Connect with us

Editors Pick

കേരളത്തിന്റെ ആദ്യ ജലവിമാനത്തിന് വാട്ടര്‍ സല്യൂട്ട്‌

Published

|

Last Updated

കൊച്ചി: സംസ്ഥാന ടൂറിസം മേഖലക്ക് പുത്തനുണര്‍വേകി കേരളത്തിന്റെ ആദ്യ ജലവിമാനം കൊച്ചിയിലെത്തി. ജലവിമാനത്തെ കൊച്ചി വിമാനത്താവളത്തില്‍ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു. ഇന്നലെ ഉച്ചക്ക് 12.15ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ വിമാനത്തെ ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍, സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ എം ചന്ദ്രശേഖര്‍, ടൂറിസം സെക്രട്ടറി സുമന്‍ ബില്ല എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

കൈരളി ഏവിയേഷന്‍സിന്റെ ഉടമസ്ഥതയിലുള്ളതാണ് ജലവിമാനം. അഞ്ച് മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാന്‍ കഴിയും. പൈലറ്റ് ഉള്‍പ്പെടെ ആറ് പേര്‍ക്കിരിക്കാവുതാണ് വിമാനം. ജലവിമാനത്തിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എയര്‍ ക്രാഫ്റ്റ്‌സ് മെയിന്റനന്‍സ് റിപ്പയര്‍ ആന്‍ഡ് ഓവര്‍ഹോള്‍ (എം ആര്‍ ഒ) ഹാംഗറില്‍ സിയാലിന്റെ രണ്ട് ഫയര്‍ എന്‍ജിനുകള്‍ ചേര്‍ന്നാണ് വാട്ടര്‍ സല്യൂട്ട് നല്‍കിയത്. സിയാലിന്റെ പൈലറ്റ് ജീപ്പ് റണ്‍വേയില്‍ ജലവിമാനത്തിന് അകമ്പടി സേവിച്ചു.
3,500 മണിക്കൂറിലധികം വിമാനം പറത്തി പരിചയ സമ്പന്നനായ ബെല്‍ജിയം പൈലറ്റ് ക്യാപ്റ്റന്‍ മൈക്കേല്‍ ഫാബ്രിയാണ് ജലവിമാനം പറത്തുന്നത്. ജലവിമാന സര്‍വീസ് ജൂണ്‍ രണ്ടിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൊല്ലത്ത് ഉദ്ഘാടനം ചെയ്യുമെന്ന് ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു. ഒരു വര്‍ഷം കൊണ്ട് ജലവിമാന പദ്ധതിക്ക് അംഗീകാരം ലഭ്യമാക്കിയ കേന്ദ്രത്തിലെ വിവിധ മന്ത്രാലയങ്ങള്‍ക്ക് മന്ത്രി നന്ദി രേഖപ്പെടുത്തി. ജലവിമാന സര്‍വീസ് കായല്‍ മത്സ്യ സമ്പത്തിനേയോ മത്സ്യബന്ധനത്തേയോ യാതൊരു തരത്തിലും ബാധിക്കില്ലെന്നും സര്‍വീസ് തുടങ്ങിക്കഴിയുന്നതോടെ ആശങ്കകള്‍ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ആഭ്യന്തര വ്യോമയാന മേഖലയില്‍ പുതിയ അധ്യായം തുറക്കുകയാണ് ജലവിമാനത്തിലൂടെയെന്നും മറ്റു തീരദേശ സംസ്ഥാനങ്ങള്‍ക്ക് ഇത് മാതൃകയാകുമെന്നും പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ എം ചന്ദ്രശേഖര്‍ പറഞ്ഞു. ജലവിമാനം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മംഗലാപുരം വിമാനത്താവളങ്ങള്‍ ബേസ് സ്‌റ്റേഷനുകളാക്കി അഷ്ടമുടി, പുമട, കുമരകം, ബേക്കല്‍ എന്നിവിടങ്ങളിലെ കായലുകളെ ബന്ധിപ്പിച്ചാണ് സര്‍വീസ് നടത്തുകയെന്ന് ടൂറിസം സെക്രട്ടറി സുമന്‍ ബില്ല പറഞ്ഞു.
സബ്‌സിഡിയില്ലാതെ ഓപണ്‍ സ്‌കൈ പോളിസി പ്രകാരം സര്‍വീസ് നടത്തുന്ന ജലവിമാനം 6,500 അടി ഉയരത്തിലായിരിക്കും പറക്കുക. കേരളത്തിന്റെ മനോഹരമായ ഭൂപ്രകൃതി ആകാശത്ത് നിന്ന് ആസ്വദിക്കാനുള്ള അവസരം കൂടിയാണ് യാത്രയിലൂടെ സഞ്ചാരികള്‍ക്ക് കൈവരിക. നാല് കമ്പനികളെക്കൂടി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും അവ കൂടി സര്‍വീസ് ആരംഭിക്കുന്നതോടെ ഈ രംഗത്തുണ്ടാകുന്ന മത്സരം യാത്ര ലാഭകരമാക്കുമെന്നും സുമന്‍ ബില്ല ചൂണ്ടിക്കാട്ടി. കേരള ടൂറിസം ഇന്‍ഫ്രാ സ്ട്രക്ചര്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ അനില്‍കുമാര്‍, എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ ചന്ദ്രശേഖരന്‍ നായര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (എന്‍ജിനീയറിംഗ് സര്‍വീസസ്) എ എം ഷബീര്‍, സെക്യൂരിറ്റി അഡ്‌വൈസര്‍ പി ഗൗരീശങ്കര്‍, സി ഐ എ എസ് എല്‍ എം ഡി (എം ആര്‍ ഒ ഓപ്പറേറ്റര്‍) ആര്‍ വെങ്കിടേശ്വരന്‍, ഓപറേഷന്‍സ് എ ജി എം സി ദിനേശ്കുമാര്‍, എ എ ഐ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ആര്‍ എസ് ഡിക്രൂസ്, സി ഐ എസ് എഫ് സീനിയര്‍ കമന്‍ഡാന്റ് ശിശിര്‍ കുമാര്‍ ഗുപ്ത, കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍ കുമാര്‍, ഇമിഗ്രേഷന്‍ പി ആര്‍ ഒ എസ് കെ നായര്‍ ചടങ്ങില്‍ പങ്കെടുത്തു.