ആറര ലക്ഷം രൂപയുടെ കള്ളനോട്ടുമായി തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

Posted on: May 31, 2013 9:11 am | Last updated: May 31, 2013 at 9:28 am
SHARE

കൊല്ലം: ആറര ലക്ഷം രൂപയുടെ കള്ളനോട്ടുമായി രണ്ട് തമിഴ്‌നാട് സ്വദേശികളെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. തെക്കേ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കള്ളനോട്ട് വിതരണം ചെയ്യുന്ന സംഘത്തില്‍പ്പെട്ട പ്രധാനികളായ തമിഴ്‌നാട് നാഗര്‍കോവില്‍ വെള്ളളാര്‍ സ്ട്രീറ്റില്‍ വടശ്ശേരി സ്വദേശി തങ്കരാജ് (61), ധര്‍മപുരി സേറ്റിക്കര ഗാന്ധിപാളയം സ്വദേശി മണി (60) എന്നിവരാണ് പിടിയിലായത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ദേബേഷ് കുമാര്‍ ബെഹ്‌റക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നും ഈസ്റ്റ് സബ് ഇന്‍സ്‌പെക്ടര്‍ ജി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
2000രൂപ നല്‍കിയാല്‍ 50,000 രൂപയുടെ കള്ളനോട്ട് എന്ന നിരക്കിലാണ് ഇവര്‍ വിതരണം ചെയ്തിരുന്നത്.തിരുവനന്തപുരം ക്രൈം ബ്രാഞ്ച് അന്വേഷിച്ച നാല് കേസുകളില്‍ നിലവില്‍ നാല് വാറണ്ടുകള്‍ ഉള്ള തങ്കരാജ് കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിരവധി പേര്‍ക്ക് കള്ളനോട്ടുകള്‍ വിതരണം ചെയ്യുന്നതായി പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ആന്ധ്രാപ്രദേശില്‍ നിന്നാണ് ഈ കള്ളനോട്ടുകള്‍ തമിഴ്‌നാട്ടില്‍ എത്തുന്നതെന്നാണ് പ്രാഥമിക വിവരം. ഇതിന്റെ പിന്നില്‍ നക്‌സലൈറ്റ് ബന്ധം ഉണ്ടോ എന്നതിനെക്കുറിച്ച് അന്വേഷിച്ചു വരികയാണ്.