാക്കും. അഞ്ച് കോടി രൂപ ചെലവില്‍ മത്സ്യബന്ധന തുറമുഖ നവീകരണം പൂര്‍ത്തിയാക്കും. സീ ഫുഡ് പാര്‍ക്കിനായി അഞ്ച് കോടിയും മത്സ്യബന്ധന അനുബന്ധന പരിശീലനത്തിന് 15 കോടിയും പദ്ധതി പ്രദേശത്ത് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ശുചിത്വ പരിശീലനത്തിന് 15 കോടിയും ചെലവഴിക്കും.
പ്രദേശത്തെ ആരോഗ്യ പരിപാലനത്തിന് ഒരു കോടിയുടെയും പാരമ്പര്യേതര ഊര്‍ജ പദ്ധതിക്ക് 10 കോടിയുടെയും ചേരി നിര്‍മാര്‍ജനത്തിന് 24.5 കോടിയുടെയും പദ്ധതികള്‍ നടപ്പാക്കും. ഫിഷിംഗ് ലാന്‍ഡിന് 16 കോടിയുടെയും മല്ലൂര്‍ സ്‌കൂള്‍ പുനരുദ്ധാരണത്തിനും വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിനായി 1.5 കോടി ഉള്‍പ്പെടെ 100 കോടിയുടെ പദ്ധതിയും പരിസ്ഥിതി സംരക്ഷണത്തിന് 40 കോടി രൂപയുടെയും പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ അഞ്ച് കോടി രൂപ ചെലവില്‍ പ്രദേശത്ത് അരലക്ഷം പേര്‍ക്കുള്ള കുടിവെള്ള പദ്ധതി നടപ്പാക്കിയിട്ടുണ്ട്.
ഇതോടൊപ്പം തുറമുഖത്ത് നിന്ന് ദേശീയ പാതയിലേക്ക് രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ റോഡും ബാലരാമപുരം – മടവൂര്‍പാറ – നേമം വഴി റെയില്‍വേ ലൈനും സ്ഥാപിക്കും. ഇതിനായി അലൈന്‍മെന്റ് തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ പാരിസ്ഥിതിക അനുമതിക്കൊപ്പം കബോട്ടാഷ് നിയമത്തിലെ ഇളവും ലഭിച്ച ശേഷം മാത്രമേ ഓപറേറ്റര്‍മാരെ ക്ഷണിക്കൂ. പ്രദേശത്ത് നിയമം ലംഘിച്ചതായി ചൂണ്ടിക്കാട്ടിയ റിസോര്‍ട്ടുകള്‍ക്കെതിരെ നടപടിയുണ്ടാകും. ഇന്ത്യന്‍ നേവിയുമായും കോസ്റ്റ്ഗാര്‍ഡുമായും ഉടന്‍ തന്നെ ധാരണപത്രത്തില്‍ ഒപ്പുവെക്കും. ഇതിന് പുറമെ പദ്ധതിയോടനുബന്ധിച്ച് 15 കിലോമീറ്റര്‍ പ്രദേശത്ത് പ്രാദേശിക വികസന രേഖയും തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കുന്നുണ്ട്.
ചടങ്ങില്‍ തുറമുഖ വകുപ്പ് സെക്രട്ടറി ജെയിംസ് വര്‍ഗീസ്, തുറമുഖം കമ്പനി എം ഡി സുരേഷ് ബാബു പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here